തഴക്കര സഹകരണ ബാങ്ക് ക്രമക്കേട്

Tuesday 28 November 2017 2:00 am IST

ഉദ്യോഗസ്ഥ സ്ഥലംമാറ്റം: ബിജെപി പ്രക്ഷോഭത്തിന്
ആലപ്പുഴ: മാവേലിക്കര തഴക്കര സഹകരണബാങ്കിലെ ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി അന്വേഷണം അട്ടിമറിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ ബിജെപി ജനകീയ പ്രക്ഷോപവും, നിയമ പോരാട്ടവും നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്രമക്കേടിലുടെ കടത്തിയ തുക എവിടെയെത്തിയെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്താറായപ്പോളാണ് കൂട്ടസ്ഥലമാറ്റമുണ്ടായത്.
കേസില്‍ ഇപ്പോള്‍ പ്രതിയായിട്ടുള്ളത് ജീവനക്കാര്‍ മാത്രമാണ്. ബാക്കിയുള്ളവരിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ വേണ്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത്. സിപിഎം – കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും കേസില്‍ പങ്കുള്ളതായാണ് വിവരം. ഇവരുടെ പങ്കും അന്വേഷണ വിധേയമാക്കണം. ബാങ്കിലെ ബിനാമി പേരില്‍ വന്‍ നിക്ഷേപങ്ങളുണ്ട്. ഇത് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണം. സാങ്കേതിക വിദ്യ തകരാറിലാക്കിയവരെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സഹകരണ നിയമം ലംഘിച്ച് തഴക്കര ബാങ്ക് മാനേജരായിരുന്ന ജ്യോതിമധു ചെങ്ങന്നൂര്‍ സഹ.ബാങ്കില്‍ 30 ലക്ഷം നിക്ഷേപിച്ചതിലും ദുരൂഹതയുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി പ്രസിഡന്റായുള്ള അരിക്കര സഹ.ബാങ്കിലാണ് തട്ടിപ്പ് തുക വന്നതെന്ന് പറയുന്നു. മോഷണ മുതല്‍ പരസ്യമായി കൈപ്പറ്റിയാല്‍ മാന്യത കിട്ടുമെന്നാണ് സിപിഎം നിലപാട്. അഴിമതിയുടെ കാര്യത്തില്‍ സിപിഎമ്മും,കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും സോമന്‍ പറഞ്ഞു.
ചെട്ടികുളങ്ങര സഹകരണബാങ്കിലെ ജീവനക്കാരന്‍ ഗോപികൃഷ്ണന്റെ മരണം അന്വേഷിക്കാന്‍ പോലും ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഇരുവരും സഹകരണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണ്. ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ വീടുകള്‍ക്ക് നേരെ നടന്ന അക്രമത്തിലെ പ്രതികളെ പോലും പിടികൂടിയില്ല. ഈ ഉദ്യോഗസ്ഥരെ സ്ഥലമാറ്റുകയും ചെയ്തതായി സോമന്‍ പറഞ്ഞു. ജീല്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാറും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.