കയ്പമംഗലം കൊലപാതകം: കേസ് അട്ടിമറിക്കാന്‍ ശ്രമം

Tuesday 28 November 2017 2:30 am IST

കയ്പമംഗലത്ത് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സതീശന്റെ മൃതദേഹത്തില്‍ ബിജെപി
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

കൊടുങ്ങല്ലൂര്‍: കയ്പമംഗലത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന. പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ മനപ്പൂര്‍വ്വം ഉള്‍പ്പെടുത്താത്ത മൃതദേഹത്തിലെ പരിക്കുകള്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. കേസ് ദുര്‍ബലമാക്കാന്‍ പോലീസ് എഫ്‌ഐആറില്‍ കൃത്രിമം കാണിക്കുകയായിരുന്നുവെന്ന് ഇതോടെ വ്യക്തമായി. കൂടുതല്‍ പരിക്കുകള്‍ കണ്ടതിനെത്തുടര്‍ന്ന് പോലീസ് സര്‍ജന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് വിശദീകരണം തേടി.

പോലീസ് തയ്യാറാക്കിയ എഫ്‌ഐആറും ഇന്‍ക്വസ്റ്റും തൃപ്തികരമല്ലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. പട്ടികജാതി പീഡനനിയമപ്രകാരവും കേസെടുത്തിട്ടില്ല.സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണിത്.

കയ്പമംഗലം കാളമുറിയില്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന ചക്കംചാത്ത് സതീശന്‍ (45) സിപിഎം ആക്രമണത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സതീശനേയും മറ്റുമൂന്നുപേരെയും സിപിഎം സംഘം അക്രമിച്ചത്. സാരമായി പരിക്കേറ്റ സതീശന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മൂന്നു പേര്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. പട്ടാപ്പകല്‍ തങ്ങളെ ആക്രമിച്ചവരെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകര്‍ പോലിസിനു നല്‍കിയിരുന്നു.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെ കയ്പമംഗലത്തെത്തിച്ച മൃതദേഹത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.വേലായുധന്‍, സംസ്ഥാന സെക്രട്ടറി അഡ്വ: ബി.ഗോപാലകൃഷ്ണന്‍, എസ്‌സി മോര്‍ച്ച ദേശീയ വൈസ് പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട്ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, കെ.പി.എം.എസ് നേതാവ് ടി.വി.ബാബു തുടങ്ങിയവര്‍ ഉള്‍പ്പടെ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.