വിജയം ഉറപ്പ്, എങ്കിലും കാത്തിരിക്കാം

Sunday 26 November 2017 2:45 am IST

ഗുജറാത്ത് തെരഞ്ഞെടുപ്പ് ചൂടിലമര്‍ന്നിരിക്കുന്നു. രാഷ്ട്രീയ കക്ഷികളുടെ ആരോപണപ്രത്യാരോപണങ്ങള്‍കൊണ്ട് ശബ്ദായമാനമാണ് അന്തരീക്ഷം. സജീവമായ ജനാധിപത്യത്തില്‍ അത് തികച്ചും സ്വാഭാവികം മാത്രമാണുതാനും.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഇത്തവണത്തെ ഒരു പ്രത്യേകത സ്ഥിരമായി ഉയരുന്ന ചില ആവശ്യങ്ങള്‍, മുദ്രാവാക്യങ്ങള്‍ അവിടെ ദൃശ്യമല്ല എന്നതാണ്. ഇന്ത്യയിലെ ഏത് സംസ്ഥാന തെരഞ്ഞെടുപ്പിലെയും സ്ഥിരം പല്ലവിയായ ബിജലി, സഡക്, പാനി ഇത്തവണ ഗുജറാത്തില്‍ കേള്‍ക്കുന്നേ ഇല്ല! പൊതുചര്‍ച്ചകളിലും അവ ഇടംപിടിക്കുന്നില്ല. എന്തുകൊണ്ടാണങ്ങനെ സംഭവിച്ചത്?

ഈ ചോദ്യത്തിന്റെ സത്യസന്ധമായ ഉത്തരം അവിടെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് വ്യക്തമായ സൂചന നമുക്ക് നല്‍കുമെന്നുറപ്പാണ്. വൈദ്യുതി, റോഡ്, വെള്ളം എന്നീ ആവശ്യങ്ങള്‍ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ കക്ഷികളോ ഉയര്‍ത്താത്തതിനു കാരണം ഗുജറാത്തിനെ ഈ മൂന്നു പ്രശ്‌നങ്ങളും അലട്ടുന്നില്ല എന്നതാണ്. അവിടെ വൈദ്യുതിയുടേയും റോഡുകളുടേയും വെള്ളത്തിന്റെയും ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ട് ഏറെക്കാലമായി.

രണ്ടു ദശാബ്ദങ്ങളായി ഗുജറാത്ത് ഭരിക്കുന്നത് ഭാരതീയ ജനതാ പാര്‍ട്ടിയാണ്. അതിനിയും തുടരുകതന്നെ ചെയ്യും. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും ബിജലി, സഡക്, പാനീ എന്നിവ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളുടെ അഭാവവും പാര്‍ട്ടിയെ വീണ്ടും വിജയരഥമേറ്റുമെന്നുറപ്പാണ്.
പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് പ്രതീക്ഷ അര്‍പ്പിക്കുന്നതും ആശ്രയിക്കുന്നതും മൂന്നു പുതുമുഖങ്ങളെയാണ്. ഗുജറാത്തിന്റെ പൊതുമണ്ഡലത്തില്‍ കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷത്തിനിടെ ഉയര്‍ന്നുവന്നതാണ് അവര്‍. ആ മൂന്നു യുവാക്കളും ജാതി അടിസ്ഥാനത്തിലുള്ള വിഭജനം വിപുലീകരിച്ചുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങള്‍ പൂവണിയിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്.

ഗുജറാത്തിന്റെ മഹാന്മാരായ പുത്രന്മാരായ മഹാത്മാ ഗാന്ധിയെയും സര്‍ദാര്‍ പട്ടേലിനെയും കൈവിട്ടുകൊണ്ട് ഈ മൂവരിലാണ് കോണ്‍ഗ്രസ് ഇന്ന് ആശ്രയം കണ്ടെത്തിയിരിക്കുന്നത്. ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, ജിഗ്‌നേഷ് മേവാനി എന്നിവരാണിവര്‍.
പട്ടേല്‍ സമുദായക്കാര്‍ക്ക് ഒബിസി ആനുകൂല്യങ്ങള്‍ വേണമെന്ന ആവശ്യമാണ് ഹാര്‍ദിക് പട്ടേല്‍ ഉയര്‍ത്തുന്നത്. സമ്മതിദായകരില്‍ പതിനേഴോ പതിനെട്ടോ ശതമാനം പേര്‍ പട്ടേല്‍ സമുദായക്കാരാണ്. ഈയിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ലൈംഗിക സിഡി ഹാര്‍ദിക് പട്ടേലിന്റെ പ്രതിഛായയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.

