സ്വരമുദ്രയായി തെന്നല്‍

Wednesday 29 November 2017 2:45 am IST

മിമിക്രി കലാകാരന്മാര്‍ ആകാശവാണിയുടെ അവതരണരീതിയെ കണക്കറ്റു പരിഹസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പരമ്പരാഗതമായ ചിട്ടവട്ടങ്ങളില്‍ ഒതുങ്ങിക്കൂടിയിരുന്ന കൊച്ചി നിലയത്തിലേക്ക് തെന്നല്‍ കടന്നു വന്നത് മാറ്റത്തിന്റെ ചരിത്രം കുറിച്ചു കൊണ്ടാണ്. ‘നമസ്‌കാരം പ്രിയ സ്‌നേഹിതരേ’ എന്നു ശ്രോതാക്കളുടെ ഹൃദയത്തില്‍തൊട്ട് സംസാരിക്കുന്ന രീതി അവര്‍ കൊണ്ടുവന്നപ്പോള്‍ അതിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. സ്വകാര്യ എഫ്എമ്മുകളുടെ തളളിക്കയറ്റത്തിലും ആകാശവാണി കൊച്ചി നിലയം ഇന്നും മുന്‍നിരയില്‍ നില്‍ക്കുന്നുവെങ്കില്‍ അതിനു പിന്നില്‍ തെന്നലിന്റെ മധുരസ്വരത്തിനും പങ്കുണ്ട്. 26 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി നാളെ വിരമിക്കാനുളള തയ്യാറെടുപ്പിലാണ് കൊച്ചിയുടെ പ്രിയപ്പെട്ട തെന്നല്‍.

ബോള്‍ഗാട്ടിയെന്ന കൊച്ചുഗ്രാമത്തില്‍ തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന കൃഷ്ണന്റേയും കോമച്ചിയുടേയും എട്ടു മക്കളില്‍ അഞ്ചാമത്തെ ആളായ തെന്നലിന് അച്ഛന്റെ കലാവാസന അതുപോലെ പകര്‍ന്നു കിട്ടിയിരുന്നു. ജാതീയമായ അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്നെങ്കിലും മക്കളെല്ലാം പഠിച്ച് സര്‍ക്കാര്‍ ജോലി നേടണമെന്നായിരുന്നു ആ പിതാവിന്റെ ആഗ്രഹം. അച്ഛന് അങ്ങനെ ഒരിച്ഛാശക്തിയില്ലായിരുന്നെങ്കില്‍ താനിങ്ങനെയാകുമായിരുന്നില്ലെന്ന് തെന്നല്‍.
1991 ല്‍ ആകാശവാണിയില്‍ എത്തുന്നതിനു മുന്‍പേ തന്നെ അറിയപ്പെടുന്ന ഗായികയായി.

കേരളത്തിലങ്ങോളമിങ്ങോളമുളള നിരവധി ട്രൂപ്പുകളിലായി മുന്നൂറോളം ഗാനങ്ങള്‍ പാടിയിട്ടുണ്ട് തെന്നല്‍! സെന്റ് തെരേസാസിലെ ഡിഗ്രി പഠനകാലത്തായിരുന്നു ആ ഗായികയെ ലോകമറിഞ്ഞു തുടങ്ങിയത്. ഡിഗ്രിക്കുശേഷം ആബേലച്ചന്റെ ക്ഷണപ്രകാരം കൊച്ചിന്‍ കലാഭവനില്‍. അവിടെ മൂന്നു വര്‍ഷത്തോളമുണ്ടായിരുന്നു. പിന്നീട് മ്യൂസിക് കമ്പോസറായിരുന്ന കുമരകം രാജപ്പനോടൊപ്പം പ്രൊഫഷണല്‍ ഡ്രാമാ ട്രൂപ്പിന്റെ സൗണ്ട് റെക്കോഡിങ്ങുമായി പോകുന്നതിനിടെയാണ് ആകാശവാണിയിലേക്കെത്തുന്നത്.

അറുപതാം വയസ്സിലും ആറുവയസ്സുകാരിയുടെ ഊര്‍ജസ്വലതയാണ് തെന്നലിനെ വ്യത്യസ്തയാക്കുന്നത്. ആ ശബ്ദത്തിന്റെ മാന്ത്രികത കേള്‍വിക്കാരെ തന്നിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ടേയിരിക്കുന്നു.

ശബ്ദത്തിന്റെ മാധുര്യം മാത്രമല്ല ശ്രോതാക്കളിലേക്ക് എന്തെന്നില്ലാത്ത ഒരു ഊര്‍ജം പകരാനും തെന്നലിന്റെ വാക്കുകള്‍ക്കു കഴിയുന്നുണ്ട്. എങ്ങനെയാണ് എപ്പോഴും ഊര്‍ജ്ജസ്വലയായിരിക്കാന്‍ കഴിയുന്നത്?

എല്ലാവരോടും എപ്പോഴും ചിരിച്ചുകൊണ്ടു സംസാരിക്കുന്ന രീതി ചെറുപ്പം തൊട്ടേ എനിക്കുണ്ട്. എന്നാല്‍ എപ്പോഴും എനര്‍ജറ്റിക് ആയിരിക്കാന്‍ എന്നെ സഹായിക്കുന്നത് ധ്യാനമാണ്. എന്നെ ഇന്ന് ശ്രോതാക്കള്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണവും ധ്യാനം തന്നെയാണ്. എന്റെ മേഖലയില്‍ ഉയരങ്ങളിലേക്കെത്താന്‍ സാധിച്ചത് ധ്യാനപരിശീലനം ആരംഭിച്ചതിനു ശേഷമാണ്.

