നന്ദിയുടെ ശിൽപി

Sunday 26 November 2017 2:45 am IST

ഓണാട്ടുകരയിലെ ഉത്സവങ്ങള്‍ക്ക് മാറ്റു കൂട്ടുന്നത് കെട്ടുത്സവങ്ങളാണ്. ചെട്ടികുളങ്ങരയിലെ തേരും കുതിരയും, ഓച്ചിറയിലും നൂറനാട് പടനിലത്തെ നന്ദികേശ കെട്ടുത്സവങ്ങളും ഓണാട്ടുകരയുടെ പൈതൃകമാണ്. കെട്ടുത്സവങ്ങളുടെ ഗ്രാമം എന്നറിയപ്പെടുന്ന നൂറനാട്ട് നിന്നുമുള്ള ശില്‍പ്പികളാണ് കേരളത്തില്‍ കെട്ടുത്സവങ്ങള്‍ ഒരുക്കുന്നതിനു മുഖ്യപങ്ക് വഹിക്കുന്നത്. നൂറനാട്ടു നിന്നും നന്ദികേശ ശില്‍പങ്ങള്‍ തൊട്ടും കണ്ടും മാത്രം മനസ്സില്‍ പതിപ്പിച്ച മഹേഷ് ഇന്ന് അറിയപ്പെടുന്ന നന്ദികേശ ശില്‍പിയാണ്.

നൂറനാട് മുതുകാട്ടുകര മഹേഷ് ഭവനത്തില്‍ മോഹനന്റെയും ഉഷയുടെയും മകനാണ്. അഞ്ചാം വയസ്സില്‍ മരച്ചീനി കമ്പില്‍ നന്ദികേശ ശില്‍പ്പം ഉണ്ടാക്കുവാന്‍ ശ്രമിച്ചതു ഫലം കണ്ടതോടെ പിന്നെ ഊണിലും ഉറക്കത്തിലും മഹേഷിന്റെ മനസ്സില്‍ നന്ദികേശ രൂപങ്ങള്‍ തെളിഞ്ഞു. കുടുംബത്തില്‍ ആരും തന്നെ കലാരംഗത്തോ ശില്‍പ നിര്‍മ്മാണ രംഗത്തോ ഇല്ല. ഈ കല സ്വായത്തമാക്കാന്‍ ആരുടേയും ശിഷ്യത്വവും മഹേഷ് സ്വീകരിച്ചിട്ടില്ല. തന്റെ കഴിവ് ഈശ്വരാനുഗ്രമാണെന്ന് മഹേഷ് വിശ്വസിക്കുന്നു. ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളാണ് ഇദ്ദേഹത്തിന്റെ കൈവിരല്‍ തുമ്പില്‍ നിന്നും വിരിയുന്നത്.

ഒരു ജോഡി നന്ദികേശ രൂപം നിര്‍മ്മിച്ചെടുക്കുവാന്‍ മുപ്പത് ദിവസം വേണ്ടിവരും. ഇതിന് വേണ്ടി വരുന്ന പാലത്തടി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് മുപ്പതിനായിരത്തോളം രൂപയാണ് ചെലവ്. മഹേഷ് ഇതിനകം മൂന്നു ജോഡി നന്ദികേശ ശില്‍പ്പങ്ങള്‍ പടനിലം ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു. പ്ലസ് ടു കഴിഞ്ഞ് ഡ്രാഫ്റ്റ് മാനായി പഠനം നടത്തി ഒപ്പം സോഫ്റ്റ്‌വേര്‍ രംഗത്തും മഹേഷ് പഠനം പൂര്‍ത്തിയാക്കി. ഏക സഹോദരി: മഹിമ മോഹന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.