ദൈവദശക സ്മാരക മന്ദിരസമര്‍പ്പണം

Sunday 26 November 2017 2:07 am IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ദൈവദശകത്തിന്റെ ശതാബ്ദിആഘോഷ പരിപാടികളുടെ ഭാഗമായി നിര്‍മിക്കപ്പെട്ട സ്മാരകമന്ദിരം 26 ന് ഗുരുധര്‍മ പ്രചാരണസഭാപ്രവര്‍ത്തകര്‍ ശിവഗിരിമഠത്തിലെ സന്ന്യാസി ശ്രേഷഠന്മാര്‍ക്ക് സമര്‍പ്പിക്കും. ഗുരുധര്‍മ പ്രചാരണസഭയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങളില്‍നിന്ന് ഗുരുപാദ കാണിക്കയായി കിട്ടിയ രണ്ടരക്കോടിരൂപാ മുതല്‍മുടക്കില്‍ മഹാസമാധി മന്ദിരത്തിന്റെ താഴ്‌വരയില്‍ ആധുനികനിര്‍മാണശൈലിയും പൈതൃകവും കൈകോര്‍ത്താണ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. ദൈവദശകത്തിന്റെ പതിനൊന്ന് ഭാഷകളിലുള്ള പ്രദര്‍ശനം മന്ദിരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശതാബ്ദി സ്മാരകത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി നിര്‍മിക്കാന്‍ ഡോ എ. സമ്പത്ത് എംപിയുടെ ഫണ്ടില്‍ നിന്ന് 40 ലക്ഷംരൂപ നല്‍കും. ദൈവദശകം രചനാശതാബ്ദി ആഘോഷത്തിന്റെ പ്രസക്തിയും മഹത്വവും ഭാവിതലമുറകളില്‍ രേഖപ്പെടുത്താവുന്ന മന്ദിരം 26ന് രാവിലെ 7 മുതല്‍ ഗുരുധര്‍മ പ്രചാരണസഭ പ്രവര്‍ത്തകര്‍ ശിവഗിരിമഠത്തിലെ സന്ന്യാസിശ്രേഷ്ഠന്മാര്‍ക്ക് അര്‍പ്പിക്കുന്ന യതിപൂജയോടുകൂടി ആരംഭം കുറിക്കും.
രാവിലെ 10 ന് ആരംഭിക്കുന്ന സമര്‍പ്പണസമ്മേളനവും മന്ദിര സമര്‍പ്പണവും ആര്യസമാജം വേള്‍ഡ് കൗണ്‍സില്‍ പ്രസിഡന്റ് സ്വാമി അഗ്നിവേശ് നിര്‍വഹിക്കും. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും. സ്വാമി പ്രകാശാനന്ദ സാന്നിദ്ധ്യമേകും. സമ്മേളനത്തില്‍ ദൈവദശകത്തിന് ആനുഭൂതികമായ വ്യാഖ്യാനംരചിച്ച അവ്യയാനന്ദ സ്വാമിയെ ആദരിക്കും. ജനറല്‍സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ഗുരുധര്‍മപ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് മന്ദിരനിര്‍മാണ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. സ്വാമി ശാരദാനന്ദ(ട്രഷറര്‍), സ്വാമി ഋതംഭരാനന്ദ(മുന്‍ ജനറല്‍ സെക്രട്ടറി), സ്വാമി പരാനന്ദ(മുന്‍ ട്രഷറര്‍), സ്വാമി അമൃതാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ, എംപിമാരായ ഡോ എ. സമ്പത്ത്, കെ.സി. വേണുഗോപാല്‍, മുന്‍മന്ത്രി കെ. ബാബു, അഡ്വ വി.ജോയി, വര്‍ക്കല കഹാര്‍, ബിന്ദുഹരിദാസ്, കുറിച്ചി സദന്‍, കെ.കെ. കൃഷ്ണാനന്ദബാബു, വി.എന്‍. കുഞ്ഞമ്മ, ഡോ സുശീല, ധന്യാബാബു, ടി.വി. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. ദൈവദശക സ്മാരകമന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത് എഞ്ചിനീയര്‍ ഡി. അജിത്കുമാറും നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് ശില്പി ജെ. നെല്‍സണ്‍ മാരായമുട്ടവുമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.