തോമസ് ചാണ്ടി; തടസ്സ ഹര്‍ജിയുമായി സിപിഐ

Sunday 26 November 2017 2:48 am IST

ന്യൂദല്‍ഹി: തോമസ് ചാണ്ടി കേസ് വീണ്ടും ഇടതു മുന്നണിക്ക് തലവേദനയാകുന്നു. കായല്‍ കൈയേറ്റ വിഷയത്തിലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി സമര്‍പ്പിച്ച അപേക്ഷയ്‌ക്കെതിരെ തടസ്സ ഹര്‍ജിയുമായി സിപിഐ രംഗത്ത്. സിപിഐയുടെ തൃശൂരിലെ കര്‍ഷകസംഘടനാ നേതാവ് ടി.എന്‍. മുകുന്ദനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണിത്.

തോമസ് ചാണ്ടി വിഷയത്തിലെ സിപിഎം-സിപിഐ തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നുവെന്ന് ഇതോടെ വ്യക്തമായി. സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരെല്ലാം സിപിഎം അനുകൂലികളാണെന്നതിനാലാണ് സിപിഐ നേരിട്ട് രംഗത്തെത്തിയത്. റവന്യൂ വകുപ്പിന്റെ നിലപാട് കോടതിയില്‍ നിന്ന് മറച്ചുവയ്ക്കാന്‍ ഇവര്‍ ശ്രമിച്ചേക്കുമെന്ന വിലയിരുത്തലിലാണ് നടപടി. തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് സിപിഐ നേതാവിന്റെ ആവശ്യം.

മുകുന്ദനെ കക്ഷി ചേര്‍ക്കുന്നത് തോമസ് ചാണ്ടിക്കൊപ്പം സംസ്ഥാനം എതിര്‍ക്കുമെന്നു മനസിലാക്കി തന്നെയാണ് സിപിഐയുടെ നീക്കം. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ മുകുന്ദന്‍ കക്ഷിയല്ലെന്നും അതിനാല്‍ സുപ്രീംകോടതയില്‍ ഇദ്ദേഹത്തെ കക്ഷി ചേര്‍ക്കേണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
അതിനിടെ, തോമസ് ചാണ്ടി വിഷയത്തില്‍ തെറ്റ് പറ്റിയെന്ന് കെ.ഇ. ഇസ്മയില്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റിനെ അറിയിച്ചു.

പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മാധ്യമങ്ങളോട് സംസാരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച ഇസ്മയിലിന്റെ നടപടി ദേശീയ എക്‌സിക്യൂട്ടീവ് അംഗീകരിച്ചു. തത്കാലം നടപടി വേണ്ടെന്നും യോഗം തീരുമാനിച്ചു. ഭാവിയില്‍ പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ഇസ്മയിലിന് നിര്‍ദ്ദേശം നല്‍കിയതായും വിഷയം അടഞ്ഞ അധ്യായമെന്നും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് പാര്‍ട്ടിയോട് ആലോചിക്കാതെ ആണെന്നായിരുന്നു ഇസ്മയിലിന്റെ വിവാദ പ്രസ്താവന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.