സഹിഷ്ണുതയോടൊപ്പം സ്വീകാര്യതയും വിവേകാനന്ദന്‍ ലോകത്തിന് സമ്മാനിച്ചു: സ്വാമി മോക്ഷവ്രതാനന്ദ

Monday 27 November 2017 11:04 pm IST

സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കവടിയാര്‍ വിവേകാനന്ദ പാര്‍ക്കിലെ പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാല ചാര്‍ത്തുന്നു. സ്വാമി മോക്ഷവ്രതാനന്ദ, ഒ. രാജഗോപാല്‍ എംഎല്‍എ, ക്ലീമ്മിസ് കാതോലിക്ക ബാബ, ഇമാം മൗലവി സുഹൈബ്, കെ.മുരളീധരന്‍ എംഎല്‍എ, എ. സമ്പത്ത് എം.പി സമീപം

തിരുവനന്തപുരം: സഹിഷ്ണുതയോടൊപ്പം സ്വീകാര്യതയും സ്വാമി വിവേകാനന്ദന്‍ ലോകത്തിന് സമ്മാനിച്ചെന്ന് ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് സ്വാമി മോക്ഷവ്രതാനന്ദ.
സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷിക ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമിയുടെ ആശയം കേരളത്തില്‍ ഉണ്ടാക്കിയ മാറ്റം വളരെ വലുതാണ്. ത്യാഗവും സേവനവുമാണ് ഭാരതത്തിന്റെ ദേശീയ ആദര്‍ശമെന്ന് വിവേകാനന്ദന്‍ തന്റെ ജീവിതത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.

കോടിക്കണക്കിന് മനുഷ്യരുടെ മനസ്സില്‍ ജീവിക്കുന്ന ശ്രേഷ്ഠനാണ് സ്വാമി വിവേകാനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

കവടിയാറിലെ വിവേകാനന്ദപ്രതിമയില്‍ മുഖ്യമന്ത്രി ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് നടന്ന ഉദ്ഘാടന സഭയില്‍ ‘വിവേകാനന്ദ സ്പര്‍ശം’ എന്ന പുസ്തകം മുഖ്യമന്ത്രി മലങ്കര സുറിയാനി കത്തോലിക്കസഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമ്മിസ് കത്തോലിക്ക ബാവയ്ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഒ. രാജഗോപാല്‍ എംഎല്‍എ, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പാളയം ജുമാമസ്ജിദ് ഇമാം മൗലവി സുഹൈബ് വി.പി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.