കൂട്ടുപുഴ പാലം നിര്‍മ്മാണം ആരംഭിച്ചു

Monday 27 November 2017 9:49 pm IST

ഇരിട്ടി: കേരളാ കര്‍ണ്ണാടകാ അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ ജില്ലയെ കുടക് ജില്ലയുമായി കൂട്ടയിണക്കുന്ന കൂട്ടുപുഴ പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തി ആരംഭിച്ചു. തലശ്ശേരി വളവുപാറ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ കൂട്ടുപുഴ പാലത്തിന്റെയും പണി ആരംഭിച്ചിരിക്കുന്നത്. 1933ല്‍ ഇരിട്ടി പാലം നിര്‍മ്മിച്ച കാലഘട്ടത്തില്‍ തന്നെ ബ്രിട്ടീഷുകാര്‍ കൂട്ടുപുഴയില്‍ പാലം നിര്‍മ്മിച്ചിരുന്നു. രണ്ടു കരകളേയും ബന്ധിപ്പിച്ചു തൂണുകള്‍ ഇല്ലാതെ നിര്‍മ്മിച്ച ഈ പാലത്തില്‍ നിന്നും 200 മീറ്ററോളം മാറിയാണ് ഇപ്പോള്‍ പുതിയ പാലം നിര്‍മ്മിക്കുന്നത്.
18 മീറ്റര്‍ നീളത്തില്‍ നാല് തൂണുകളില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണു അനുമാനിക്കുന്നത്. നേരത്തേ പാലത്തിന്റെ ഡിസൈന്‍ സംബന്ധിച്ച അനിശ്ചിതത്വവും പാലത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന് കാണിച്ച് സ്വാകാര്യ വ്യക്ത്തി കേസ് നല്‍കിയതും പാലം നിര്‍മ്മാണം വൈകാനിടയായി. കോടതിയില്‍ നിന്നും നിര്‍മ്മാണത്തിനനുകൂലമായ ഉത്തരവ് ഉണ്ടായതിനെത്തുടര്‍ന്ന് നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു.
തലശ്ശേരി മൈസൂര്‍ അന്തര്‍സംസ്ഥാനപാതയിലെ രണ്ട് പ്രധാനപാലങ്ങളാണ് ഇരിട്ടി പാലവും കൂട്ടുപുഴ പാലവും. നിത്യവും നൂറുകണക്കിന് വലുതും ചെറുതുമായ യാത്രാ വാഹനങ്ങളും ചരക്കു ലോറികളും മാറ്റ് ഭാരവാഹനങ്ങളും ഈ പാലങ്ങള്‍ വഴി കടന്നുപോകുന്നു. രണ്ടു പാലങ്ങളുടെയും വീതികുറവു മൂലം പലപ്പോഴും ഗതാഗത തടസ്സം നിത്യ സംഭവമാണ്. കൂട്ടുപുഴ പാലത്തിനാണെങ്കില്‍ ഇരുഭാഗത്തും പാലത്തോട് ചേര്‍ന്നുള്ള വളവ് വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് വലിയ തടസ്സം സൃഷ്ടിച്ചിരുന്നു. വലിയ ടൂറിസ്റ്റ് ബസ്സുകളും, അന്തര്‍സംസ്ഥാനബസ്സുകളും പലതവണ മുന്നോട്ടും പിന്നോട്ടും എടുത്താണ് പാലം കടന്നു പോകാറ്. പുതിയപാലം വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും.
കൂട്ടുപുഴ പാലത്തിന്റെയും ഇരിട്ടി പാലത്തിന്റെയും നിര്‍മ്മാണത്തിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിഞ്ഞതോടെ ഇവയുടെ നിര്‍മ്മാണം തടസ്സങ്ങളില്ലാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുമെന്നാണ് കാരാര്‍ കമ്പനി അധികൃതരുടെ പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.