ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോ അവഗണനയില്‍

Sunday 26 November 2017 7:30 pm IST

ചങ്ങനാശ്ശേരി: എഴുപതു വര്‍ഷം പഴക്കമുള്ള കെഎസ്ആര്‍ടിസിയുടെ ചങ്ങനാശ്ശേരി ഡിപ്പോയില്‍ ബസ്സുകളുടെ കുറവുമൂലം യാത്രക്കാര്‍ ദുരിതത്തില്‍. ആയിരക്കണക്കിനു യാത്രക്കാര്‍ വന്നു പോകുന്ന പ്രധാന സ്റ്റേഷന്റെ സ്ഥിതി പരിതാപകരമാണ്. ദിനംപ്രതി പന്ത്രണ്ടിലേറെ സര്‍വ്വീസുകളാണ് ഇതുമൂലം റദ്ദാക്കപ്പെടുന്നത്.
ദീര്‍ഘദൂര സര്‍വ്വീസുകളായ ഗുരുവായൂര്‍, നടവയല്‍, കുമളി, മുണ്ടക്കയം, നെടുങ്കണ്ടം എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിലച്ചിരിക്കുകയാണ്. യാത്രാ ക്ലേശം ഏറെയുള്ള പടിഞ്ഞാറന്‍ മേഖലയിലെ വെളിയനാട്, ചതുര്‍ത്ഥ്യാകരി എന്നിവങ്ങളിലേക്ക് ബസ്സുകള്‍ സര്‍വീസുകള്‍ നടത്തുന്നില്ല. ഇതേ ചൊല്ലി യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കേറ്റം പതിവാണ്. ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് വാഴപ്പള്ളി ക്ഷേത്രത്തിന് മുന്‍പില്‍ നിന്ന് രാത്രി 9ന് പമ്പയ്ക്ക് എല്ലാ വര്‍ഷവും സര്‍വ്വീസ് നടത്തിയിരുന്നു. അതും ഈ വര്‍ഷം മുടങ്ങി.
ടയര്‍ ക്ഷാമവും സ്‌പെയര്‍ പാര്‍ട്‌സുകളുടെ കുറവുംമൂലം സര്‍വ്വീസുകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നാണ് അധികൃതരുടെ വിശദീകരണം. ഗാരേജില്‍ അറ്റകുറ്റപ്പണിക്ക് എത്തുന്ന ബസ്സുകളുടെ ടയര്‍ മാറ്റിയിട്ടാണ് പല സര്‍വ്വീസുകളും നടത്തിക്കൊണ്ടുപോകുന്നത്. പത്ത് സ്‌പെയര്‍ ബസ്സുകള്‍ വേണ്ടിടത്ത് ഒന്നുപോലുമില്ലാത്തത് സ്ഥിതി അതീവ ഗുരുതരമാക്കുന്നു.
68 ഷെഡ്യൂകള്‍ ഉളള ഇവിടെ നിന്നും 46 എണ്ണം മാത്രമാണ് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുന്നത്. ജീവനക്കാരുടെ കുറവും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. 25 ഡ്രൈവര്‍മാരും 13 മെക്കാനിക്കല്‍ സ്റ്റാഫിന്റെയും കുറവ് ഡിപ്പോ നേരിടുന്നുണ്ട്.
അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌ക്കരണം മൂലം ജീവനക്കാര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി കെഎസ്റ്റി എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡന്റ് സന്തോഷ് പോള്‍ പറഞ്ഞു. രാത്രി ഡ്യൂട്ടിയുള്ളവര്‍ രാവിലെ ഡ്യൂട്ടി തീര്‍ന്ന ശേഷം വീണ്ടും രണ്ടു മണിക്ക് വീണ്ടും ജോലിക്ക് കയറേണ്ട സ്ഥിതിയാണുള്ളത്. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പുലര്‍ച്ചെ 5ന് ഹാജരാകണം.
ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിലച്ചതുമൂലം ഒരു ലക്ഷം രൂപയുടെ വരുമാന നഷ്ടം ദിനംപ്രതി ഉണ്ടാകുന്നുണ്ട്. ആറരലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ഡിപ്പോയ്ക്ക് ഇപ്പോള്‍ അഞ്ചു ലക്ഷം മാത്രമാണ് കളക്ഷന്‍. സ്വകാര്യ സര്‍വ്വീസുകളെ സഹായിക്കുന്ന നിലപാടും ഇതിനു പിന്നിലുള്ളതായി ആക്ഷേപമുണ്ട്.
ബസ്സ് സ്റ്റേഷനും ഷോപ്പിങ്ങ് കോംപ്ലക്‌സും പണിയുന്നതിന് മൂന്നു വര്‍ഷത്തിനു മുന്‍പ് അനുമതിയും ലഭിച്ചെങ്കിലും പ്രാരംഭ നടപടികള്‍ പോലും ആയിട്ടില്ല. ചീഫ് ടൗണ്‍ പ്ലാനറുടെ അംഗീകാരം ലഭിക്കാന്‍ വൈകുന്നതാണ് കാരണം. ഇവിടുത്തെ സ്ഥലപരിമിതി കണക്കിലെടുത്ത് കൂടുതല്‍ നിലകളോടു കൂടിയ കെട്ടിടം പണിയുന്നതിനുള്ള പദ്ധതിക്കാണ് മുന്‍ഗണന കൊടുത്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.