ഫറോക്ക്: മലയാള സാഹിത്യത്തിന് നർമത്തിന്റെ മേമ്പൊടി ചേർത്ത മലയാളികൾ നെഞ്ചേറ്റിയ പ്രിയ എഴുത്തുകാരൻ ബേപ്പൂർ സുൽത്താന്റെ ഓർമകളുമായി സ്മാരകം . ചാലിയം ഗവ. ഫിഷറീസ് എൽ.പി സ്കൂളിലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിൽ സ്മാരകമൊരുങ്ങുന്നത്. മലയാള പത്രങ്ങൾ ലഭിക്കുന്ന വായനശാലയും പ്രശസ്ത എഴുത്തുകാരുടെ കൃതികളടങ്ങിയ ലൈബ്രറിയും ഇവിടെ സജ്ജമാകുന്നു.
ബഷീർ ജീവചരിത്രവും കൃതികളും അതോടൊപ്പം അമ്പതിൽപരം സാഹിത്യകാരൻമാരുടെ ജീവിത ചരിത്ര ഡോക്യുമെന്ററി സിഡികളും ഇവിടെയുണ്ടാകും. നാട്ടുകാർക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തുവാനുള്ള സൗകര്യവും ഈ സ്മാരകത്തിൽ ഉണ്ടാകും. സോഷ്യൽ മീഡിയയുടെ അതിപ്രസരണം വായനയെ മലയാളിയിൽ നിന്നും അകറ്റി നിർത്തുന്ന ഈ കാലഘട്ടത്തിൽ എഴുത്തിനേയും വായനയേയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്മാരകത്തിന്റെ ലക്ഷ്യം.
29 ന് (ബുധനാഴ്ച)രാവിലെ 10 മണിക്ക് നടൻ മാമുക്കോയയുടെ സാന്നിധ്യത്തിൽ ബഷീറിന്റെ പുത്രൻ അനീസ് ബഷീർ സ്മാരകം നാടിന് സമർപ്പിക്കും. ഇതോടനുബന്ധിച്ച് ഒരുക്കുന്ന ശീതീകരിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അജയകുമാർ നിർവ്വഹിക്കും. പിടിഎ പ്രസിഡണ്ട് വി.ജമാൽ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ കലാകാരൻമാരെ ആദരിക്കും.
എഇഒ പി.കെ. ശോഭന സമ്മാനദാനവും ബിപിഒ കെ .പി .സ്റ്റിവി പുസ്തക സമാഹരണവും ബ്ലോക്ക് പഞ്ചായത്തംഗം എൻ കെ ബിച്ചിക്കോയ ക്ലാസ് ലൈബ്രറികൾക്ക് തുടക്കം കുറിക്കും. ജനപ്രതിനിധികൾസാമൂഹിക സാംസ്ക്കാരിക പ്രവർത്തകർ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: