മേയര്‍ രാജിവയ്ക്കണം: ഒ.രാജഗോപാല്‍

Sunday 26 November 2017 2:01 am IST

തിരുവനന്തപുരം: പട്ടികജാതി വനിതാകൗണ്‍സിലര്‍ ലക്ഷ്മിയെ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ട് പോലീസ് കേസെടുത്തതിനാല്‍ വി.കെ. പ്രശാന്ത് മേയര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. പട്ടികജാതി പീഡനക്കേസില്‍ പ്രതിയായ മേയറെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പട്ടികജാതിമോര്‍ച്ച ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ ദളിത് സ്‌നേഹം കാപട്യമാണ്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റിട്ട് 185 പട്ടികജാതിക്കാരായ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായി. കേസെടുത്തെങ്കിലും ഒന്നില്‍പോലും കുറ്റക്കാരെ ശിക്ഷിച്ചിട്ടില്ല. ദളിത്‌വിരുദ്ധ സമീപനമാണ് ഇടതുപക്ഷത്തിനെന്ന് ഇതിലൂടെ തെളിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൗണ്‍സിലര്‍ ലക്ഷ്മിയെ നിരന്തരം മേയര്‍ ജാതീയമായി അധിക്ഷേപിക്കുകയും അവഗണിക്കുകയും ചെയ്തിരുന്നു. സിപിഎം ഭരണത്തില്‍ ദളിത് പീഡനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചു.
ജനപ്രതിനിധികളുടെ സുരക്ഷിതത്വംപോലും നഷ്ടപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് ഒരു മേയര്‍ ദളിത് പീഡനക്കേസില്‍ പ്രതിയാകുന്നത്. അദ്ദേഹത്തെ അറസ്റ്റുചെയ്ത് നിയമനടപടി സ്വീകരിക്കുന്നതിനുപകരം മേയറെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പോലീസും സ്വീകരിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു.
ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് തഴവ സഹദേവന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പി. സുധീര്‍, ജനറല്‍സെക്രട്ടറി സി.എ. പുരുഷോത്തമന്‍, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ പി.പി. വാവ, സംസ്ഥാന സെക്രട്ടറിമാരായ സി. ശിവന്‍കുട്ടി, ജെ.ആര്‍. പത്മകുമാര്‍, ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷ്, പട്ടികജാതിമോര്‍ച്ച സംസ്ഥാനസെക്രട്ടറി അഡ്വ സ്വപ്‌നജിത്, ജില്ലാ പ്രസിഡന്റ് മുട്ടത്തറ പ്രശാന്ത്, അഡ്വ സന്ദീപ്കുമാര്‍, പാറയില്‍ മോഹനന്‍, സന്തോഷ് വിളപ്പില്‍, വിമല്‍രാജ്, പുഞ്ചക്കരി രതീഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.