വിവിധ ട്രൂപ്പുകളിലായി നിരവധി ഗാനങ്ങള്‍ പാടി. എന്നാല്‍ സിനിമയില്‍ പാടാന്‍ ആഗ്രഹമുണ്ടായിരുന്നില്ലേ?

ആഗ്രഹമുണ്ടായിരുന്നു. അവസരങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ, ഒന്നോ രണ്ടോ പാട്ടുകള്‍ പാടി ഒതുങ്ങിപ്പോകാന്‍ എനിക്കു താല്‍പര്യമുണ്ടായിരുന്നില്ല. പാടുന്നെങ്കില്‍ ജാനകിയമ്മയേയും ദാസേട്ടനേയുമൊക്കെ പോലെ നമ്പര്‍ വണ്‍ പാട്ടുകാരിയായി നില്‍ക്കണം. അതായിരുന്നു എന്റെ ആഗ്രഹം.

ആരാധകരുടെ ശല്യമുണ്ടായിട്ടുണ്ടോ?

ധാരാളം. ഒരിക്കല്‍ രണ്ടാണ്‍കുട്ടികള്‍ എന്നെ തിരക്കി ഓഫീസിലും വീട്ടിലുമൊക്കെ വരാന്‍ തുടങ്ങി. നിവൃത്തി കെട്ട് പോലീസില്‍ പരാതി നല്‍കേണ്ടി വന്നു. അന്ധനായ വേറൊരാണ്‍കുട്ടി എനിക്ക് ഒരു കാസെറ്റ് അയച്ചു തന്നു. ഞാന്‍ അവതരിപ്പിച്ച പരിപാടികളുടെയെല്ലാം ശബ്ദം റെക്കോഡ് ചെയ്തിരുന്നു അതില്‍, എന്റെ കണ്ണു നിറഞ്ഞു പോയി. ബിരുദവിദ്യാര്‍ത്ഥിയായിരുന്ന അവന്റെ പരീക്ഷ ഞാന്‍ എഴുതിക്കൊടുക്കുമോ എന്ന് അവന്‍ ചോദിച്ചു. ഞാന്‍ എഴുതിക്കൊടുത്തു. ഉയര്‍ന്നമാര്‍ക്കില്‍ തന്നെ ആ കുട്ടി പാസായി.

ഇതാ ഈ ചെറിയ സ്റ്റഡ് വയലാറില്‍ നിന്നുവന്ന ഒരാരാധികയുടെ സമ്മാനമാണ്. ഇതുപറഞ്ഞുകൊണ്ട് കാതിലണിഞ്ഞിരുന്ന വെളളി സ്റ്റഡ് തെന്നല്‍ സ്‌നേഹത്തോടെ തലോടി.

വിശ്രമ ജീവിതത്തിലേക്ക് കടക്കാന്‍ പോവുകയാണല്ലോ. എന്തേ വിവാഹം വേണ്ടെന്നുവച്ചത്?

എനിക്ക് വിവാഹത്തോട് ചെറുപ്പം തോട്ടേ താല്‍പര്യമുണ്ടായിരുന്നില്ല. അച്ഛനോട് ഞാന്‍ നേരത്തെ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ജോലി നേടണമെന്നു മാത്രമായിരുന്നു എന്റെ ആഗ്രഹം. പിന്നെപ്പിന്നെ പൂര്‍ണ്ണമായും വിവാഹത്തോട് താല്‍പര്യമില്ലാതെയായി. എന്റേതായ ഒരിടം എനിക്കു വേണമായിരുന്നു. വിവാഹ ജീവിതത്തില്‍ അതു സാധിക്കില്ലല്ലോ.

വിരമിക്കല്‍ എപ്പോഴും ഒരുപാട് വിഷമമുണ്ടാക്കുന്ന കാര്യമാണ് പൊതുവേ എല്ലാവര്‍ക്കും. അങ്ങനെയാണോ?

ഒരിക്കലുമില്ല. എന്നെ സംബന്ധിച്ച് ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്തു തീര്‍ക്കുക എന്നതാണ് പ്രധാനം. അതു കഴിഞ്ഞാല്‍ സന്തോഷത്തോടെ അടുത്ത കര്‍മ്മത്തിലേക്കു കടക്കുക, അതു മാത്രമാണ് മനസ്സില്‍.

ഇനിയെന്താണ് ഭാവി പരിപാടി?

പൂര്‍ണ്ണമായ സംന്യാസജീവിതത്തിലേക്കു പോകണമെന്നാണ് ആഗ്രഹം. ഏതാണ്ട് പതിനഞ്ചു വര്‍ഷത്തോളമായി ഞാന്‍ ഓഷോ ധ്യാനം പരിശീലിക്കുന്നു. ഇനി പഠിച്ചത് മറ്റുളളവര്‍ക്ക് പകര്‍ന്നു കൊടുക്കണമെന്നുണ്ട്. ധ്യാനപരിശീലനത്തിനായി ഒരു സ്ഥാപനം തുടങ്ങണമെന്നൊക്കെയുണ്ട്.
തന്നെയേല്‍പ്പിച്ച ചുമതല ഏറ്റവും ഭംഗിയായിത്തന്നെ നിര്‍വ്വഹിച്ചു എന്ന ആത്മവിശ്വാസത്തോടെയാണ് തെന്നല്‍ ആകാശവാണിയുടെ പടിയിറങ്ങുന്നത്. എത്രയും വേഗം ജീവിതത്തിന്റെ പുതിയ കര്‍മ്മകാണ്ഡങ്ങളിലേക്ക് പ്രവേശിക്കണം എന്ന ആഗ്രഹത്തോടെയും…

ചിത്രം.രഞ്ജിത് നാരായണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.