ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കുമുള്ള സൗജന്യ ചികിത്സ വ്യാപിപ്പിക്കുന്നു

Monday 27 November 2017 2:30 am IST

കൊച്ചി: ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കുമുള്ള സൗജന്യ ചികിത്സ കേരളത്തില്‍ വ്യാപിപ്പിക്കുന്നു. ദേശീയ ആരോഗ്യ ദൗത്യ (എന്‍എച്ച്എം)ത്തിന് കീഴിലുള്ള ജനനി ശിശു സുരക്ഷാ കാര്യക്രം (ജെഎസ്എസ്‌കെ) പദ്ധതിയനുസരിച്ചാണിത്. നിലവില്‍ ചികിത്സയില്ലാത്ത സാമൂഹികാരോഗ്യ കേന്ദ്രങ്ങളെക്കൂടി പദ്ധതിയുടെ ഭാഗമാക്കും. ഇതോടെ ഗര്‍ഭിണികള്‍ക്ക് അധികദൂരം സഞ്ചരിക്കാതെ സൗജന്യചികിത്സ ലഭ്യമാകും. ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കാനും പ്രസവശേഷം കുഞ്ഞിനെ ഉള്‍പ്പെടെ വീട്ടിലെത്തിക്കാനുമുള്ള വാഹന സൗകര്യവും ഉടന്‍ സജ്ജമാകും.

2012ലാണ് കേന്ദ്രസര്‍ക്കാര്‍ എന്‍എച്ച്എം വഴി കേരളത്തില്‍ ജെഎസ്എസ്‌കെ ആരംഭിച്ചത്. ഒരു സ്ത്രീ ഗര്‍ഭിണിയാകുന്നതുമുതല്‍ പ്രസവിക്കുന്നതുവരെയുള്ള മുഴുവന്‍ ചികിത്സയും നല്‍കുന്നതിനൊപ്പം നവജാതശിശുവിനും സൗജന്യ ചികിത്സ ഉറപ്പാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ചികിത്സ, മരുന്നുകള്‍, സിസേറിയന്‍, ഭക്ഷണം, ലാബ് പരിശോധനകള്‍, ആശുപത്രിയില്‍ നിന്നും വീട്ടിലേക്കുമുള്ള യാത്രാച്ചെലവ്, നവജാതശിശുവിന്റെ ആരോഗ്യസംരക്ഷണം തുടങ്ങിയ എല്ലാം സൗജന്യമായി നല്‍കുന്നതായിരുന്നു പദ്ധതി.

മെഡിക്കല്‍ കോളേജുകള്‍, ജനറല്‍-താലൂക്ക് ആശുപത്രികള്‍, വനിതാ-ശിശു ആശുപത്രികള്‍ എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ടത്തില്‍ ചികിത്സാ സൗകര്യമുണ്ടായിരുന്നത്. എന്നാല്‍, ലാബ് സൗകര്യമില്ലാത്തതിന്റെ പേരില്‍ ഭൂരിഭാഗം സാമൂഹികാരോഗ്യ കേന്ദ്രങ്ങളും ഈ സേവനം നല്‍കുന്നില്ലായിരുന്നു. തൊട്ടടുത്തുള്ള ലാബുകളുമായി ചേര്‍ന്ന് നിലവില്‍ വിട്ടുനില്‍ക്കുന്ന സാമൂഹിക ആരോഗ്യകേന്ദ്രങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാവും പദ്ധതി വിപുലമാക്കുക.

നിലവില്‍ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കുമ്പോഴും തിരികെ കൊണ്ടുപോകുമ്പോഴും യാത്രനിരക്കായി പണമാണ് നല്‍കുക. ഇതിന് പകരമായി വാഹന സൗകര്യം ഏര്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയിലാണ് ഇത് നടപ്പാകുക. ഗര്‍ഭിണിയുടെയും നവജാത ശിശുവിന്റെയും യാത്രയ്ക്കായി ജനനി എക്‌സ്പ്രസ് എന്ന പേരില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്വകാര്യമേഖലയുമായി സഹകരിച്ച് ഏതെങ്കിലും വാഹനസൗകര്യം ഏര്‍പ്പെടുത്താനാണ് ശ്രമം ആരംഭിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.