മഞ്ചേരിയിലെ അനധികൃത ഓട്ടോറിക്ഷ സര്‍വീസ് തടയാനാവാതെ പോലീസ്‌

Monday 27 November 2017 10:41 am IST

മഞ്ചേരി: നഗരത്തിലും പരിസര പ്രദേശങ്ങളിലും അനധികൃതമായി സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ വ്യാപകമാകുന്നു. വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി ട്രാഫിക് പൊലീസ് ഇതിനെതിരെ ആരംഭിച്ച നടപടികളൊന്നും ഫലം കാണുന്നില്ല. വേട്ടേക്കോട്, പുല്ലഞ്ചേരി ഭാഗങ്ങളില്‍ പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നത് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ജീവനക്കാര്‍ വീണ്ടും മഞ്ചേരി ട്രാഫിക് പോലീസിന് പരാതി നല്‍കി.
നിരവധി ഓട്ടോറിക്ഷകള്‍ വന്നുപോവുന്ന പുല്ലഞ്ചേരി ഭാഗത്ത് 16 ഓട്ടോറിക്ഷകളാണ് നിയമാനുസൃത അനുമതികളേതുമില്ലാതെ യാത്രക്കാരെ കയറ്റി മഞ്ചേരിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നത്.
മഞ്ചേരിയില്‍ നിന്ന് വേട്ടേക്കോട് വഴി ആലിങ്ങലിലേക്കും പുല്ലഞ്ചേരിയിലേക്കുമായി രണ്ട് മിനി ബസുകളാണ് സര്‍വീസ് നടത്തുന്നത്. ദിവസവും മുപ്പതോളം സര്‍വീസുകള്‍ നടത്തുന്ന ഈ ബസുകള്‍ക്ക് ഓട്ടോറിക്ഷകളുടെ റൂട്ടു കയ്യേറ്റത്തെ തുടര്‍ന്ന് യാത്രക്കാരെ കിട്ടാത്ത സ്ഥിതിയാണ്.
അഞ്ച് കിലോമീറ്റര്‍ ദുരമുള്ള മഞ്ചേരി ആലിങ്ങല്‍ റൂട്ടില്‍ ഏഴു രൂപയാണ് ബസ് യാത്രാ നിരക്ക്. ഏഴു കിലോമീറ്ററുള്ള പുല്ലഞ്ചേരിയിലേയ്ക്ക് ഒന്‍പതു രൂപയും. അര മണിക്കൂര്‍ ഇടവിട്ട് ബസ് സര്‍വീസുണ്ടെങ്കിലും ഇതിനിടയില്‍ ഓട്ടോറിക്ഷകള്‍ യാത്രക്കാരെ റാഞ്ചുകയാണ്. ഇതോടെ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പലപ്പോഴും ഉണ്ടാവാറ്. 10 രൂപയാണ് ഓട്ടോറിക്ഷകള്‍ ഇത്തരം സര്‍വീസില്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്.
നിയമാനുസൃതമായി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കും ഈ അനധികൃത സര്‍വീസ് ഭീഷണിയായിട്ടുണ്ട്. ഏറെ നേരം ട്രാക്കില്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റി പോവുമ്പോള്‍ അനധികൃതമായി സര്‍വീസ് നടത്തുന്നവര്‍ യാത്രക്കാര്‍ക്കായി കറങ്ങി നടക്കുകയാണ് പതിവ്.
കൂടുതല്‍ യാത്രക്കാരെ കയറ്റി അമിത ലാഭം കൊയ്യാനുള്ള അനധികൃത സര്‍വീസുകാരുടെ ശ്രമം അപകട ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. പുല്ലഞ്ചേരിയിലും ആലിക്കലും ബസുകള്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുന്നതിനിടയില്‍ പോലും ഓട്ടോറിക്ഷകള്‍ നിയമത്തെ വെല്ലുവിളിച്ച് സമാന്തര സര്‍വീസ് നടത്തുകയാണെന്ന് ബസ് തൊഴിലാളികള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.