സിപിഎം കുന്നംകുളം ഏരിയാ സമ്മേളനം: വിഭാഗീയതയില്‍ കുരുങ്ങി നേതൃത്വം

Sunday 26 November 2017 9:22 pm IST

കുന്നംകുളം: സിപിഎമ്മിന്റെ കുന്നംകുളം ഏരിയാ സമ്മേളനത്തില്‍ മത്സരം നടക്കാനുള്ള സാഹചര്യം ഒഴിവാക്കാന്‍ ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്‍. പുഴയ്ക്കല്‍, മണ്ണുത്തി സമ്മേളനങ്ങളില്‍ ഉണ്ടായ ജാഗ്രത കുറവ് ഉണ്ടാകാതിരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
ഔദ്യോഗിക വിഭാഗത്തിനൊപ്പം നില്‍ക്കുന്ന കുന്നംകുളം ഏരിയയില്‍ നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് ജില്ലാ നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുകയാണ്.
കണ്ടാണശ്ശേരി, കടവല്ലൂര്‍ നോര്‍ത്ത്, സൗത്ത് ലോക്കല്‍ സമ്മേളനങ്ങളില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ ഏരിയാ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കണ്ടാണശ്ശേരി ലോക്കല്‍ സമ്മേളനം കൈയ്യാങ്കളിയുടെ വക്കോളമെത്തിയിരുന്നു. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചവര്‍ വിജയിക്കുകയും ചെയ്തു. കടവല്ലൂര്‍ സൗത്തില്‍ നിലവിലുണ്ടായിരുന്ന ലോക്കല്‍ സെക്രട്ടറി മത്സരത്തില്‍ തോറ്റു. നോര്‍ത്തില്‍ മത്സരിക്കാന്‍ പ്രതിനിധികള്‍ തയ്യാറയെങ്കിലും ജില്ലാ നേതൃത്വത്തിന്റെ നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പിന്‍മാറി.
ഏരിയാ സമ്മേളനത്തില്‍ മത്സരം ഉണ്ടാകാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട് ജില്ലാ നേതൃത്വം സമവായത്തിനുള്ള ശ്രമം ആരംഭിച്ചു. ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി.മൊയ്തീന്‍, പി.കെ.ബിജു എന്നിവര്‍ ശനിയാഴ്ച രാത്രി ഏരിയാ കമ്മിറ്റി ഓഫീസില്‍ ഒത്തുകൂടി ഏരിയാ നേതൃത്വവുമായി ചര്‍ച്ച നടത്തി.
നിലവില്‍ 20 അംഗങ്ങളാണ് ഏരിയാ കമ്മിറ്റിയില്‍ ഉള്ളത്. ഇതില്‍ 4 പേര്‍ മാറുമെന്നാണ് സൂചന. എ.ജെ. സ്റ്റാന്‍ലി, പി.എ.മുസ്തഫ, കെ.പി.രമേഷ്, സി.ജി.രഘുനാഥ് എന്നിവരാണ് ഒഴിവാകാന്‍ സാധ്യതയുള്ളവര്‍.
21 അംഗ കമ്മിറ്റിയെയാണ് സമ്മേളനം തിരഞ്ഞെടുക്കുക. പുതിയ 5 അംഗങ്ങള്‍ കമ്മിറ്റിയിലെത്തും. മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്‌ഐ സംഘടനകളുടെ ഭാരവാഹികള്‍ ഏരിയാ കമ്മിറ്റിയിലെത്തും. മുന്‍ നഗരസഭ ചെയര്‍മാനായ പി.ജി.ജയപ്രകാശിനെ ഏരിയാ കമ്മിറ്റിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ജില്ലാ കമ്മിറ്റിക്ക് താല്‍പര്യമുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ഏരിയാ നേതൃത്വത്തിലെ ഒരു വിഭാഗം കടുത്ത നിലപാടിലാണ്. കഴിഞ്ഞ സമ്മേളനത്തില്‍ ജയപ്രകാശിനെ തോല്‍പ്പിക്കാന്‍ നേതൃത്വത്തിലെ ഒരു വിഭാഗം നടത്തിയ ശ്രമം വിജയം കണ്ടിരുന്നു.
വിഭാഗീയത ഇല്ലാതെ സമ്മേളനം നടത്തി അവസാനിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ ശ്രമം. ഇരുപക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ച് നിന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ സമാധാന ശ്രമങ്ങള്‍ വിഫലമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.