ക്വാറികള്‍, ക്വാറികള്‍...

Wednesday 29 November 2017 2:45 am IST

ഇന്ന് കേരളം ശ്വാസകോശ സംബന്ധമായ രോഗങ്ങളും (ആസ്മ, ബ്രോണ്‍കൈറ്റിസ്, ടിബി), മദ്യപാനംമൂലമുണ്ടാകുന്ന കരള്‍രോഗവും, പലതരം അലര്‍ജികളും പടരുന്ന നാടായി മാറി. ഭൂഗര്‍ഭജലം വരെ ഇവിടെ മലിനമാണ്. സാക്ഷരതയും വിദ്യാഭ്യാസവുംകൊണ്ട് മലയാളി നേടിയതെന്താണ്? ധനാര്‍ത്തി, പ്രകൃതി നശീകരണം മുതലായവ. അന്തര്‍മുഖനായ മലയാളി ആഗ്രഹിക്കുന്നത് പണം മാത്രം.

ഒരു ജനത അര്‍ഹിക്കുന്ന സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നത് എന്നുപറയാറുണ്ട്. കമ്യൂണിസ്റ്റു പാര്‍ട്ടി പാവങ്ങളുടെ പാര്‍ട്ടിയാണെന്ന ധാരണ പാടേ തിരുത്തി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമലംഘകരായ തോമസ് ചാണ്ടിമാരേയും അന്‍വര്‍മാരേയും രക്ഷിക്കുകയാണ്. കുട്ടനാട്ടില്‍നിന്നും എതിര്‍പ്പുണ്ടായിട്ടും തോമസ് ചാണ്ടിയെ സ്ഥാനാര്‍ത്ഥിയാക്കി ഒടുവില്‍ മന്ത്രിയുമാക്കിയത് സഖാവ് പിണറായി അല്ലേ? അധികാരം കൈയില്‍ വന്നാല്‍ ആദര്‍ശത്തിന് ‘ബൈ-ബൈ’ എന്നാണ് മലയാളിയുടെ പൊതുതത്വം. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ തെരഞ്ഞെടുത്ത സ്വതന്ത്രസ്ഥാനാര്‍ത്ഥികളുടെ ബയോഡാറ്റ നോക്കിയാല്‍ ഇടതുപക്ഷം ഇന്ന് വലതുപക്ഷത്തേക്കാള്‍ കഠിനമായ ധനാര്‍ത്തിക്കടിമപ്പെട്ടിരിക്കുന്നു എന്ന് കാണാം.

നിലമ്പൂരിലെ പി. വി. അന്‍വര്‍ എംഎല്‍എ, ഇടുക്കിയിലെ ജോയ്‌സ് ജോര്‍ജ് എംപി എന്നിവര്‍ സ്ഥലം കയ്യേറിയ ആളുകളാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടും പിണറായിയുടെ ന്യായീകരണം അത് പാരമ്പര്യസ്വത്താണ് എന്നായിരുന്നല്ലോ! അധഃസ്ഥിതരുടെ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സിപിഎം ഇന്ന് ധനികരുടെ കക്ഷത്തിലാണെന്ന് ചുരുക്കം. എം.എം. മണിയുടെ ഭാഷയും പ്രകടനവും ടിവിയില്‍ നിരന്തരം കണ്ട് ജനങ്ങളില്‍ വെറുപ്പുളവായിട്ടും, ‘കയ്യേറ്റക്കാരുടെ മിശിഹ’യാണെന്ന് ആരോപണം ഉയര്‍ന്നിട്ടും പിണറായി അദ്ദേഹത്തിന്റെ രക്ഷകനാവുകയാണ്. മണിയാകട്ടെ അത് ബഹുമതിയായി കരുതി ആഹ്ലാദിക്കുന്നു.

കൊട്ടക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് തരിശുഭൂമി കയ്യേറിയതാണന്ന് സബ്കളക്ടറുടെ റിപ്പോര്‍ട്ട് ഉണ്ടായിട്ടും നിയമസഭാ റെക്കോര്‍ഡുകളില്‍ നിന്ന് കയ്യേറ്റം സംബന്ധിച്ച പരാമര്‍ശം നീക്കം ചെയ്യാനാണ് പിണറായി ആവശ്യപ്പെട്ടത്.

ഇന്ന് സിപിഎമ്മില്‍ വിമര്‍ശനമില്ല, സ്വയം വിമര്‍ശനവുമില്ല. അധികാരത്തിലിരിക്കുവോളം സുഹൃത്തുക്കളെ കോടീശ്വരന്മാരാക്കി മാറ്റുക എന്നതാണോ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന തോന്നല്‍ ജനങ്ങളില്‍ വ്യാപകമാകുകയാണ്.

