എം.എം. മണി കൈയേറ്റക്കാരുടെ മിശിഹ: കെ.കെ. ശിവരാമന്‍

Tuesday 28 November 2017 2:30 am IST

ഇടുക്കി: സിപിഎം എംപി ജോയിസ് ജോര്‍ജ്ജ് കൈയേറ്റക്കാരനല്ലെന്ന് സിപിഐയും.ജോയിസ് ജോര്‍ജ് കൈയേറ്റക്കാരനാണെന്ന് സിപിഐ പറഞ്ഞിട്ടില്ല. തോമസ് ചാണ്ടിയും ജോയിസ് ജോര്‍ജ് എംപിയും തമ്മില്‍ വ്യത്യാസമുണ്ട്. മന്ത്രിസഭയില്‍ ഇരുന്നുകൊണ്ട് കായല്‍ നികത്തിയ വ്യക്തിയാണ് തോമസ് ചാണ്ടി. എന്നാല്‍ പിതൃസ്വത്തായി ലഭിച്ച സ്ഥലത്തിന്റെ പട്ടയ വിഷയം ഒരിക്കലും കൈയേറ്റമല്ല.സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പറഞ്ഞു.

വൈദ്യുതി മന്ത്രി എം.എം. മണി ഇടുക്കിയിലെ കൈയേറ്റക്കാരുടെ മിശിഹായാണെന്നും കോണ്‍ഗ്രസിന്റെ പക്കല്‍ നിന്ന് സിപിഐ പണം വാങ്ങിയാണ് ജോയിസ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയതെന്നുമുള്ള എം.എം. മണിയുടെ പ്രസ്ഥാവനക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന് പറയുന്ന ശൈലിയാണ് എം.എം. മണി സ്വീകരിക്കുന്നത്. കാശ് വാങ്ങി സിപിഐ ആര്‍ക്കും ഒന്നും ചെയ്ത് നല്‍കാറില്ല. കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ എം.എം. മണി രംഗത്തെത്തുന്നത് കൊട്ടക്കാമ്പൂരിലുള്ള മറ്റ് വന്‍കിട കൈയേറ്റക്കാരെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനങ്ങളില്‍ സംസാരിക്കുമ്പോള്‍ മണി അല്പം മാന്യത പാലിക്കണം. ഇടുക്കിയില്‍ കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നത് വേണ്ടി വന്നാല്‍ ആരാണെന്ന് പറയുമെന്നും അദ്ദേഹം ഇന്നലെ സ്വകാര്യ ചാനലില്‍ പറഞ്ഞിരുന്നു.

ഞായാറാഴ്ച കട്ടപ്പനയില്‍ സിപിഎം ഏരിയകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി പിണറായി വിജയനെയെ വേദിയിലിരുത്തി എം.എം. മണി, പട്ടയം റദ്ദാക്കിയതില്‍ സിപിഐ നേതാക്കള്‍ക്ക് പണം കിട്ടിയെന്ന ആരോപണം ഉന്നയിച്ചത്. ജോയിസ് ജോര്‍ജിന്റെ പിതാവ് പണം നല്‍കി വാങ്ങി വര്‍ഷങ്ങളായി കരം അടച്ച് വന്നിരുന്ന ഭൂമിയാണ്. പിതൃസ്വത്തായാണ് എംപിയ്ക്ക് നാലേക്കര്‍ ഭൂമി ലഭിച്ചത്. മുമ്പുള്ള സര്‍ക്കാര്‍ വന്നപ്പോള്‍ എടുക്കാത്ത നിലപാട് ഇപ്പോള്‍ എങ്ങനെ വന്നുവെന്നറിയില്ല. ഇത് ശരിയായില്ല എന്നാണ് ഞങ്ങളുടെ നിലപാടാണ്. അത് ശിവരാമനല്ല ഏത് രാമന്‍ പറഞ്ഞാലും ശരി അതിനോട് യോജിപ്പില്ല. മണി പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.