പ്രതികളെ ബാംഗ്ലൂരിലെത്തിച്ച് തെളിവെടുത്തു

Monday 27 November 2017 9:57 pm IST

 

അടിമാലി: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ഒന്നരക്കോടി തട്ടിയെടുത്ത സംഭവത്തില്‍ പിടിയിലായ പ്രതികളെ പോലീസ് ബാംഗ്ലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുമ്പുപാലം സ്വദേശി അഷ്‌റഫ്(42), ആലുവ സ്വദേശി ഫാ.നോബിപോള്‍(41), കൊന്നത്തടി സ്വദേശി ബിജു കുര്യാക്കോസ്(44), തോപ്രാംകുടി സ്വദേശി ബിനുപോള്‍(35), കൊന്നത്തടി സ്വദേശി അരുണ്‍ സോമന്‍(34) എന്നിവരാണ് കഴിഞ്ഞ 21ന് പിടിയിലായത്.
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോണഫൈ ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തില്‍ റെയ്ഡ് നടത്തുകയും നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ട്രസ്റ്റ് ചെയര്‍മാനും മലയാളിയുമായ അഭിഭാഷകനായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. അറസ്റ്റിലായ ഫാ.നോബിപോളിന്റെ സുഹൃത്താണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ തൊടുപുഴ, കരിങ്കുന്നം പോലീസ് സ്റ്റേഷനുകളിലും പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. വിവിധയിടങ്ങളിലായി 13 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 119 പേരില്‍ നിന്ന് 1.5 കോടിയാണ് ഇവര്‍ തട്ടിച്ചെടുത്തത്. അടിമാലി ലൈബ്രറി റോഡില്‍ 2016 ജനുവരിയില്‍ അക്‌സാന്‍ അലൈന്‍സ് എന്നപേരില്‍ വിദേശത്ത് റിക്രൂട്ടിംഗ് നടത്തുന്ന സ്ഥാപനം തുടങ്ങിയ ശേഷമായിരുന്നു ഇവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയത്. പ്രതികളെ ദേവികുളം സബ് ജയിലിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.