കൊലപാതകം സിപിഎം വിട്ടതിന്റെ പ്രതികാരം

Sunday 26 November 2017 9:23 pm IST

കെ.ആര്‍ വിജയഗോപാല്‍

കൊടുങ്ങല്ലൂര്‍: കയ്പമംഗലത്ത് കൊലചെയ്യപ്പെട്ട സതീശന്‍ മുന്‍ സിപിഎമ്മുകാരന്‍. പാര്‍ട്ടി വിട്ട് ബിജെപി അനുഭാവിയായി മാറിയതിന്റെ പേരിലാണ് സതീശനും മറ്റു മൂന്നു പേര്‍ക്കും ആക്രമണം നേരിടേണ്ടി വന്നത്. സതീശന്റെ സഹോദരപുത്രന്‍ ജിനീഷ് ഉള്‍പ്പെടെ അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന ബിജെപി പ്രവര്‍ത്തകരെ സിപിഎം ക്രിമിനലുകള്‍ പലവട്ടം ആക്രമിച്ചിട്ടുണ്ട്.
പെരിഞ്ഞനം നവാസ് വധക്കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് അക്രമികള്‍. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സലീഷ്, നിധിന്‍, ശരത് ലാല്‍, ദിലിപ്, വിഷ്ണു, മോഹന്‍ദാസ് എന്നിവരുള്‍പ്പെടെ ഇരുപത്തഞ്ചോളം പേരാണ് മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. ഇവരില്‍ ശരത് ലാല്‍ പഞ്ചായത്ത് ജീവനക്കാരനും വിഷ്ണു അയിരൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റിയുമാണ്. അഞ്ചു പേരടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് സിപിഎം അക്രമത്തില്‍ ഇല്ലാതായത്.
സതീശന്റെ മരണവിവരമറിഞ്ഞ് വന്‍ ജനാവലി കയ്പമംഗലത്തെ വീട്ടിലെത്തി. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, മണ്ഡലം പ്രസിഡന്റ് പി.എസ്.അനില്‍കുമാര്‍ തുടങ്ങിയ നിരവധി നേതാക്കളും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുവാനെത്തിയിരുന്നു.
കയ്പമംഗലം നിയോജക മണ്ഡലത്തിലും കൊടുങ്ങല്ലൂര്‍ നഗരസഭ പ്രദേശത്തും ഇന്ന് ഹര്‍ത്താലാചരിക്കുവാന്‍ ബിജെപി ആഹ്വാനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.