കഞ്ചാവ് വില്‍പ്പന: 2 യുവാക്കള്‍ പിടിയില്‍

Saturday 25 November 2017 8:49 pm IST

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എസ്.എന്‍. സ്‌കൂള്‍ പരിസരത്തുനിന്ന് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കാനെത്തിയ രണ്ടു യുവാക്കളെ ഏകദേശം കാല്‍ കിലോയോളം കഞ്ചാവുസഹിതം ഇരിങ്ങാലക്കുട എസ്.ഐ. കെ.എസ്.സുശാന്തും സംഘവും പിടികൂടി. മാപ്രാണം മാടായിക്കോണം സ്വദേശി അജേഷ്(28), തളിയക്കോണം സ്വദേശി വിഷ്ണു(20) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഒരു പൊതിക്ക് 800 രൂപ നിരക്കില്‍ വില്‍പ്പന നടത്തുന്നതിനായി കൊണ്ടു വന്ന 45ഓളം പൊതികളാണ് പിടികൂടിയത്. തമിഴ്‌നാട്ടിലെ കമ്പത്തുനിന്നും മോട്ടോര്‍ സൈക്കിളിലാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടു വരുന്നത്.
ആവശ്യക്കാര്‍ മൊബൈല്‍ഫോണില്‍ വിളിക്കുന്നതിനനുസരിച്ച് ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്കും, സ്‌കൂള്‍, കോളേജ് പരിസരങ്ങളിലും നേരിട്ടെത്തി കഞ്ചാവ് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.
ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ച് വേണ്ട ബ്രോ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് നടത്തുന്ന പരിശോധനയില്‍ കഴിഞ്ഞ 2 മാസത്തിനിടെ കഞ്ചാവ് വില്‍പ്പന നടത്തിയ 12 ഓളം പേരെ പോലീസ് പിടികൂടിയിരുന്നു.
ഇനിയും മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരേയും ഉപയോഗിക്കുന്നവരേയും കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും പരിശോധന ശക്തമായേക്കുമെന്നും എസ്.ഐ. കെ.എസ്. സുശാന്ത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.