കൗതുകവും ജിജ്ഞാസയുമുണര്‍ത്തി ശാസ്ത്രമേള

Saturday 25 November 2017 2:55 pm IST


കൊല്ലം: കാണുന്നവര്‍ ഒന്ന് അന്തിച്ചുനില്‍കും. ഈ കുട്ടികളാണോ ഈ സൂത്രങ്ങളൊക്കെ കണ്ടെത്തിയതെന്ന് ഒരുനിമിഷം ചിന്തിക്കും. അത്രയും അവിശ്വസിനീയമായ കണ്ടുപിടുത്തങ്ങളുമായാണ് കുട്ടിശാസ്ത്രജ്ഞര്‍ സ്റ്റുഡന്റ്‌സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരളയിലെത്തിയത്.
കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍, ജന്മഭൂമിയും സയന്‍സ് ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ശാസ്ത്രമേളയിലാണ് 87 പ്രൊജക്ടുകളുമായി വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ജൂനിയര്‍ വിഭാഗത്തില്‍ 50, ഇന്റര്‍മീഡിയേറ്റ് വിഭാഗത്തില്‍ 35, സീനിയര്‍ വിഭാഗത്തില്‍ രണ്ട് എന്നിങ്ങനെയാണ് ടീമുകള്‍.
കൃഷിയിടത്തില്‍ വെള്ളം എത്തിക്കാനുള്ള ശാസ്ത്രീയ മാര്‍ഗം മുതല്‍ വോട്ടവകാശം വീട്ടിലിരുന്ന് ചെയ്യാനുള്ള ടെക്‌നോളജി വരെ കുരുന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്കില്‍ നിന്ന് പെട്രോളും മണ്ണെണ്ണയും വൈദ്യുതിയും വേര്‍തിരിക്കുന്ന എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷന്‍ എനര്‍ജി പ്രോജക്ടുമായാണ് കുറുങ്കുട്ടി ഭാരതീയ വിദ്യാപീഠത്തിലെ ജൂനിയര്‍ ടീം എത്തിയത്. ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താമെന്നാണ് ഈ സ്‌കൂളിലെതന്നെ രാവണ്‍ എസ്.ജെയുടെ കണ്ടുപിടുത്തം. ഇന്റര്‍ഗ്രേറ്റഡ് ഫാമിംഗും ഈ സ്‌കൂള്‍ ടീം അവതരിപ്പിച്ചിട്ടുണ്ട്. പാറശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലെ ജൂനിയര്‍ടീം അവതരിപ്പിച്ചത് ഗ്ലോവ് മൗസാണ്. കയ്യുറപോലെ ധരിക്കാവുന്ന മൗസ് 10 മീറ്റര്‍ ദൂരത്ത് നിന്ന് ഉപയോഗിക്കാം. ഉപയോഗശൂന്യമായ ചെമ്പു കമ്പിയും സിഡിയും ഉപയോഗിച്ച് സ്പീക്കറും ഈ സ്‌കൂളിലെ മിടുക്കര്‍ തയ്യാറാക്കിയിട്ടുണ്ട്.
കമ്പ്യൂട്ടറില്‍ ഒരു ചിത്രം നല്‍കിയാല്‍ അതുപോലെ വരച്ചെടുക്കാന്‍ കഴിയുന്ന സിഎന്‍സി മെഷീന്റെ മാതൃകയാണ് ഊരൂട്ടമ്പലം സരസ്വതിവിദ്യാലയത്തിലെ പത്താം ക്ലാസുകാരുടെ കണ്ടുപിടിത്തം. മൊബൈല്‍ഫോണിലെ ദൃശ്യങ്ങള്‍ പ്രിസം ഉപയോഗിച്ച് ത്രിമാനചിത്രങ്ങളാക്കി മാറ്റുന്ന ഹോളോഗ്രാംവിദ്യായാണ് മറ്റൊരു ആകര്‍ഷണം. കൊല്ലം കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരവുമായാണ് പേരൂര്‍ മീനാക്ഷിവിലാസം ഗവ.വിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ എത്തിയത്.
പ്ലാസ്റ്റിക് കുപ്പികൊണ്ടുള്ള കുഞ്ഞന്‍ വാക്വം ക്ലീനറും ശീതീകരണ ഉപകരണവും ഇന്റര്‍ഗ്രേറ്റിഗ് ഫാമിംഗുമായാണ് ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ടീമുകള്‍ മത്സരിക്കുന്നത്. തലവൂര്‍ ഡിവിവിഎച്ച്എസ്എസിലെ പ്രകൃതിസൗഹാര്‍ദ്ദബോട്ടാണ് മേളയുടെ മറ്റൊരു ആകര്‍ഷണം.
കോട്ടപ്പുറം എച്ച്എസിലെ ആശിഷ്ചന്ദ്രന്‍ രൂപപ്പെടുത്തിയ സിറിഞ്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന ജെസിബി കാണികളില്‍ അത്ഭുതം വിടര്‍ത്തും. കെഎസ്ആര്‍ടിസിക്ക് ഉള്‍പ്പെടെ പെട്രോള്‍ ലാഭിക്കാനുള്ള ഇന്ററപ്റ്റഡ് ആക്‌സിലറേറ്റഡ് സംവിധാനവുമായാണ് തഴവ ജിജിഎച്ച്എസ്എസിലെ ആഷിക് എത്തിയത്.
മുട്ട വിരിയിക്കാനുള്ള പൗള്‍ട്രി ഇന്‍ക്യുബറേറ്ററുമായാണ് വാളത്തുങ്കല്‍ ജിജിവി എച്ച്എസ്എസിലെ മാളവികയും ആതിരയും മത്സരിക്കുന്നത്. ചെലവുകുറഞ്ഞ രീതിയിലാണിത് സാധ്യമാക്കിയിരിക്കുന്നത്. മലിനജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാനുള്ള മാര്‍ഗവുമായാണ് മാമൂട്ടില്‍കടവ് പുതിയകാവ് സെന്‍ട്രല്‍ സ്‌കൂള്‍ എത്തിയത്.
കരുനാഗപ്പള്ളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂളിലെ സംഘങ്ങള്‍ തയ്യാറാക്കിയ ട്രെയിനില്‍ നിന്ന് വൈദ്യുതി ഉത്പാദനവും മലിനജല പരിപാലനവും മാലിന്യനിര്‍മ്മാര്‍ജ്ജനവും എല്ലാം മേളയെ വേറിട്ടതാക്കുന്നു. ഇങ്ങനെ പോകുന്നു കുട്ടിശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങള്‍.
ഇങ്ങനെ നാളെയുടെ ആവശ്യങ്ങള്‍ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തിയ മിടുക്കന്മാരും മിടുക്കികളുടെയും സമ്മേളനമായി മേള മാറി. ഇന്ന് വൈകുന്നേരം മേള സമാപിക്കുമ്പോള്‍ ഒരുകൂട്ടം ഭാവിശാസ്ത്രജ്ഞരെയാകും സംഭാവന ചെയ്യപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.