കേരളത്തില്‍ അനധികൃത ക്വാറികള്‍ വ്യാപകമാണെന്നത് പൊതുഅറിവാണ്. നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ പാറമട അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും, അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ലോക്‌നാഥ് ബെഹ്‌റ സംസ്ഥാനത്തെ പാറമടകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത സന്തോഷകരമാണ്.

നെയ്യാറ്റിന്‍കരയില്‍ ആളെക്കൊല്ലി പാറമടയ്ക്ക് ലൈസന്‍സ് പോലും ഇല്ലാതിരുന്നിട്ടും അതിന് പ്രവര്‍ത്തനാനുമതി നിഷേധിക്കാന്‍ ബന്ധപ്പെട്ടവര്‍ എന്തുകൊണ്ട് തയ്യാറായില്ല? നാട്ടുകാരുടെ ഭാഷ്യം പാറമട ഉടമയില്‍നിന്ന് ‘കൈമടക്ക്’ സ്വീകരിക്കാന്‍ കൃത്യമായി അധികാരികള്‍ എത്തിയിരുന്നുവെന്നാണ്. അതിനര്‍ത്ഥം കേരളത്തില്‍ ഭരണമില്ല, അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും മറ്റുമാണ് എന്നല്ലേ? അനധികൃത പാറമടകള്‍ കേരളത്തില്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുണ്ട്.

പാറമടകള്‍ക്കുള്ള സ്‌ഫോടക സാമഗ്രികള്‍ തമിഴ്‌നാട്ടില്‍ നിന്നാണ്. വന്‍തോതില്‍ ഇവ കേരളത്തിലേക്കൊഴുകുന്നു. പാറമടകളില്‍ അധികവും അന്യസംസ്ഥാന തൊഴിലാളികളായതിനാല്‍ അവരുടെ സുരക്ഷ ആരുടെയും ബാധ്യതയല്ല. പാറമട തൊഴിലാളികള്‍ക്ക് മാത്രമല്ല, സമീപവാസികള്‍ക്കും ഇത് ദോഷകരമാണ്. എന്റെ ബാല്യകാലത്ത് ചുണ്ടമലയില്‍ ക്വാറി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ വെങ്ങോലയിലെ സംശുദ്ധമായ വായു മലിനീകരിക്കപ്പെട്ടതും, പലരും പലവിധ രോഗങ്ങള്‍ക്ക് അടിമയായതും ഞാന്‍ കണ്ടതാണ്.

ഇന്ന് കേരളത്തില്‍ വയല്‍ നികത്തി ഉയരുന്നത് ബഹുനില മന്ദിരങ്ങളാണ്. അവയ്ക്ക് വേണ്ടിവരുന്ന മണലും കരിങ്കല്ലും വെട്ടുകല്ലും എല്ലാം ഇവിടെനിന്ന് ശേഖരിക്കുമ്പോള്‍ ക്വാറികള്‍ അതിന്റെ അവിഭാജ്യഘടകമാകുന്നു. ബഹുനില കെട്ടിടങ്ങള്‍ പെരുകുമ്പോള്‍, അവയിലെ മാലിന്യം നിക്ഷേപിക്കപ്പെടുന്നത് നമുക്കുകുടിവെള്ളം തരുന്ന നദികളിലാണ്.

ബഹുനില കെട്ടിടങ്ങള്‍ ഉയരുമ്പോള്‍ അവ ഉയര്‍ത്താനുള്ള കരിങ്കല്ലും വെട്ടുകല്ലും മണലുമെല്ലാം കേരളത്തിന്റെ അനുപമമായ പ്രകൃതി സൗന്ദര്യം നശിപ്പിച്ച്, നദികളെ ശുഷ്‌കവും മലിനവുമാക്കി, മലകള്‍ തുരന്ന് കരിങ്കല്ലും മറ്റും ശേഖരിച്ച് വിതരണം ചെയ്യാന്‍ മലയാളികള്‍ വെമ്പുന്നു. ഇന്ന് വലിയ ക്വാറികള്‍ മാത്രമല്ല, ചെറിയ ക്വാറികളും നിരവധിയാണ്. ഈ ക്വാറികളില്‍ ഒന്നിലും സുരക്ഷാ ക്രമീകരണങ്ങളില്ലെന്ന് നെയ്യാറ്റിന്‍കര ക്വാറി അപകടം തെളിയിച്ചല്ലോ. 2007 ലുണ്ടായ ക്വാറി അപകടത്തില്‍ അഞ്ച് ക്വാറി തൊഴിലാളികള്‍ (രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ) മരിച്ചിരുന്നു. അന്ന് ക്വാറികളെപ്പറ്റി പഠനം നടത്താനും സുരക്ഷ ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നത്രെ.

