ഭരണകൂട ഒത്താശ; നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ക്വാറികള്‍ ശ്രീജിത്ത്

Sunday 26 November 2017 2:06 am IST

വെള്ളറട: ഭരണകൂടത്തിന്റെ ഒത്താശയോടെ നിയമങ്ങള്‍ കാറ്റില്‍ പറത്തി ക്വാറികളുടെ പ്രവര്‍ത്തനം. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് പാറമട ഉണ്ടെങ്കിലും 2011 ലാണ് ശാസ്താപാറയില്‍ ക്വാറികള്‍ ആരംഭിക്കുന്നത്. പരിസരവാസികള്‍ ക്വാറിയുടെ ശബ്ദവും പൊടിപടലങ്ങളും കൊണ്ടു പൊറുതിമുട്ടി ജീവിക്കാന്‍ കേഴുന്നു. പണക്കൊതിയില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കോടതിയെ പോലും വില കല്‍പ്പിക്കാതെ ക്വാറി ഉടമകള്‍.
ശാസ്താംപാറയ്ക്ക് മുകളില്‍ ഒരു വശത്ത് ആള്‍താമസം ഇല്ലെങ്കിലും മറുവശത്ത് 200 ഓളം കുടുബങ്ങളുണ്ട്. പാറയ്ക്ക് കാവലായി ശാസ്താംപാറ ശ്രീശാസ്താ ക്ഷേത്രവും. പരിസരത്ത് ഏതുനിമിഷവും ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ക്ഷേത്രത്തിനും സമീപത്തുള്ള 200 ഓളം കുടുബങ്ങള്‍ക്കും വേണ്ടി ശാസ്താംപാറ സംരക്ഷണസമിതി രൂപീകരിച്ചു. ഹിന്ദു ഐക്യവേദിയും ശാസ്താംപാറ സംരക്ഷണസമിതിയും പാറ ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തി. 2012 ല്‍ പഞ്ചായത്ത് ക്വാറികള്‍ക്ക് ഉള്ള ലൈസന്‍സ് റദ്ദുചെയ്തു. തിരുവനന്തപുരം കോടതിയില്‍ ഇവിടുത്തെ ശാസ്താ, ആവണി, അശ്വതി ശരത്ചന്ദ്ര തുടങ്ങിയ അഞ്ച് ക്വാറികള്‍ കേസുകൊടുത്തു. തുടര്‍ന്നു ഹിന്ദു ഐക്യവേദിയും ശാസ്താംപാറ സംരക്ഷണസമിതിയും ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. ഒടുവില്‍ ഹിന്ദു ഐക്യവേദിക്കും ശാസ്താംപാറ സംരക്ഷണസമിതിക്കും അനുകൂലമായി വിധി വന്നു. ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ പോയപ്പോള്‍ ഹിന്ദു ഐക്യവേദിയും സംരക്ഷണസമിതിയും തുടര്‍നടപടി സ്വീകരിച്ചു. ഒടുവില്‍ താത്കാലികമായി ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് കോടതിവിധി വന്നു. എന്നാല്‍ 2014 ലെ കളക്ടര്‍ കെ.എന്‍. സതീഷ് കോടതിഉത്തരവ് നടപ്പാക്കിയില്ല. പകരം ഏകജാലകം വഴി ക്വാറികള്‍ക്ക് പഞ്ചായത്തിന്റെ അനുമതിനല്‍കി. അങ്ങനെ ക്വാറികള്‍ പേരിനെങ്കിലും നിയമവിധേയമായി. ഇതിനെതിരെ സംരക്ഷണസമിതിയും ഹിന്ദുഐക്യവേദിയും വീണ്ടും കോടതിയെ സമീപിച്ചു. കോടതി 30 ദിവസത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. അധികൃതര്‍ രേഖകള്‍ നല്‍കിയില്ല. ക്വാറിഉടമകള്‍ നാട്ടിലുള്ള സമിതികളെയും രാഷ്ട്രീയനേതാക്കളെയും വരുതിയിലാക്കി. ശാസ്താംപാറ സംരക്ഷണസമിതിയിലെ പലര്‍ക്കുമെതിരെ കള്ളക്കേസുകള്‍ നല്‍കി. സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നാട്ടിലാണ് ഈ ക്വാറികള്‍ എന്നതാണ് ക്വാറി ഉടമകളുടെ ധൈര്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.