സിപിഎം സിപിഐ പോര് രൂക്ഷം

Wednesday 29 November 2017 2:00 am IST

സിപിഐ വനിതാ നേതാവിന് എതിരെ ഫേസ്ബുക്ക് പോസ്റ്റ്
ചേര്‍ത്തല: സിപിഎം സിപിഐ പോര് രൂക്ഷം. സിപിഐ വനിതാ നേതാക്കള്‍ക്കെതിരെ സിപിഎം എല്‍സി സെക്രട്ടറിയുടെ മകനായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്.
തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാം വാര്‍ഡിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ ലിസ്റ്റില്‍ കടന്നുകൂടിയ സിപിഐ മണ്ണയില്‍ എല്‍സി സെക്രട്ടറിക്കും സിപിഐ പ്രതിനിധിയായ വാര്‍ഡ് അംഗത്തിനും എതിരെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സ്വന്തമായി സ്ഥലവും വീടും ബാങ്ക് ബാലന്‍സുമുള്ള എല്‍സി സെക്രട്ടറി വാര്‍ഡ് അംഗത്തിന്റെ ഒത്താശയോടെ ലിസ്റ്റില്‍ കയറി പറ്റുകയായിരുന്നത്രേ.
ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്കും ഓംബുഡ്‌സ്മാനും പരാതി നല്‍കുമെന്നും പോസ്റ്റില്‍ പറയുന്നു. സിപിഐ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെയ്ക്കാത്തതിനെ ചൊല്ലി സിപിഎം സിപിഐ തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രവര്‍ത്തകര്‍ തമ്മിലുള്ള പോര് പാര്‍ട്ടി നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.
സിപിഐക്കാരനായ മന്ത്രി പി. തിലോത്തമന്റെ പരിപാടികള്‍ ബഹിഷ്‌ക്കരിക്കുവാന്‍ സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കിയത് വിവാദമായിരുന്നു.വിഷയത്തില്‍ ഇരുനേതൃത്വവും വിട്ടുവീഴ്ചക്ക് തയ്യാറാകാതെ വന്നതോടെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പരസ്പരം ചെളിവാരിയെറിഞ്ഞ് അപഹാസ്യരാകുകയാണ് സിപിഎം സിപിഐ പ്രവര്‍ത്തകര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.