ഗുജറാത്തിലെ ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന സമുദായങ്ങളിലൊന്നാണ് പട്ടേല്‍ വിഭാഗക്കാര്‍. റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങി എല്ലാ സാമൂഹിക മേഖലകളിലും പട്ടേലുമാര്‍ സജീവസാന്നിദ്ധ്യം പുലര്‍ത്തുന്നുണ്ട്. ഹാര്‍ദിക് പട്ടേലിനെയും അദ്ദേഹത്തിന്റെ ആവശ്യങ്ങളെയും അനുകൂലിക്കുന്നതിലൂടെ, രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ അനുചരന്മാരും മറന്നുപോകുന്ന ഒരു കാര്യമുണ്ട്. സംവരണം എന്നത് സാമൂഹികസാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാക്കാനും, തുല്യനീതി ഉറപ്പുവരുത്താനുമുള്ള ഉപാധിയാണെന്ന വസ്തുത!

വന്‍ ജനക്കൂട്ടത്തെ, വിശിഷ്യാ യുവജനങ്ങളെ തന്റെ റാലികളിലേക്ക് ആകര്‍ഷിക്കാന്‍ ഹാര്‍ദിക് പട്ടേലിന് കഴിയുന്നുണ്ട് എന്നത് സത്യമാണ്. ബിജെപിക്കെതിരായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിനുള്ള വോട്ടായി മാറുമെന്ന് ചിലരെങ്കിലും ധരിക്കുന്നുണ്ട്.
ഇന്ത്യയ്ക്കകത്തും പുറത്തും വളരെ നല്ല നിലയില്‍ ജീവിതം നയിക്കുന്ന സമൂഹമാണ് പട്ടേല്‍ വിഭാഗക്കാര്‍. കുടുംബമൂല്യങ്ങള്‍, സംരംഭകത്വ ശേഷി, കഠിനാധ്വാനം എന്നീ കാര്യങ്ങളില്‍ അവര്‍ പൂര്‍ണ സമര്‍പ്പിതരാണ്. ആശയപരമായി അവര്‍ ബിജെപിയുമായി ഇഴചേര്‍ന്നിരിക്കുന്നു. അവര്‍ ഇത്തവണ ബിജെപിയെ കയ്യൊഴിയുമെന്നാണോ? ഇതുവരെയുള്ള അനുഭവങ്ങളെന്തെല്ലാമായിരുന്നു? 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ ബിജെപി വിട്ട് ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി ആരംഭിച്ചത്. പട്ടേലുമാരുടെ മാത്രം പാര്‍ട്ടിയായാണ് ഏവരും അതിനെ കണ്ടത്.

കേശുഭായി പട്ടേലിന്റെ പുതിയ പാര്‍ട്ടി 182 മണ്ഡലങ്ങളിലും മത്സരിച്ചു. കേവലം രണ്ടിടങ്ങളില്‍ വിജയിച്ചു. രണ്ടുവര്‍ഷം തികയും മുന്‍പ് ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയും ചെയ്തു! ഹാര്‍ദിക് പട്ടേലിന്റെ സ്ഥിതി വ്യത്യസ്തമാകുമോ? കേശുഭായിയുടെ അതേ വിധിയാവും ഹാര്‍ദിക്കിനെയും കാത്തിരിക്കുന്നതെന്നാണ് പലരും കരുതുന്നത്.
സ്വയം പ്രഖ്യാപിത ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുകഴിഞ്ഞു. സംസ്ഥാനത്തെ 52 ഒബിസി സമുദായങ്ങളില്‍ ഒന്നാണ് താക്കൂര്‍ സമുദായം. ഈ സമുദായം വളരെ ചുരുങ്ങിയ ശതമാനം മാത്രമേയുള്ളൂ. എല്ലാ ഒബിസിക്കാര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന് അല്‍പേഷ് പറയുന്നുണ്ടെങ്കിലും താക്കൂര്‍ സമുദായത്തിനു പുറത്ത് അദ്ദേഹത്തിന് വലിയ സ്വാധീനമൊന്നുമില്ലെന്നതാണ് യഥാര്‍ത്ഥ്യം.

