കേരളത്തില്‍ കള്ളുകച്ചവടം നിരോധിക്കണം - ഹൈക്കോടതി

Thursday 20 September 2012 4:30 pm IST

കൊച്ചി: സംസ്ഥാനത്ത് കള്ളുകച്ചവടം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചതായി ഹൈക്കോടതി. കള്ളുകച്ചവടത്തിന്റെ പേരില്‍ ചാരായവും വ്യാജമദ്യവും ഒഴുകുന്നത് തടയാന്‍ കള്ളുകച്ചവടം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നയപരമായ തീരുമാനമായതിനാല്‍ കോടതിക്ക്‌ ഇക്കാര്യത്തില്‍ നേരിട്ട്‌ ഇടപെടാന്‍ കഴിയില്ലെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷമെങ്കിലും ധീരമായ തീരുമാനമെടുക്കണമെന്നും ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു. അബ്കാരി കേസുകള്‍ തള്ളണമെന്ന്‌ ആവശ്യപ്പെട്ട്‌ അബ്കാരികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ്‌ ജസ്റ്റീസുമാരായ സി.എന്‍ രാമചന്ദ്രന്‍, വി.പി റേ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ഇക്കാര്യം ആവശ്യപ്പെട്ടത്‌. കള്ളില്‍ വ്യാജന്‍മാര്‍ പെരുകുന്നതായി കോടതി ചൂണ്ടിക്കാട്ടി. എമര്‍ജ്‌ ചെയ്യുന്ന കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യവില്‍പന നടക്കുന്നത്‌ ഭൂഷണമല്ലെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യമായി ബീവറേജസ്‌ കോര്‍പ്പറേഷനിലൂടെ ബിയര്‍ വില്‍ക്കുന്നുണ്ടെന്നും പിന്നെന്തിനാണ്‌ കള്ളുവില്‍പന പ്രോത്സാഹിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.