ഗുരുപവനപുരി ഒരുങ്ങി ഏകാദശി വ്യാഴാഴ്ച

Monday 27 November 2017 9:43 pm IST

ഗുരുവായൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി വ്യാഴാഴ്ച. ഏകാദശിയുടെ ഭാഗമായി നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിലെ ആകര്‍ഷകമായ പഞ്ചരത്ന കീര്‍ത്തനാലാപനവും ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണവും ബുധനാഴ്ച നടക്കും. വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്.
ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. അരിഭക്ഷണം വെടിഞ്ഞ് ഏകാദശി വ്രതം നോറ്റെത്തുന്ന ഭക്തര്‍ക്ക് ദേവസ്വം പ്രസാദ് ഊട്ട് നല്‍കും. ഇതിനായി പ്രത്യക പന്തലുകള്‍ തയ്യാറായി കഴിഞ്ഞു. ദശമി ദിവസമായ ബുധനാഴ്ച രാവിലെ 9 നാണ് പഞ്ചരത്നകീര്‍ത്തനാലാപനം ആരംഭിക്കുക. ഒരു മണിക്കൂര്‍ നീളുന്ന കീര്‍ത്തനാലാപനത്തില്‍ നൂറോളം സംഗീത പ്രതിഭകള്‍ ഒന്നിച്ചണിനിരക്കും. ത്യാഗരാജ ഭാഗവതരുടെ അഞ്ച് കീര്‍ത്തനങ്ങള്‍ വേദിയിലെ സംഗീതജ്ഞര്‍ ഒന്നിച്ചാലപിക്കുമ്പോള്‍ സദസ്യരും പങ്കുചേരും.
ഏകാദശി ദിവസമായ വ്യാഴാഴ്ച രാത്രി 9.30ന് ചെമ്പൈയുടെ ഇഷ്ടകീര്‍ത്തനങ്ങള്‍ ആലപിച്ച് മംഗളം പാടുന്നതോടെ 15 ദിവസങ്ങളായി നടന്നു വരുന്ന സംഗീതോത്സവത്തിന് തിരശീല വീഴും. അര നൂറ്റാണ്ടോളം ഗുരുവായൂരപ്പന്റെ ഇഷ്സേവകനായി തിടമ്പേറ്റാന്‍ ഭാഗ്യ ലഭിച്ച ഗുരുവായൂര്‍ കേശവന്റെ സ്മരണക്കു മുന്നില്‍ ഗജഗണങ്ങള്‍ ബുധനാഴ്ച ആദരാജ്ഞലിയര്‍പ്പിക്കും.
രാവിലെ ഒന്‍പത് മണിയോടെ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ആനയൂട്ടിന് ശേഷം 25-ഓളം ആനകള്‍ വരിയായി ഗുരുവായൂര്‍ ക്ഷേത്രം വലംവച്ചെത്തി തെക്കേനടയില്‍ കേശവ പ്രതിമക്കു മുന്നില്‍ അണി നിരക്കും. തുടര്‍ന്ന് ആനകള്‍ കേശവപ്രതിമയില്‍ പുഷ്പചക്രം സമര്‍പ്പിച്ച് പുഷ്പാര്‍ച്ചന നടത്തും. ഗുരുവായൂരപ്പന്റെയും കേശവന്റെയും ഛായചിത്രം വഹിച്ച് ഘോഷയാത്രയാണ് ആനകള്‍ എത്തുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.