സിപിഎമ്മിലും ലീഗിലും കലഹം

Wednesday 29 November 2017 2:02 am IST

കൂത്താട്ടുകുളം: കടുത്ത എതിര്‍പ്പുകള്‍ക്കിടെ വീണ്ടും കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി സ്ഥാനത്തെത്തിയ ഷാജു ജേക്കബ്ബിനെതിരെ നോട്ടീസുകളുടെ പ്രളയം. സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം കടുത്ത ഞെട്ടലിലാണ്. പിണറായി പക്ഷത്തെ ശക്തനായ നേതാവുകൂടിയായ ഷാജു ജേക്കബ്ബിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തെത്തിക്കാതിരിക്കുവാന്‍ വിഎസ് പക്ഷം നടത്തിയ ശ്രമങ്ങള്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് നോട്ടീസുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഷാജു ജേക്കബ്ബിന്റെ സ്വത്ത് വിവരങ്ങള്‍, മാറികയിലെ വ്യാജ കെട്ടിട നിര്‍മ്മാണം, പാര്‍ട്ടിയിലെ പഴയകരുത്തരായ നേതാക്കളെ വെട്ടി നിരത്തിയതടക്കമുള്ള വിവരങ്ങള്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്തിരുന്ന് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നാണ് പ്രധാന ആരോപണം. പിറവത്ത് ആര്‍എസ്എസ് മുന്‍ കാര്യവാഹ് എം.എന്‍. വിനോദിനെ ആക്രമിച്ച സംഭവം, പാലക്കുഴയിലെ വീടുകയറിയുള്ള ആക്രമണം എന്നിവസംബന്ധിച്ച് ഷാജുജേക്കബിന് പാര്‍ട്ടിയില്‍നിന്ന് കടുത്ത പഴികേള്‍ക്കേണ്ടി വന്നിരുന്നു. ഇതിനിടെ എംപിഐ ഡയറക്ടര്‍ ആയി എന്നപേരില്‍ ഫ്‌ളെക്‌സുകള്‍അടിച്ച് വെച്ചതും കൂത്താട്ടുകുളത്തെ കെഎസ്ടിപി റോഡ് വികസനത്തിന്റെ പേരില്‍ സ്വന്തം ഫോട്ടോ പതിച്ച് ഫ്‌ളെക്‌സ് അടിച്ച് വെച്ചതും കടുത്ത വിമര്‍ശനത്തിനിടയാക്കി.
പാര്‍ട്ടിയിലെ നല്ലൊരുശതമാനം പ്രവര്‍ത്തകര്‍ക്കും നിലവിലെ കാര്യങ്ങളോട് യോജിപ്പില്ല. കരുത്തരായ നേതാക്കള്‍ ഉണ്ടായിട്ടും തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരെ പിടിച്ച് ലോക്കല്‍ സെക്രട്ടറിമാരാക്കിയ നടപടിയിലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.
നോട്ടീസുകളും സോഷ്യല്‍മീഡിയകള്‍ വഴി പ്രചരിക്കുന്ന സന്ദേശങ്ങളും പാര്‍ട്ടിനേതൃത്വത്തെ വെള്ളം കുടിപ്പിക്കുകയാണ്. പ്രാദേശിക നേതാക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനില്ലാത്ത അവസ്ഥയാണ് നേതൃത്വത്തിന്.
ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുസ്ലീം ലീഗില്‍ ചോരിപ്പോര് രൂക്ഷമായി. മകന്‍ വി.ഇ. അബ്ദുള്‍ ഗഫൂറിനെ ജില്ലാ സെക്രട്ടറിയാക്കാന്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ സീനിയര്‍ നേതാക്കളെ ഒതുക്കുകയാണെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തി. ഇത് ഇബ്രാഹിംകുഞ്ഞ് പക്ഷത്ത് വിള്ളലിനിടയാക്കി. മട്ടാഞ്ചേരി ഡിവിഷന്‍ കമ്മിറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ്് തമ്മിലടിച്ചതിന് പിന്നാലെയാണിത്.
ലീഗ് തൃപ്പൂണിത്തുറ മണ്ഡലം ജനറല്‍ സെക്രട്ടറിയും മരട് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുള്‍ മജീദ് പാറക്കാടന്‍, മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റ് എന്‍.കെ. നാസര്‍, ജോയിന്റ് സെക്രട്ടറി ടി.എം. അബ്ബാസ്, ജില്ലാ ട്രഷറര്‍ അസിഫ് മുഹമ്മദ്, കോതമംഗലം മണ്ഡലം പ്രസിഡന്റായിരുന്ന കെ.കെ. ഇബ്രാഹിം തുടങ്ങിയ സീനിയര്‍ നേതാക്കളെ ഒതുക്കിയാണ് ഇബ്രാഹിംകുഞ്ഞ് മകനെ കൊണ്ടുവരുന്നതെന്നാണ് ആരോപണം. ഗഫൂറിനെ ഒതുക്കാന്‍ എതിര്‍പക്ഷവും കരുക്കള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്.
ജില്ലയിലെ 13 മണ്ഡലങ്ങളിലും നേരത്തെ കമ്മിറ്റി നിലവില്‍ വന്നിരുന്നു. എന്നാല്‍, മട്ടാഞ്ചേരി മണ്ഡലത്തില്‍ കമ്മിറ്റി രൂപീകരിച്ചില്ല. നിലവിലെ പ്രസിന്റ് എന്‍.കെ. നാസറിനെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്നാണ് ആക്ഷേപം. ഇബ്രാഹിംകുഞ്ഞിന്റെ മകനെതിരെ നാസര്‍ പരസ്യമായി നിലപാട് എടുത്തതാണ് കാരണമെന്നാണ് സൂചന. ഇതിനിടെ നേരത്തെ തെറ്റിപ്പിരിഞ്ഞ ചിലരെ സ്ഥാനം നല്‍കി തിരിച്ചുകൊണ്ടുവരാനും ഇബ്രാഹിം കുഞ്ഞ് നീക്കം നടത്തുന്നുണ്ടെന്നാണ് ആരോപണം.
ഇബ്രാഹിം കുഞ്ഞിന്റെ മകനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കത്തിനെതിരെ ഇബ്രാഹിംകുഞ്ഞ് പക്ഷത്ത് ഭിന്നതയുണ്ടെന്ന പേരില്‍ രണ്ടു പേജുള്ള കത്തും പ്രചരിക്കുന്നുണ്ട്. എന്‍.കെ. നാസര്‍, മജീദ് പാറക്കാടന്‍, കെ.എം. അബ്ദുള്‍ മജീദ്, എം.പി. അബ്ദുള്‍ ഖാദര്‍ എന്നീ നേതാക്കളുടെ പേരിലാണ് കത്ത് പ്രചരിക്കുന്നത്. എന്നാല്‍, അങ്ങനെ ഒരു കത്തിനെക്കുറിച്ച് അറിയില്ലെന്നാണ് നാസര്‍ പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.