മാനന്തവാടി നഗരത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ ഗതാഗത പരിഷ്‌ക്കാരം

Saturday 25 November 2017 9:31 pm IST

മാനന്തവാടി: മാനന്തവാടി നഗരത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ ഗതാഗത പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ ഗതാഗത ഉപദേശക സമിതി തീരുമാനം. സബ്ബ്കളക്ടര്‍ ചെയര്‍മാനായിരുന്ന സമിതി ഒരുവര്‍ഷമായി യോഗം ചേര്‍ന്നിരുന്നില്ല. ഒരു മാസം മുമ്പാണ് സബ്ബ്കലക്ടര്‍ ചെയര്‍മാന്‍ പദവി നഗരസഭ ചെയര്‍മാന് കൈമാറിയത്.
യോഗം ഒ.ആര്‍.കേളു എം എല്‍എ ഉദ്ഘാടനം ചെയ്തു. സബ്ബ് കലക്ടര്‍ ഉമേഷ്.എന്‍.എസ്.കെ. മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യചെയര്‍മാന്‍ പി. ടി.ബിജു കരട് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ, യൂണിയന്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ സംസാരിച്ചു. ദീര്‍ഘകാലം കൊണ്ട് നടപ്പാക്കേണ്ട പദ്ധതികളും തര്‍ക്കം ഉയര്‍ന്ന വിഷയങ്ങളും വീണ്ടും ചര്‍ച്ച ചെയ്തു.
തര്‍ക്കമില്ലാത്ത വിഷയങ്ങള്‍ ഡിസംബര്‍ ഒന്നുമുതല്‍ നടപ്പാക്കും. ഇതനുസരിച്ച് സീബ്രാലൈനുകളും ദിശാസൂചക ബോര്‍ഡുകളും ഉടന്‍ സ്ഥാപിക്കും. തലശ്ശേരി റോഡില്‍ സിഐടിയു ഓഫീസിന് എതിര്‍വശം മുതല്‍ എരുമത്തെരുവ് ജുമാമസ്ജിദ് വരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. ബൈപ്പാസ് റോഡിലെ വാഹന അറ്റകുറ്റപണികള്‍ നടത്തുന്നത് ഒഴിവാക്കും. തലശ്ശേരി റോഡില്‍ ഗ്യാരേജ് റോഡ് ജംഗഷനില്‍ പോലീസിനെ നിയോഗിക്കും.
ഗാന്ധി പാര്‍ക്ക് മുതല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജംഗ്ഷന്‍ വരെയുള്ള പത്ത് മീറ്റര്‍ സ്ഥലത്ത് സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം നല്‍കും. ടാക്‌സി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്താനുള്ള സ്ഥലങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തു. ഗാന്ധിപാര്‍ക്കിലെ കള്‍വര്‍ട്ടിന്റെ സംരക്ഷണഭിത്തി പൊളിച്ചുനീക്കി വീതി കൂട്ടും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മുതല്‍ ട്രൈസംഹാള്‍ വരെ സ്വകാര്യവാഹനങ്ങള്‍ക്കും അവിടെ നിന്ന് സബ്ബ് കലക്ടര്‍ ഓഫീസ് ജംഗ്ഷന്‍ വരെ ബൈക്കുകളും പാര്‍ക്ക് ചെയ്യാം. നിലവില്‍ തനൂജയ്ക്ക് സമീപത്തെ ബൈക്ക് പാര്‍ക്കിംഗ് ഒഴിവാക്കും.
മൈസൂര്‍ റോഡില്‍ ഓട്ടോ പാര്‍ക്കിംഗിന് നേരിയ മാറ്റം വരുത്തും. കോഴിക്കോട് റോഡില്‍ സെഞ്ച്വറി ഹോട്ടലിന് സമീപത്ത് ബസ്സുകള്‍ ആളെ കയറ്റി വലുമ്മല്‍ ജ്വലറിക്ക് സമീപം ആളുകളെ ഇറക്കാം. ഇടയ്ക്ക് യാത്രക്കാരെ കയറ്റുന്നത് കര്‍ശനമായി തടയും. പള്ളിയുടെ ഭാഗത്ത് പുതുതായി വീതികൂട്ടിയ സ്ഥലത്ത് പേ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും. താഴെയങ്ങാടിയില്‍ ഓട്ടോസ്റ്റാന്റ് സ്ഥാപിക്കും. ബസ്സുകള്‍ പുറപ്പെടുന്ന സമയത്തിന് പത്ത് മിനിറ്റ് മുമ്പ് മാത്രമേ സ്റ്റാന്റില്‍ പ്രവേശിക്കാന്‍ പാടുള്ളൂ.
തടസ്സം നില്‍ക്കുന്ന കെഎസ്ഇബി തൂണുകള്‍ മാറ്റും. കൊയിലേരി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകള്‍ വള്ളിയൂര്‍ക്കാവ് റോഡില്‍ അര്‍ബന്‍ ബാങ്കിന് മുന്നില്‍ ആളെ ഇറക്കുകയും കയറ്റുകയും ചെയ്യണം. ഓട്ടോസ്റ്റാന്റ് അല്‍പ്പം പുറകിലേക്ക് മാറ്റും.
സെന്റ് ജോസഫ് റോഡില്‍ ഇരു ഭാഗങ്ങളിലേക്കും വാഹനങ്ങള്‍ കടത്തിവിടുക, ബസ്സ് സ്റ്റാന്റിലെ ഓട്ടോസ്റ്റാന്റ് മാറ്റല്‍, രാത്രിയില്‍ ഗാന്ധി പാര്‍ക്കിലെ തട്ടുകടകളുടെ സമയം നീട്ടല്‍, തിരക്കേറിയ സമയങ്ങളില്‍ കയറ്റിറക്ക് നിരോധന സമയം, സംബന്ധിച്ച വിഷയങ്ങള്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് നടപ്പാക്കും. നഗരത്തിലെ അനധികൃത മത്സ്യവില്‍പ്പന കര്‍ശനമായി തടയാനും തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.