ഗുരുവായൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡ് കൈയേറിയ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ വിമോചനത്തിനായി വിവിധ സമരമാര്‍ഗ്ഗങ്ങള്‍ക്ക് രൂപം നല്കി പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്ര വിമോചന കണ്വെന്ഷന് നടത്തി. ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ കേരള പുലയ മഹാസഭ സംസ്ഥാന പ്രസിഡണ്ട് എന്‍.കെ. നീലകണ്ഠന്, ബ്രാഹ്മിണ്‍ ഫെഡറേഷന് ദേശീയ വൈസ് പ്രസിഡണ്ട് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് എന്നിവര്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു.
മലബാര്‍ ദേവസ്വം ബോര്‍ഡ് പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുത്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്നും ഹിന്ദു ക്ഷേത്രങ്ങള്‍ ഓരോന്നായി കൈയേറാനുള്ള സിപിഎം നീക്കം അവസാനിപ്പിക്കണമെന്നും പിടിച്ചെടുത്തവ എത്രയും പെട്ടെന്ന് ഭക്തജനങ്ങളെ തിരിച്ചേല്‍പ്പിക്കണമെന്നും കണ്വെന്ഷന് അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി പി.ജി.കണ്ണന് പ്രമേയം അവതരിപ്പിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെ സംസ്ഥാനതല നേതാക്കളെ ഉള്‍പ്പെടുത്തി ക്ഷേത്ര വിമോചനസമരസമിതി വിപുലീകരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് അടുത്ത മകര സംക്രമം വരെയുള്ള സമരപരിപാടികള്‍ പ്രഖ്യാപിച്ചു.
മലബാര്‍ ക്ഷേത്ര രക്ഷാസമിതി പ്രസിഡണ്ട് സതീഷ് രാജ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് എസ്.ജെ.ആര്.കുമാര്‍, അഖില ഭാരത അയ്യപ്പസേവാസമാജം പ്രസിഡണ്ട് വി.കെ. വിശ്വനാഥന്, എസ്സി, എസ്ടി സാമൂഹ്യക്ഷേമസമാജം പ്രസിഡണ്ട് പി.ശശികുമാര്‍, എഴുത്തച്ഛന് സമാജം പ്രസിഡണ്ട് കെ.ജി.അരവിന്ദാക്ഷന് മുതലായവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: