അങ്കത്തട്ടിൽ വിജയ് രൂപാനിയുടെ പടയൊരുക്കം

Monday 27 November 2017 10:49 am IST

പ്രചാരണ പരിപാടികൾക്ക് ഒട്ടും കുറവ് വരുത്താതെ വിജയം കൈപ്പിടിയിൽ ഒതുക്കുവാൻ തന്നെയാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ലക്ഷ്യം. കഴിഞ്ഞ ഓഗസ്റ്റിൽ ഗുജറാത്തിന്റെ മുഖ്യമന്ത്രി പദത്തിലേറിയ വിജയ് രൂപാനിക്ക് ഇത്തവണത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഏറെ പ്രധാനപ്പെട്ടതാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ഒരു മഹായുദ്ധമായിട്ട് തന്നെയാണ് അദ്ദേഹം കാണുന്നത്. 182 സീറ്റുകളിൽ 150ലധികം നേടി ഒരു മഹാ വിജയം കൈവരിക്കാൻ ബിജെപി ലക്ഷ്യമിടുമ്പോൾ രൂപാനി അതിന്റെ തേരാളിയെന്ന പോലെ ബിജെപിക്കൊപ്പമുണ്ട്. ഇതിനോടൊപ്പം കോൺഗ്രസ് ഉയർത്തുന്ന കനത്ത വെല്ലുവിളിയെ രൂപാനി നേതൃത്വം കാര്യമായിത്തന്നെയാണ് പരിഗണിക്കുന്നത്.

ഗുജറാത്തിൽ 150ലധികം സീറ്റുകൾ നേടുമെന്നതിൽ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല, 2012ൽ നരേന്ദ്രമോദിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് 115 സീറ്റുകൾ ലഭിച്ചു. ഇപ്പോൾ അദ്ദേഹം ഭാരതത്തിന്റെ പ്രധാനമന്ത്രിയാണ്, ജനങ്ങൾ കൂടുതൽ സ്നേഹം അദ്ദേഹത്തിന് നൽകും എന്നതിൽ സംശയമില്ലെന്നാണ് രൂപാനി അഭിപ്രായപ്പെടുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് രാജ്യമൊട്ടാകെ നോക്കികാണുകയാണ്. കേന്ദ്രത്തിന്റെ പുരോഗമനപരമായ പദ്ധതികളിൽ ജനങ്ങൾ സന്തുഷ്ടരാണ്, അതിനാൽ ഗുജറാത്തിൽ മാത്രമല്ല വരാൻ പോകുന്ന 2019ലെ തെരഞ്ഞെടുപ്പിലും ബിജെപി കൂറ്റൻ വിജയം നേടുമെന്നുറപ്പുണ്ട്.

കോൺഗ്രസിന്റെ വർഗീയതയും ജാതി തിരിവും ഗുജറാത്തിലെ ജനങ്ങൾ മനസിലാക്കി കഴിഞ്ഞു. 1995വരെ ഗുജറാത്തിനെ കോൺഗ്രസ് ജാതിയുടെയും വർണവെറികളുടെയും അടിസ്ഥാനത്തിൽ തരം തിരിച്ചിരുന്നു. എന്നാൽ അതിനുശേഷമെത്തിയ ബിജെപി സർക്കാർ കഴിഞ്ഞ 22 വർഷമായി ഗുജറാത്തിനെ വികസനത്തിന്റെ പാതയിലേക്കാണ് നയിച്ച് കൊണ്ടിരിക്കുന്നതെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിലയിരുത്തുന്നു.

ഇപ്പോൾ ഗുജറാത്തിലെ പട്ടീദാർ വിഭാഗത്തെ മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസ് കളിക്കുന്ന രാഷ്ട്രീയം വിലപ്പോകില്ല, കാരണം കാലാകാലങ്ങളായി പാട്ടീദാർ സമുദായം ബിജെപി സർക്കാരിന് മികച്ച പിന്തുണ നൽകി വരുന്നുണ്ട്. പാട്ടീദാർ സമുദായത്തിന്റെ എല്ലാ വേണ്ടപ്പെട്ട ആവശ്യങ്ങളും നിറവേറ്റി കൊടുക്കുവാൻ തങ്ങൾ തയ്യാറാണെന്നും രൂപാനി വ്യക്തമാക്കുന്നു. ഹാർദിക് പ്ട്ടേൽ സ്വന്തം സമുദായത്തെ ഒറ്റിക്കൊടുത്ത് സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുവാൻ വ്യഗ്രത കാണിക്കുകയാണെന്നും രൂപാനി കുറ്റപ്പെടുത്തി.

കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്, രാഹുൽ ഗാന്ധിയുടെ നേതൃത്വം അവർക്ക് എത്രമാത്രം ശക്തി പകരും എന്നത് കണ്ടറിയണം. അതേ സമയം കോൺഗ്രസിന് മികച്ച നേതാക്കൾ ഇല്ലാതെ പോകുന്നത് അവരുടെ പരാജയത്തെ ക്ഷണിച്ച് വരുത്തുമെന്നതിന് സംശയമില്ല. തെരഞ്ഞെടുപ്പിന് മുൻപേ അവർ പരാജയത്തിന്റെ രുചിയറിഞ്ഞു എന്നതാണ് സത്യം.

സംസ്ഥാനത്ത് തൊഴിൽ ക്ഷാമം രൂക്ഷമായിട്ടുണ്ട് എന്ന വാദത്തെയും അദ്ദേഹം നിരസിച്ചു. സംസ്ഥാനത്ത് 80,000 ചെറുപ്പക്കാർക്ക് സർക്കാർ തൊഴിലവസരങ്ങൾ നൽകി. കൂടതെ നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കുന്നു. കോൺഗ്രസ് പൊള്ളത്തരങ്ങൾ വിളിച്ച് പറഞ്ഞ് വോട്ട് കൂട്ടുവാൻ നോക്കുകയാണെന്നും രൂപാനി തുറന്നടിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് കോൺഗ്രസിന് തക്കതായ മറുപടി കൊടുക്കുമെന്നതിന് സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.