ക്വാറികളില്‍ പാറപൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമലിനീകരണം, പൊടിമൂലമുണ്ടാകുന്ന വായു മലിനീകരണം തുടങ്ങിയവയെക്കുറിച്ചൊന്നും ജനങ്ങള്‍ വേണ്ടതുപോലെ ബോധവാന്മാരല്ല. വെടിമരുന്നുപയോഗിച്ച് പാറകള്‍ പൊട്ടിക്കുമ്പോള്‍ ചൂടും കുഴമ്പുരൂപത്തിലുള്ള ഒരു മിശ്രിതവും ഉണ്ടാകുന്നു. കേരളം ആസ്തമയ്ക്കടിമപ്പെട്ടതിന്റെ ഒരു കാരണം ക്വാറികള്‍ ഉല്‍പ്പാദിപ്പിക്കുന്ന മലിനീകരണമാണ്. ശബ്ദമലിനീകരണവും അനുഭവപ്പെടുന്നു. പാറമടകള്‍ അന്തരീക്ഷത്തില്‍ പൊടി വിതയ്ക്കുന്നു.

തിരുവനന്തപുരത്തെ വെള്ളറട പഞ്ചായത്ത് 31.60 സ്‌ക്വയര്‍ കിലോമീറ്ററാണ്. ഇവിടെ ഏഴ് കരിങ്കല്‍ മടകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവ പരിസ്ഥിതിലോല പ്രദേശത്താണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇവയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അധികാരികളില്ല. അവര്‍ക്ക് യഥാസമയം കൈമടക്ക് കിട്ടുന്നതായി കരുതണം.

ജലക്ഷാമവും മലിനീകരണവും ഭൂഗര്‍ഭജലശോഷണവുമെല്ലാം ഇത്തരം അനധികൃത ക്വാറികള്‍ സൃഷ്ടിക്കുന്നു. ഇത് ദിവസേന കേള്‍ക്കേണ്ടി വരുന്നവരുടെ ശ്രവണശക്തിയും കുറയും. ഭയാനകമായ ശബ്ദം ഭൂമിയെപ്പോലും വിറപ്പിക്കുന്നു. സമീപവാസികള്‍ക്ക് അവരുടെ ആരോഗ്യവും നഷ്ടപ്പെടുന്നു. ബഹുനില കെട്ടിടങ്ങള്‍ക്ക് ഭൂമിയുടെ ചലനംകൊണ്ട് കേടുപാടുകള്‍ സംഭവിക്കുന്നു.

ക്വാറികളുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി ആശുപത്രികളും പെരുകുന്നു. ഇതേപ്പറ്റി അന്വേഷിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ആശ്വാസകരമാണ്.
ഇന്ന് കേരളം അഗ്നിക്കും വെള്ളത്തിനും നടുവിലാണ്. ഇനി നാം എത്രനാള്‍ നിലനില്‍ക്കും? കേരളത്തെ വീണ്ടും സമുദ്രത്തില്‍ അപ്രത്യക്ഷമാക്കാന്‍ ഒരു പരശുരാമന്‍ ഉദയം ചെയ്യുമോ?

ഇപ്പോള്‍ ഇടതുപക്ഷമേത്, വലതുപക്ഷമേത് എന്ന് പ്രശ്‌നംവച്ചു കണ്ടുപിടിക്കേണ്ട അവസ്ഥയിലാണ് കേരളം. കയ്യേറ്റ രാജാവായ തോമസ്ചാണ്ടിയെ മന്ത്രിപദത്തിലേറ്റി സംരക്ഷിച്ചത് ഇരട്ടചങ്കുള്ള പിണറായി ആണല്ലോ! കേരളം കയ്യേറ്റക്കാരുടെ സ്വന്തം ഭൂമിയായി മാറുമ്പോള്‍ മലയാളിക്ക് നഷ്ടമാകുന്നത് നമ്മുടെ നദികളും പര്‍വതനിരകളും മാത്രമല്ല, നീലക്കുറിഞ്ഞികളുമാണെന്ന് ഇപ്പോള്‍ തെളിയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.