മലമാനിനെ വേട്ടയാടിയ കേസ്; ഒളിവില്‍ പോയ പ്രതികള്‍ കീഴടങ്ങി

Tuesday 28 November 2017 8:49 pm IST

നിലമ്പൂര്‍: എടവണ്ണ റെയ്ഞ്ച് എളഞ്ചീരി വനമേഖലയില്‍ മലമാനിനെ വേട്ടയാടിയ കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ വനം വകുപ്പ് മുമ്പാകെ കീഴടങ്ങി. എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ ലത്തീഫിന്റെ മുന്നില്‍ ഇന്നലെയാണ് കീഴടങ്ങിയത്.
മമ്പാട് പുള്ളിപ്പാടം സ്വദേശികളായ നരിമടക്കല്‍ സക്കീര്‍ (46), പാത്താര്‍ വീട്ടില്‍ ജാബിര്‍ (34), പുത്തന്‍പീടിക റഷീദ് (40), കൂളിയോടന്‍ അസൈന്‍ (42), പെരകമണ്ണ ഈസ്റ്റ് ചാത്തല്ലൂര്‍ പാലോളി സാഹിദ് (38), എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ മഞ്ഞളാംപറമ്പന്‍ ഇസ്മായില്‍ (46), ആലുങ്ങല്‍ വീട് റിയാസ് മോന്‍(35) എന്നിവരാണ് കീഴടങ്ങിയത്.
ഈ മാസം പത്തിനായിരുന്നു സംഭവം. കേസിലെ മറ്റു മൂന്ന് പ്രതികളായ മമ്പാട് പുള്ളിപ്പാടം സ്വദേശികളായ ചപ്പങ്ങാതോട്ടത്തില്‍ അലവി (54), വലിയപിടിയേക്കല്‍ നിസ്സാദ് (36), ചാലിയാര്‍ എരഞ്ഞിമങ്ങാട് പൈങ്ങാകോട് കുന്നമംഗലത്ത് സികില്‍ ദാസ് (47) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
വേട്ടയാടി പിടിച്ച മാനിന്റെ 20 കിലോയോളം ഇറച്ചിയും രണ്ട് നാടന്‍ തോക്കുകള്‍, ഒരു എയര്‍ഗണ്‍, വേട്ടക്കായി ഉപയോഗിച്ച അനുബന്ധ ഉപകരണങ്ങള്‍, കാര്‍, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയും വനം വകുപ്പ് പിടിച്ചെടുത്തിരുന്നു. എയര്‍ഗണും ഒരു തോക്കും അലവിയുടെതും തോക്കുകളിലൊന്ന് നിസ്സാദിന്റെയുമാണ്. ഇരുവരുടേയും പേരില്‍ ആയൂധനിയമപ്രകാരം നിലമ്പൂര്‍ പോലീസും കേസെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.