മൂവരിലെ മൂന്നാമത്തെ യുവാവ് ജിഗ്നേഷ് മേവാനിയാണ് ദളിത് നേതാവ്. ഇദ്ദേഹം ഈയിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ സന്ദര്‍ശിക്കുകയുണ്ടായി. ബാക്കിയുള്ള ഹിന്ദുസമൂഹത്തിനതിരെ ദളിത് വിഭാഗങ്ങളെ തിരിക്കുകയാണ് മേവാനിയുടെ ലക്ഷ്യം.
ഈയിടെ ഒരു അഭിമുഖത്തില്‍ ദളിത്-മുസ്ലിം ഐക്യം എന്ന ആശയം മേവാനി മുന്നോട്ടുവച്ചിരുന്നു. ”ദളിത്-മുസ്ലിം ഐക്യം വളരെ അത്യാവശ്യമാണ്. രാഷ്ട്രീയമായും സാമൂഹികമായും അത് നടപ്പില്‍വരേണ്ടതുണ്ട്” എന്നാണ് മേവാനി അതില്‍ സൂചിപ്പിച്ചത്. നോക്കൂ, എത്ര മതേതരനാണ് ഇദ്ദേഹമെന്ന്. ജാതിയുടെയും മതത്തിന്റെയും പേരിലാണ് ജനങ്ങളോട് സംഘടിക്കാന്‍ മേവാനി ആവശ്യപ്പെടുന്നത്.

ദളിത്-മുസ്ലിം ഐക്യം സാധ്യമാണോ? അവര്‍ക്ക് പൊതുവായി എന്താണുള്ളത്? ഇസ്ലാം എണ്ണൂറു വര്‍ഷത്തോളം ഇന്ത്യ അടക്കി ഭരിച്ചു. അമുസ്ലിങ്ങളെ (ദളിതരടക്കം)അടിച്ചമര്‍ത്തുകയും ദ്രോഹിക്കുകയും ചെയ്തു. സവര്‍ണ ഹിന്ദുക്കളില്‍ നിന്നും അഹിന്ദുക്കളില്‍നിന്നും ദളിതുകള്‍ അടിച്ചമര്‍ത്തല്‍ നേരിടേണ്ടിവന്നു. ദളിത്-മുസ്ലിം ഐക്യം എന്നത് ജിഗ്നേഷ് മേവാനിയുടെ ആശയമൊന്നുമല്ല. സ്വാതന്ത്ര്യപൂര്‍വ്വകാലത്ത് മുസ്ലിംലീഗ് ഇതേ ആശയം അവതരിപ്പിച്ചിരുന്നു. ബംഗാളില്‍ നിന്നുള്ള ജോഗീന്ദര്‍നാഥ് മണ്ഡല്‍ എന്ന ദളിത് നേതാവിനെ തങ്ങളുടെ കൂടെ കൂട്ടുന്നതില്‍ മുസ്ലിംലീഗ് വിജയിക്കുകയും ചെയ്തു. ആദ്യത്തെ പാക് സര്‍ക്കാരില്‍ മണ്ഡല്‍ മന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

പക്ഷേ, അധികം വൈകാതെ മണ്ഡലിനു കാര്യങ്ങള്‍ ബോധ്യമായി, സവര്‍ണ ഹിന്ദുക്കളെയും ദളിതുകളെയും ഒരുപോലെ അമുസ്ലിങ്ങള്‍ മാത്രമായാണ് ലീഗ് കാണുന്നത് എന്ന് അദ്ദേഹത്തിനു മനസ്സിലായി. സ്വന്തം ആള്‍ക്കാരെപ്പോലും സംരക്ഷിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്ന സത്യം തിരിച്ചറിഞ്ഞു. നിരാശനായ അദ്ദേഹം മന്ത്രിപദം രാജിവച്ച് കല്‍ക്കത്തയിലേക്കു തിരിച്ചുവരികയും, ശിഷ്ടജീവിതം ദുഃഖഭാരത്തോടെ തള്ളിനീക്കുകയും ചെയ്തു.
ഗുജറാത്തിലെ സമ്മതിദായകരില്‍ ഏഴുശതമാനം ദളിതുകളാണ്. അവര്‍ക്കിടയില്‍ മുപ്പതോളം ഉപജാതികളുണ്ട്. മിക്കവരും മിശ്രവിവാഹിതരാകാനോ ഒരുമിച്ച് ഭക്ഷണം കഴിക്കാനോ പോലും തയ്യാറാകാത്തവരാണ്.

