ചെറുപുഴ സബ് ട്രഷറിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു

Monday 27 November 2017 9:52 pm IST

ചെറുപുഴ: ചെറുപുഴ സബ് ട്രഷറിയ്ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ജില്ലാ ട്രഷറി ഓഫീസര്‍ കെ.എം.ചന്ദ്രന്റെ നേതൃത്വത്തില്‍ റവന്യൂ സംഘം ചെറുപുഴയിലെത്തി സ്ഥലപരിശോധന നടത്തി. ചെറുപുഴ സബ് ട്രഷറി ഇപ്പോള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം കൊടുത്താല്‍ റവന്യൂ വകുപ്പ് കെട്ടിടം നിര്‍മ്മിക്കും.
നിലവില്‍ ചെറുപുഴ പഞ്ചായത്തിന്റെ 32 സെന്റ് സ്ഥലത്തോടു ചേര്‍ന്ന് 5 സെന്റ് സ്ഥലമാണ് കെട്ടിടം നിര്‍മ്മിക്കാന്‍ പഞ്ചായത്ത് എടുത്ത് നല്‍കുക. സബ് ട്രഷറി കെട്ടിട നിര്‍മ്മാണത്തിനായി ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് ചെയര്‍മാനായും കെ.ഡി.അഗസ്റ്റ്യന്‍ കന്‍വീനറുമായി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഇനി കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ സൗകര്യമൊരുക്കുകയാണ് വേണ്ടത്. ഇക്കാര്യങ്ങള്‍ മനസിലാക്കുന്നതിനാണ് റവന്യൂ സംഘം ചെറുപുഴയിലെത്തിയത്.
ജില്ലാ ട്രഷറി ഓഫീസര്‍ക്കൊപ്പം ജില്ലാ ട്രഷറി സൂപ്രണ്ട് ടി.പി.സോമനാഥന്‍, സബ് ട്രഷറി ഓഫീസര്‍ പി..ലീല, സി.എച്ച്.ഷാജി, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സന്‍, പഞ്ചായത്തംഗങ്ങള്‍, വികസന സമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ചെറുപുഴ പഞ്ചായത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനൊപ്പം സബ് ട്രഷറി കെട്ടിടവും നിര്‍മ്മിക്കാനാണ് പദ്ധതിയുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.