കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ പങ്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമിക്കപ്പെട്ട നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയതായി പോലീസ്. താരനിശയ്ക്കായി പരിശീലനം നടക്കുമ്പോഴായിരുന്നു ഇത്. നടന് സിദ്ദിഖ് ഇതിന് സാക്ഷിയാണെന്നും കുറ്റപത്രത്തില്‍ പോലീസ് പറയുന്നു.
ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും നടിയുമായ കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് മറ്റ് താരങ്ങളോട് പറഞ്ഞതാണ് ദിലീപിനെ ചൊടിപ്പിച്ചത്. ഇതേക്കുറിച്ച് ഇനി ആരോടെങ്കിലും സംസാരിച്ചാല്‍ അനുഭവിക്കുമെന്നായിരുന്നു ദിലീപിന്റെ ഭീഷണി.
കേസില്‍ ദിലീപിന്റെ പങ്ക് ആദ്യം വെളിപ്പെടുത്തിയത് നടിയുടെ സഹോദരനാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് പുറത്ത് വന്നതോടെ ദിലീപിന്റെ പങ്കിനെ കുറിച്ച് വ്യക്തമായതായും നടിയുടെ സഹോദരന് മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു.
നേരത്തെ നടന് ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരാണ് പ്രധാന സാക്ഷി. ആകെ 14 പ്രതികള്‍, രണ്ടുപേര്‍ മാപ്പുസാക്ഷികള്‍. നടിയോടുള്ള ദിലീപിന്റെ വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: