കോണ്‍ഗ്രസ്സ് പ്രേമവുമായി വീണ്ടും സിപിഐ

Tuesday 28 November 2017 2:45 am IST

അടുത്ത ഏപ്രിലിലാണ് കൊല്ലത്ത് സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്സിനായുള്ള കരട് രേഖ തയ്യാറായി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുമായി സഖ്യം വേണമെന്നാണ് രേഖ സൂചിപ്പിക്കുന്നത്. സിപിഐയുടെ ഈ നിലപാട് പുതിയതൊന്നുമല്ല. ദീര്‍ഘകാലം കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള കക്ഷിയാണ് സിപിഐ.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎം രൂപംകൊണ്ടശേഷം കേരളത്തില്‍ 1965-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവരുടെ ജനപിന്തുണ എത്രയെന്ന് വ്യക്തമായതാണ്. മത്സരിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശുപോലും ലഭിച്ചില്ല. വോട്ടുകളുടെ എണ്ണം മൂന്നക്കത്തില്‍ കൂടുതല്‍ ലഭിച്ചത് ഏതാനും സീറ്റുകളില്‍ മാത്രം. 1967- ലെ തെരഞ്ഞെടുപ്പില്‍ ഇടതും വലതും പാര്‍ട്ടികള്‍ യോജിച്ചാണ് മത്സരിച്ചത്. സപ്തകക്ഷി മുന്നണിക്ക് ജയിക്കാനും ഭരണത്തിലെത്താനും സാധിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട മന്ത്രിസഭയില്‍ അംഗങ്ങളായ എം.എന്‍.ഗോവിന്ദന്‍ നായരും ടി.വി.തോമസും പ്രബലരായിരുന്നു.

എന്നിട്ടും വല്യേട്ടന്റെ ചവിട്ടും കുത്തുമേറ്റ് അവര്‍ക്ക് കഴിയേണ്ടിവന്നു. ആ ബന്ധം രണ്ടുവര്‍ഷംപോലും തികയ്ക്കാന്‍ സാധിച്ചില്ല. സിപിഎമ്മിന്റെ ആട്ടും തുപ്പും സഹിക്കാന്‍ കഴിയാതെ സപ്തമുന്നണിയോട് സിപിഐ വിടപറയുകയും ചെയ്തു.
സിപിഎം ബന്ധം വിട്ട സിപിഐയെ തന്ത്രപൂര്‍വ്വം കോണ്‍ഗ്രസ്സ് വശത്താക്കി. രാജ്യസഭാംഗമായിരുന്ന സി.അച്ചുതമേനോനെ മുഖ്യമന്ത്രിയാക്കി പിന്‍സീറ്റ് ഡ്രൈവിങ് നടത്തുകയായിരുന്നു കോണ്‍ഗ്രസ്സ്. രാജ്യം തടവറയാക്കിയ അടിയന്തരാവസ്ഥയിലും കോണ്‍ഗ്രസ്സുമായി സഖ്യം തുടര്‍ന്ന സിപിഐ ‘നാവടക്കൂ പണിയെടുക്കൂ’ എന്ന ഇന്ദിരാഗാന്ധിയുടെ ഫാസ്റ്റിസ്റ്റ് സമീപനത്തിന് പൂര്‍ണപിന്തുണ നല്‍കുകയും ചെയ്തു.

ബോണസ്സിനേക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തരാവസ്ഥയെന്ന് പരസ്യമായി വാഴ്ത്തിപറഞ്ഞത് സി.അച്ചുതമേനോനാണ്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ അച്ചുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കിരാതഭരണം കേരളത്തിലും നടന്നത്. അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തിയ ജനസംഘത്തിന്റെയും ആര്‍എസ്എസിന്റെയും നേതാക്കളേയും പ്രവര്‍ത്തനകരേയും തല്ലി എല്ലൊടിച്ച് ജിയിലിലടച്ചു. ഇന്ദിരാ ഗാന്ധിയെ വിമര്‍ശിക്കുന്നവരെയെല്ലാം തടങ്കലിലാക്കുന്നതിന് പിന്‍ബലം നല്‍കിയ സിപിഐക്ക് അടിന്തരാവസ്ഥയ്ക്കുശേഷമാണ് ബോധോദയമുണ്ടായത്. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ക്ലീന്‍ സ്ലേറ്റില്‍ തുടങ്ങാമെന്ന ഇഎംഎസിന്റെ പ്രാഖ്യാപനത്തെ സ്വാഗതം ചെയ്ത് സിപിഎമ്മിനൊപ്പമെത്തി. മുഖ്യമന്ത്രിയായിരുന്ന പി.കെ.വാസുദേവന്‍ നായരെ രാജിവയ്പിച്ചായിരുന്നു ഇടതുമുന്നണിയില്‍ സിപിഐ എത്തിയത്.

ഇപ്പോള്‍ ബിജെപി ഭയംകൊണ്ടാണ് കോണ്‍ഗ്രസ്സിനോട് സിപിഐയ്ക്ക് വീണ്ടും പ്രണയം പൊട്ടിമുളച്ചത്. ബിജെപി ഫാസിസ്റ്റാണെന്നും, കേന്ദ്രത്തില്‍ ഫാസിസ്റ്റ് ഭരണമാണെന്നുമാണ് അവരുടെ ആവലാതി. അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഫാസിസമെന്താണെന്നറിയാം. എന്നും ഫാസിസത്തോടൊപ്പം നിന്ന് കോണ്‍ഗ്രസ്സിനെ സഹായിച്ച സിപിഐക്ക് ഉണ്ട ചോറിനോട് നന്ദി കാട്ടണം. ആത്മഹത്യാ മുനമ്പില്‍ നിന്ന് കോണ്‍ഗ്രസ്സിനെ രക്ഷിക്കണമെന്ന മോഹമാണവര്‍ക്ക്.

കോണ്‍ഗ്രസ്സിനെ സഹായിക്കണമെന്നാണ് സിപിഎമ്മിന്റെയും മോഹം. അതിനായി അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി കഠിനപ്രയത്‌നത്തിലാണ്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ ഇതിന്റെ പേരില്‍ ചേരിതിരിഞ്ഞ ചര്‍ച്ചയും നടന്നു. ഈ വിഷയത്തില്‍ പാര്‍ട്ടി പിളര്‍ന്നേക്കുമെന്നുപോലും വാര്‍ത്ത വന്നു. ഏതായാലും സിപിഐക്ക് ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സാണ് ആശ്രയം. അഖിലേന്ത്യാതലത്തില്‍ സിപിഎമ്മിന് ഒരു സംഭാവനയും ചെയ്യാനില്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ചും. അധികം വൈകാതെ സിപിഐയുടെ മാര്‍ഗം സിപിഎമ്മും സ്വീകരിച്ചേക്കും. എന്നാല്‍ ഇതുകൊണ്ടൊന്നും ബിജെപിയെ പരാജയപ്പെടുത്താമെന്ന വ്യാമോഹം വേണ്ട.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.