ടാറ്റു'വിനെ 'ശ്രദ്ധിക്കണം

Tuesday 28 November 2017 2:23 am IST

തിരുവനന്തപുരം: അരനൂറ്റാണ്ടു മുമ്പുവരെ ഭാരതീയരെ ഹരം കൊള്ളിച്ച കലയായിരുന്നു പച്ചകുത്ത്. കൈകാലുകളില്‍ വിവിധ ചിത്രങ്ങള്‍ വരച്ച് പച്ചകുത്താന്‍ ഉപയോഗിക്കുന്ന സൂചി പച്ച നിറത്തില്‍ മുക്കിയശേഷം തൊലിയില്‍ കുത്തി നിറം പിടിപ്പിക്കുന്ന കലയെയാണ് പച്ചകുത്ത് എന്ന് വിശേഷിപ്പിച്ചിരുന്നത്. പച്ചിലയുടെ ചാറെടുത്ത് പ്രത്യേകചേരുകളോടെയാണ് ഇതിനുള്ള മഷി തയ്യാറാക്കിയിരുന്നത്. അന്നത് ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കിയിരുന്നില്ല. സമ്പന്നര്‍ മുതല്‍ ദരിദ്രര്‍ വരെ സ്വശരീരങ്ങളില്‍ ഈ കല പ്രയോഗിച്ചിരുന്നു. പച്ചകുത്ത് മരണംവരെ കുത്തുന്ന ആളിന്റെ ശീരീരത്തില്‍ മങ്ങാതെ മായാതെ ഉണ്ടാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പച്ചകുത്ത് സജീവമാണ്.
കേരളത്തിലിന്ന് യുവതീയുവാക്കള്‍ക്കിടയില്‍ ടാറ്റു എന്ന പുതിയ പേരില്‍ പഴയ പച്ചകുത്ത് കടന്നു വന്നിരിക്കുന്നു. പച്ചനിറം മാത്രമല്ല, എല്ലാ നിറത്തിനും ഡിസൈനിലും ഇത് ലഭ്യമാണെന്ന് മാത്രം. പച്ചിലയുടെ ചാര്‍ എടുത്ത് പ്രത്യേക രീതിയില്‍ തയ്യാറാക്കിയായിരുന്ന മഷിക്ക് പകരം രാസവസ്തുക്കള്‍ അടങ്ങിയവയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. നഗരത്തില്‍ ഇന്ന് പലയിടത്തും ടാറ്റു പതിപ്പിക്കുന്ന കടകളും സജീവം. എന്നാല്‍ ഇവ എത്രമാത്രം സുരക്ഷിതമാണ്, ഇത് കൊണ്ടുണ്ടാകുന്ന രോഗങ്ങളെന്തൊക്കെ എന്നിവയെക്കുറിച്ച് ആര്‍ക്കും അറിയില്ല. അതിലേക്കായി ഒരു അന്വേഷണം.
ടാറ്റു ഇല്ലാതെന്ത് ന്യൂജെന്‍
ചെറിയ ടാറ്റുവെങ്കിലും ശരീരത്തിലില്ലെങ്കില്‍ അതൊരു കുറവായി കാണുന്നവരാണ് ന്യൂ ജനറേഷന്‍. കഴുത്ത്, നെഞ്ച്, കൈ, കാല്‍ തുടങ്ങിയവയില്‍ പല രൂപത്തിലും വര്‍ണത്തിലും ടാറ്റു പതിക്കുന്നു. കവടിയാര്‍, വെള്ളയമ്പലം, സ്റ്റാച്യു, ബീമാപള്ളി, കണ്ണമ്മൂല തുടങ്ങിയസ്ഥലങ്ങളില്‍ ടാറ്റു പതിപ്പിക്കുന്ന കടകള്‍ സജീവമാണ്. എന്നാല്‍ ഇവയിലധികവും അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്. കൂടാതെ രഹസ്യസ്ഥലങ്ങളില്‍ വച്ചും ടാറ്റു പതിപ്പിക്കാറുണ്ട്. ലഹരി വസ്തുക്കള്‍ പറയുന്നസ്ഥലത്ത് കൊണ്ടെത്തിച്ചാല്‍ ഫ്രീയായി ടാറ്റു പതിപ്പിച്ചു നല്‍കുമെന്ന് ഒരു യുവാവ് ജന്മഭൂമിയോട് പറഞ്ഞു. ഒരേ രീതിയില്‍ ഒരേപോലെ ടാറ്റു പതിക്കുന്നത് ചില സംഘങ്ങളുടെ കോഡ് ഭാഷയാണെന്നാണ് പോലീസ് പറയുന്നത്.
എയ്ഡ്‌സിനും സാധ്യത
ടാറ്റു ശരീരത്തില്‍ പതിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പലരും ശുചീകരിക്കാറില്ല. ഒരാള്‍ക്ക് ഉപയോഗിക്കുന്ന സൂചി തന്നെയാണ് മറ്റുള്ളവര്‍ക്കും ഉപയോഗിക്കുന്നത്. കൃത്യമായി ഉപയോഗിക്കാന്‍ അറിയാത്തതുകൊണ്ട് പലര്‍ക്കും അണുബാധയുണ്ടാകാറുമുണ്ട്. കൂടാതെ ഇതുമൂലം എയ്ഡ്‌സ്‌പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാകാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഉപകരണങ്ങളും മഷിയും ബംഗുളൂരുവില്‍ നിന്നാണ് എത്തിക്കുന്നത്. നിറങ്ങളില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്ന് ചോദിച്ചാല്‍ ഇവര്‍ക്കറിയില്ല. 500 രൂപ മുതലാണ് ടാറ്റു പതിപ്പിക്കാന്‍ ഈടാക്കുന്നത്.
രോഗത്തെ വിളിച്ച് വരുത്തുന്നു
സ്ഥിരമായി ടാറ്റു ചെയ്യുന്നത് രോഗപ്രതിരോധശേഷിയെ കാര്യമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ടാറ്റു ചെയ്യുമ്പോള്‍ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള രാസവസ്തുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുക. സാധാരണ നിറങ്ങള്‍ക്കു പുറമെ നിക്കല്‍, ക്രോമിയം, മാംഗനീസ്, കോബാള്‍ട്ട് എന്നിവയുടെ അംശങ്ങളും ടാറ്റുവിലൂടെ ശരീരത്തിലെത്തും. ടൈറ്റാനിയം ഡയോക്‌സൈഡ് എന്ന ചായക്കൂട്ടാണ് നിറം കഴിഞ്ഞാല്‍ ടാറ്റു പതിപ്പിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇതുപയോഗിക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടാറ്റു കടകളെപറ്റി ഷാഡോ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.