ബിജെപി നേതാവിന് നേരെ പോലീസ് അതിക്രമം മര്‍ദ്ദനത്തിന് പിന്നില്‍ എസ്.ഐ ഷാജഹാന്‍

Saturday 25 November 2017 8:47 pm IST

കുന്നംകുളം : ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് മുരളി സംഘമിത്രയെ കള്ളകേസില്‍ കുടുക്കി പോലീസിന്റെ ക്രൂരമര്‍ദ്ദനം. ആനായിക്കലിലെ വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന മുരളിയുടെ വീട്ടില്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസുകാര്‍ വാള് ഒളിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് മുരളിയെ കസ്റ്റഡിയില്‍ എടുക്കുകയും സ്‌റ്റേഷനില്‍ എത്തിച്ച് എസ്.ഐ ഷാജഹാന്റെ നേതൃത്വത്തില്‍ പോലീസുകാരായ ആരീഫ്, ആഷിക്, ഷിനു എന്നിവര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു.
പോലീസ് അക്രമത്തില്‍ ജനനേന്ദ്രീയത്തിന് പരിക്കേറ്റ് അബോധാവസ്ഥയിലായ മുരളിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും എസ്.ഐ തയ്യാറായില്ല. തുടര്‍ന്ന് ബിജെപി നേതാക്കള്‍ സി.ഐയും ഡിവൈഎസ്പിയുമായി ഫോണില്‍ സംസാരിക്കുകയും സി.ഐ നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ എത്തി മുരളിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ അടിയന്തിര ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരു പെറ്റിക്കേസില്‍ പോലും പ്രതിയായിട്ടില്ലാത്ത മുരളിയെ ആരുടെയോ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എസ്.ഐയും സംഘവും മനപ്പൂര്‍വം കേസില്‍ കുടുക്കിയത്.
മുമ്പ് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീജിത്തിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കംപ്ലെയിന്റ് അതോറിട്ടിയില്‍ എസ്.ഐ ഷാജഹാന്‍, ആരീഫ്, ആഷിക് എന്നിവര്‍ക്കെതിരെ കേസ് നടന്ന് വരികയാണ്. ബിജെപി സംഘപരിവാര്‍ സംഘടനകളിലെ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുകയാണ് എസ്.ഐയുടെ പതിവ് രീതി.
രാഖി കെട്ടി വാഹനത്തില്‍ പോകുന്നവരെ കണ്ടാല്‍ പിന്നാലെ എത്തി തടഞ്ഞു നിര്‍ത്തി വിരട്ടുന്നതും എസ്.ഐ പതിവാക്കിയിരിക്കുകയാണ്. മര്‍ദ്ദനത്തിന് എസ്.ഐയും മറ്റ് പോലീസുകാരെയും സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തരമന്ത്രിക്കും പോലീസ് കംപ്ലെയിന്റ് അതോറിട്ടിയിലും ബിജെപി പരാതി നല്‍കും. ബി ജെ പി കുന്നംകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കുന്നംകുളം എസ് ഐ ഷാജഹാന്‍ ചുവപ്പ് ജിഹാദി ഭീകരതയുടെ വക്താവായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ബിജെപി ജില്ല വൈസ് പ്രസിഡണ്ട് അനീഷ് ഇയ്യാല്‍ ആരോപിച്ചു. യോഗത്തില്‍ മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു.
പ്രതിഷേധ പ്രകടനത്തില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ എം വി ഉല്ലാസ്, സി.ബി ശ്രീഹരി, കൗണ്‍സിലര്‍മാരായ മുരളി, ശ്രീജിത്ത്, വിന്‍സന്‍ ജോസ്, ഷജീഷ്, ഗീത ശശി, സന്ധ്യ പ്രഭു, രേഷ്മ സുനില്‍ ബി ജെ പി യുവമോര്‍ച്ച നേതാക്കളായ രജീഷ് അയിനൂര്‍, രാഹുല്‍ കാണിപ്പയ്യൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.