അധപ്പതിച്ച ഭരണം

Wednesday 29 November 2017 2:45 am IST

ഇടതുമുന്നണി സര്‍ക്കാരിന് മൊത്തം മണ്ഡരിബാധയേറ്റപോലെയായിരിക്കുന്നു. എല്ലാം ശരിയാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ ശരിയേത് തെറ്റേത് എന്നറിയാത്ത പരുവത്തിലായിരിക്കുന്നു. ഇതിനകം മൂന്ന് മന്ത്രിമാര്‍ക്ക് പണി മതിയാക്കേണ്ടിവന്നത് പുറത്തു പറയാവുന്ന പ്രശ്‌നങ്ങള്‍മൂലമല്ല. ഒക്കെ സ്വന്തം കാര്യവും ആഭ്യന്തര പ്രശ്‌നങ്ങളും. എന്നിട്ടും ഒന്നും പഠിക്കാതെ അധികാരഗര്‍വ്വോടെയാണ് പോക്ക്. ജനാധിപത്യസംവിധാനങ്ങളെ വരുതിക്കു നിര്‍ത്താന്‍ പാകത്തിലുള്ള ധാര്‍ഷ്ട്യമാണ് സര്‍ക്കാറിന്റെ മുഖമുദ്ര. അത് തങ്ങളുടെ പ്രമാണമാണെന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു. മുഖ്യമന്ത്രിതന്നെ ഇതിനൊക്കെ ചൂട്ടുപിടിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മറിച്ചൊന്നും ആലോചിക്കേണ്ടതില്ലല്ലോ.

എന്നും വിവാദങ്ങള്‍ വിളിച്ചുവരുത്തിയിരുന്ന മൂന്നാര്‍ ഭൂമി പ്രശ്‌നം തന്നെയെടുത്താല്‍ കാര്യങ്ങള്‍ ഏതുവഴിക്കാണ് നീങ്ങുന്നതെന്ന് കണ്ടെത്താന്‍ ഒരു പ്രയാസവുമില്ല. സ്വന്തക്കാരെയും ബന്ധക്കാരെയും സന്തോഷിപ്പിക്കാന്‍ എന്തും ചെയ്യാമെന്ന നിലയായിരിക്കുന്നു. ആ മേഖലയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മന്ത്രി മണി മാറിക്കഴിഞ്ഞു. നാക്കിന് എല്ലില്ലാത്തതുകൊണ്ട് എന്തും വിളിച്ചുപറയാനുള്ള ലൈസന്‍സ് മുന്നേ സമ്പാദിച്ചിട്ടുണ്ട് അദ്ദേഹം. അതിനാല്‍തന്നെ പ്രത്യേകിച്ച് പ്രശ്‌നവുമില്ല. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാന്‍ മണ്ണു മാഫിയ എല്ലാവിധ സംവിധാനങ്ങളോടെയും കുതിക്കുമ്പോള്‍ അവര്‍ക്ക് ദാഹംതീര്‍ക്കാനുള്ള ഏര്‍പ്പാടാണ് സ്വീകരിക്കുന്നത്. മന്ത്രി മണിയുടെ നേതൃത്വത്തില്‍ തന്നെ ഇതിനുള്ള സകല പ്രവര്‍ത്തനങ്ങളും നടക്കുന്നു. മല കയ്യേറിയാലും അതൊരു നിസ്സാര പ്രശ്‌നമായി വിലയിരുത്തപ്പെടുന്നു.

ഇക്കാര്യത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ച സിപിഐ നേതൃത്വത്തെ കണക്കിന് പുലഭ്യം പറഞ്ഞ് ഒതുക്കാനാണ് മന്ത്രിയുടെ ശ്രമം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്റെ ആവശ്യത്തിനു നേരെയുള്ള മണിയുടെ പ്രതികരണം.
മൂന്നാര്‍ കയ്യേറ്റ പ്രശ്‌നം സിപിഐ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ആരുടെയോ അച്ചാരം മോഹിച്ചാണെന്ന് മണി പരസ്യമായി പ്രസംഗിച്ചിരുന്നു. അതിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി ശക്തമായി രംഗത്തുവന്നു. മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ മണി നിലപാടില്‍ മാറ്റം വരുത്തിയില്ലെന്നു മാത്രമല്ല, കൂടുതല്‍ കടുത്ത പരാമര്‍ശം നടത്തുകയും ചെയ്തു. ‘മാപ്പ് അല്ല ഒരു കോപ്പും പറയില്ല’ എന്നാണ് മന്ത്രി ധാര്‍ഷ്ട്യത്തോടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. കാളക്കൂറ്റനെപ്പോലെ എവിടെയും മുക്രയിട്ടു നടക്കുന്ന സ്വഭാവമായിരിക്കുന്നു അദ്ദേഹത്തിന്റേത്. എംഎല്‍എ ആയാലും മന്ത്രിയായാലും പാര്‍ട്ടി നേതാവായാലും സംസ്‌കാരത്തിന് ഒരു മാറ്റവും വരുന്നില്ലെന്നതാണ് അറിയേണ്ടത്. ഇത്തരക്കാരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്താന്‍ മുഖ്യമന്ത്രിക്കാവാത്തതിന് കാരണം ഇതേ സ്വഭാവം ഏറിയും കുറഞ്ഞും തന്നിലും ഉണ്ടെന്നുള്ളതു തന്നെ. സാംസ്‌കാരികാഭാസത്തിന്റെ നേര്‍ക്കാഴ്ചയായി ഒരു മന്ത്രിയെ ഇങ്ങനെ മേയാന്‍ വിടുന്നതിന്റെ പിന്നാമ്പുറത്ത് എന്താണെന്ന് ജനങ്ങള്‍ക്ക് മുഴുവന്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നതാണിതിലെ മറ്റൊരുവശം. ഇത്ര അധപ്പതിച്ച രീതിയിലൊരു ഭരണം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് പറയേണ്ടിവരുന്നു. ഭരണത്തിലെ പ്രധാന കക്ഷികള്‍ തന്നെ തമ്മിലടിക്കുന്നത് അതിന്റെ നേര്‍ക്കാഴ്ചയല്ലേ?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.