യാതനകള്‍ ഏറെ സഹിച്ചവരെങ്കിലും തങ്ങളുടെ ഹൈന്ദവത്തനിമയെക്കുറിച്ചും, ഭാരതീയതയെക്കുറിച്ചും ബോധമുള്ളവരാണ് അവിടുത്തെ ദളിതുകള്‍. ഗുജറാത്തിലെ ദളിതുകള്‍ കാവിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും, സംഘപരിവാറിന്റെ കാലാള്‍പ്പടയാളികളായി അവര്‍ മാറുന്നുവെന്നുമാണ് ജിഗ്നേഷ് മേവാനി തന്നെ ആരോപിക്കുന്നത്. അപ്പോള്‍പിന്നെ എങ്ങനെയാണ് മേവാനിയുടെയും കോണ്‍ഗ്രസിന്റെയും മോഹങ്ങള്‍ പൂവണിയുക?
1995 മുതല്‍ ഭാരതീയ ജനതാപാര്‍ട്ടി ഗുജറാത്തില്‍ അധികാരത്തിലുണ്ട്. നീണ്ട ഇരുപത്തിരണ്ട് വര്‍ഷത്തെ ഭരണത്തിലൂടെ സംസ്ഥാനത്ത് മുഴുവന്‍ സമയ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും സുഗമമായി എത്തുന്നുണ്ട്. ഗുജറാത്തിലെ റോഡ് ശൃംഖല രാജ്യത്തെ തന്നെ മികച്ചതാണ്. അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതിയിലൂടെയും മികച്ച ക്രമസമാധാനപാലനത്തിലൂടെയും എല്ലാ സൂചകങ്ങളിലും മുന്നിലെത്താന്‍ സംസ്ഥാനത്തിനു സാധിക്കുന്നുണ്ട്.

ഇന്ത്യയുടെ ഭൂഭാഗത്തിന്റെ ആറ് ശതമാനവും ജനസംഖ്യയുടെ അഞ്ച് ശതമാനവും ഗുജറാത്ത് ഉള്‍ക്കൊള്ളുന്നു. രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 7.6 ശതമാനവും കയറ്റുമതിയുടെ 22 ശതമാനവും ഗുജറാത്തിന്റെ സംഭാവനയാണ്. സംസ്ഥാന ജിഡിപിയുടെ വളര്‍ച്ച 2001 നും 2013 നുമിടയില്‍ ശരാശരി പത്തുശതമാനമാണ്. രാജ്യത്തിന്റെ ശരാശരിയെക്കാള്‍ ഉയര്‍ന്നതാണിത്.
തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് ഗുജറാത്ത്. 2015ലെ കണക്കനുസരിച്ച് മൊത്തം തൊഴില്‍ ശക്തിയുടെ 1.2 ശതമാനമാണ് അത്. മൃഗപരിപാലനവും പാലുല്‍പ്പാദനവും ഗുജറാത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. സഹകരണ പ്രസ്ഥാനങ്ങളായാണ് പശുവളര്‍ത്തലും പാലുല്‍പ്പാദനവും വിതരണവും നടക്കുന്നത്.

ലെഗാറ്റം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്ലോബല്‍ പ്രോസ്പരിറ്റി ഇന്‍ഡക്‌സ് 2012, എല്ലാ മേഖലകളിലും ഗുജറാത്ത് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നതായി സൂചിപ്പിക്കുന്നുണ്ട്.
ജാതീയമായി ജനങ്ങളെ വിഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ വിഘടന അജണ്ടയും ബിജെപിയുടെ വികസന അജണ്ടയും തമ്മിലാണ് പോരാട്ടം. ഫലം ഏതാണ്ട് ഇപ്പോഴേ വ്യക്തമാണ്. എങ്കിലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ഡിസംബര്‍ 18 വരെ നമുക്ക് കാത്തിരിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.