ബിജെപി കൗണ്‍സിലര്‍മാരെ 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

Sunday 26 November 2017 2:45 am IST

തിരുവനന്തപുരം: മേയര്‍ വി.കെ. പ്രശാന്തിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബിജെപി കൗണ്‍സിലര്‍മാരെ ഈ മാസം 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ്. കൗണ്‍സിലര്‍മാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് കെ. ഹരിപാല്‍ ഉത്തരവിട്ടത്.

കേസ് പരിഗണിക്കവെ മേയറുടെ ചികിത്സയുമായി ബന്ധപ്പെട്ട് വ്യക്തമായ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. അതിനാലാണ് കേസ് 30ലേക്ക് മാറ്റിയത്. കൗണ്‍സിലര്‍മാരായ ഗിരികുമാര്‍, വിജയകുമാര്‍, ഹരികുമാര്‍, അനില്‍കുമാര്‍, വി.ഗിരി, ആര്‍.സി. ബീന, സജി എന്നിവരാണ് അഡ്വ. ശാസ്തമംഗലം അജിത്കുമാര്‍ മുഖേന ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ 18ന് തിരുവനന്തപുരം നഗരസഭയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടതാണ് കേസ്. കൗണ്‍സില്‍ ഹാളില്‍ നടന്ന ബഹളത്തിനിടയില്‍ മേയര്‍ ചേമ്പറില്‍ നിന്നു പുറത്തിറങ്ങിയ ശേഷം ഓഫീസിലേക്ക് പോകാന്‍ പടിക്കെട്ടുകള്‍ കയറവെ കാല്‍ തെന്നിവീണു. പരിക്കൊന്നും ഇല്ലാതിരുന്നിട്ടും രാഷ്ട്രീയ സ്വാധീനത്താല്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ തലയിലും കാലിലും വച്ചുകെട്ടി കിടന്നത് നഗരത്തിലാകെ പാട്ടായി. എന്നാല്‍ ബിജെപി കൗണ്‍സിലര്‍മാര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചു എന്ന് കാട്ടി മേയര്‍ പോലീസില്‍ പരാതി നല്‍കി. കൗണ്‍സിലര്‍മാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് കൗണ്‍സിലര്‍മാര്‍ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ഇവരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. പോലീസ് റിപ്പോര്‍ട്ട് വരുന്നതുവരെ കൗണ്‍സിലര്‍മാരെ അറസറ്റ് ചെയ്യുന്നത് കോടതി വിലക്കുകയും ചെയ്തു. എന്നാല്‍ വിലക്ക് ലംഘിച്ച് ആറ്റുകാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമം നടത്തി.

ആരോഗ്യ സ്ഥിതി മോശമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ പോലീസ് സംഘം പിന്‍വാങ്ങി. ഈ വിവരം ഇന്നലെ ജാമ്യഹര്‍ജി പരിഗണിക്കവെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് 30 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവ് നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.