ഉത്പാദനം കുറഞ്ഞു; മുട്ടവില കുതിക്കുന്നു

Monday 27 November 2017 2:30 am IST

കട്ടപ്പന(ഇടുക്കി): തമിഴ്‌നാട്ടില്‍ ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് മുട്ടവില ഉയരുന്നു. ഒക്ടോബര്‍ മാസം ആറ് രൂപയില്‍ താഴെ വിലയുണ്ടായിരുന്ന കോഴിമുട്ട വില ചില്ലറ വിപണിയില്‍ ഏഴായി. എട്ടുരൂപ വിലയുണ്ടായിരുന്ന താറാവ് മുട്ടയ്ക്ക് പത്തു രൂപയായി.

തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പ്രധാനമായും മുട്ടയെത്തുന്നത്. ബോഡിമെട്ട് ചെക്‌പോസ്റ്റിലൂടെ മാസം 16 ലോഡ് മുട്ട മുന്‍പ് കടന്ന് പോയിരുന്നത് എട്ടായി ചുരുങ്ങി. കമ്പംമെട്ട് ചെക്ക്‌പോസ്റ്റിലൂടെ 20 ലോഡ് മുട്ട കടന്ന് പോയിരുന്നത് 12 ആയും ചുരുങ്ങി.
പ്രധാന ചെക്‌പോസ്റ്റായ കുമളിയിലും മുട്ടയുമായി വരുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളിലെ മുട്ടയുടെ അളവില്‍ കുറവ് വന്നിട്ടുണ്ടെന്ന് ജീവനക്കാരും പറയുന്നു. കേരളത്തിലെ ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ മുട്ടയുടെ വില എട്ട് രൂപയായിരുന്നത് പത്തായി ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ മുട്ടയുത്പാദനം കുത്തനെ ഇടിഞ്ഞതാണ് വില വര്‍ധിക്കുവാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്.

കോഴിത്തീറ്റയുടെ വില വര്‍ധിച്ചതും മുട്ടയ്ക്ക് ന്യായവില ലഭിക്കാത്തതും മൂലം മുന്‍ വര്‍ഷങ്ങളില്‍ നാമക്കല്ലിലെ കോഴിഫാം ഉടമകള്‍ വന്‍ നഷ്ടം നേരിട്ടിരുന്നു. ഇതോടെ ഫാമുകള്‍ പലതിനും പൂട്ട് വീണു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.