ലൗ ജിഹാദ്: സമഗ്ര റിപ്പോര്‍ട്ട് കേന്ദ്രത്തിന്

Monday 27 November 2017 2:55 am IST

ന്യൂദല്‍ഹി: കേരളത്തിലെ സംഘടിത ലൗ ജിഹാദ് കേസുകള്‍ സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയും (ഐബി) റിസര്‍ച്ച് ആന്‍ഡ് അനാലസിസ് വിങ്ങും (റോ) തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കൈമാറി. അഖില കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തലുകളുടെ പകര്‍പ്പ് ദേശീയ അന്വേഷണ ഏജന്‍സിക്കും നല്‍കി.

ഐബിയുടേയും റോയുടേയും കേരളാ ഘടകങ്ങള്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ മലപ്പുറം മഞ്ചേരിയിലെ സത്യസരണി കേന്ദ്രീകരിച്ച് നടക്കുന്ന അസ്വാഭാവിക മതപരിവര്‍ത്തനങ്ങള്‍, നിഗൂഢമായ പ്രവര്‍ത്തനരീതികള്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അന്യമതത്തിലെ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതംമാറ്റുന്ന സംഘടിതശ്രമം, ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന യുവാക്കള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍ എന്നിവ വ്യക്തമാക്കുന്നു. വിദേശരാജ്യങ്ങളില്‍ നിന്ന് കുഴല്‍പ്പണമായെത്തുന്ന പണം, വിവിധ കോടതികളില്‍ നല്‍കുന്ന നിയമസഹായ സംവിധാനങ്ങള്‍ എന്നിവയെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടുകളാണ് രണ്ട് വിഭാഗങ്ങളും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്.

ഇന്നുച്ചയ്ക്ക് മൂന്നു മണിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഖിലയുടെ മൊഴിയെടുക്കും. ഇതിന് ശേഷം എന്‍ഐഎയുടെ വാദം കേള്‍ക്കുന്ന വേളയില്‍ ഇക്കാര്യങ്ങളെല്ലാം കോടതിയെ ധരിപ്പിക്കാനാണ് തീരുമാനം. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരടക്കം എല്ലാവരും ദല്‍ഹിയിലെത്തി എന്‍ഐഎയുടെ കേസ് വാദിക്കുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങുമായി ചര്‍ച്ച നടത്തി.

മതംമാറ്റത്തിന് വിധേയമായ അഖിലയുടെ മനോനില സ്വാഭാവികാവസ്ഥയിലല്ലെന്ന് എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. മുദ്രവച്ച നാലു കവറുകളിലായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അഖിലയെ പോപ്പുലര്‍ ഫ്രണ്ട് വലവിരിച്ചു പിടിച്ച രീതി വിശദമായി പ്രതിപാദിക്കുന്നു. ഐഎസില്‍ ചേരാന്‍ ആളുകളെ എത്തിച്ചാല്‍ എത്ര രൂപ ലഭിക്കുമെന്ന് ഷെഫിന്‍ ജഹാന്‍ ഐഎസ് ഏജന്റുമായി സംവദിച്ചതിന്റെ രേഖകളും റിപ്പോര്‍ട്ടിനൊപ്പം കോടതിയില്‍ നല്‍കി.

തന്റെ മകള്‍ ദുര്‍ബ്ബലമായ മാനസികാവസ്ഥയിലാണെന്നും അങ്ങനെ നടന്ന വിവാഹത്തിന് അനുമതി നല്‍കരുതെന്നുമാണ് അഖിലയുടെ അച്ഛന്‍ അശോകന്റെ ആവശ്യമെന്ന് അഭിഭാഷകന്‍ അഡ്വ. രാജേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു. അഖിലയും അശോകനും താമസിക്കുന്ന കേരളാ ഹൗസിന് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അഖില കേസ് വിവാഹ പ്രശ്‌നം മാത്രമല്ല: കുമ്മനം

അഖില കേസ് വിവാഹ പ്രശ്‌നം മാത്രമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന തീവ്രവാദ പ്രവര്‍ത്തനമാണിത്. ഹൈക്കോടതി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. കേസ് നടക്കട്ടെ. ഇതിനു പിന്നിലെ ദേശദ്രോഹ പ്രവര്‍ത്തനങ്ങളും പുറത്തു വരണം. വിഷയത്തില്‍ മാതാപിതാക്കളുടെ അഭിപ്രായത്തിനും വിലയുണ്ട്, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.