മാര്‍ത്താണ്ഡത്തിന് പിന്നാലെ ആര്‍ ബ്‌ളോക്കിലും കുത്തകകള്‍ പിടിമുറുക്കുന്നു

Wednesday 29 November 2017 2:30 am IST

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി നടത്തിയ കൈയേറ്റത്തിലൂടെ മാര്‍ത്താണ്ഡം കായല്‍ നിലം വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ മറ്റൊരു കായല്‍നിലമായ റാണി കായലില്‍ (ആര്‍ ബ്‌ളോക്ക്) ഭൂമാഫിയകള്‍ പിടിമുറുക്കുന്ന വിവരം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. സര്‍ക്കാരും ജനപ്രതിനിധികളും ഇതിന് ഒത്താശ ചെയ്യുന്നു. വെള്ളക്കെട്ട് ഒഴിവാക്കാനും മറ്റു പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ വീഴ്ച വരുത്തുന്നതിന്റെ ആത്യന്തിക നേട്ടം ടൂറിസം കുത്തകകള്‍ക്കാണ്. അവശേഷിക്കുന്ന കുടുംബങ്ങള്‍ കൂടി പലായനം ചെയ്യുന്നതോടെ ആര്‍ ബ്‌ളോക്ക് പൂര്‍ണമായും ടൂറിസം ലോബികളുടെ പിടിയിലമരും.

ആലപ്പുഴയില്‍ കായല്‍ ടൂറിസം സജീവമായതോടെയാണ് ആര്‍ ബ്‌ളോക്കിനുമേല്‍ ഭൂമാഫിയകള്‍ കണ്ണുവച്ചത്. വെള്ളക്കെട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും കിട്ടിയ വിലയ്ക്ക് വീടും വസ്തുവും വിറ്റ് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മറ്റിടങ്ങളില്‍ ചേക്കേറിയിരുന്നു.

ഭൂമി വിറ്റവരും വാങ്ങിയവരും മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാതെ വന്നപ്പോള്‍ ചരിത്രത്തിലാദ്യമായി 2013-14 വര്‍ഷത്തിലാണ് ആര്‍ ബ്‌ളോക്ക് വെള്ളത്തിലായത്. കൈനകരി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ആര്‍ ബ്‌ളോക്കില്‍ അടുത്ത കാലം വരെ 62 കുടുംബങ്ങള്‍ താമസിച്ചിരുന്നു. വെള്ളം കയറിയതുമൂലം ആര്‍ ബ്‌ളോക്ക് നടിച്ചിറയിലെ ഐഎച്ച്ഡിപി കോളനിയില്‍പ്പെട്ട 21 കുടുംബമടക്കം 31 കുടുംബങ്ങള്‍ ഇവിടംവിട്ടു.

70 വര്‍ഷം മുന്‍പ് ‘ഹോളണ്ട് സ്‌കീം’ എന്ന പദ്ധതി പ്രകാരം രണ്ടുനെല്‍കൃഷിക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചെലവഴിച്ച്, കായലില്‍ കരിങ്കല്ലുകെട്ടി 40 അടി ബണ്ടു നിര്‍മ്മിച്ച് രൂപപ്പെടുത്തിയെടുത്ത ആര്‍ ബ്‌ളോക്കിന് 1,450 ഏക്കറാണ് വിസ്തൃതി. വെള്ളപ്പൊക്ക കാലത്ത് കായലില്‍ നിന്ന് കയറുന്ന വെള്ളം വറ്റിക്കാന്‍ 21 മോട്ടോര്‍ പമ്പുകളും സ്ഥാപിച്ചിരുന്നു. നിലവില്‍ രണ്ടു പമ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. യഥാസമയം വെള്ളം വറ്റിക്കാന്‍ കഴിയാതെ വന്നതോടെ പ്രദേശത്തെ വീടുകളാകെ ഇത്തവണയും വെള്ളത്തിലായി.

മോട്ടോര്‍ തറകളും വെള്ളത്തിലാണ്. തെങ്ങ്, കരിമ്പ്, കപ്പ, വാഴ, പച്ചക്കറികള്‍ എന്നിവയായിരുന്നു ആര്‍ ബ്‌ളോക്കിലെ കൃഷിയിനങ്ങള്‍. വാനില വരെ കൃഷി ചെയ്തിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. തെങ്ങുകൃഷി ഏറെ ആദായകരമായപ്പോള്‍ കള്ളുചെത്തിലൂടെയും വരുമാനം ഇരട്ടിച്ചു. ഇതോടെ കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും സുവര്‍ണകാലമായി. എന്നാല്‍ ടൂറിസത്തിന്റെ കടന്നുകയറ്റം ആര്‍ ബ്‌ളോക്കിലെ കൃഷി തകര്‍ത്തു.

മുന്‍ സര്‍ക്കാരിന്റെ കാലത്തടക്കം വെള്ളപ്പൊക്കത്തില്‍ നിന്നുള്ള സംരക്ഷണത്തിന് 22 കോടിയുടെ മൂന്നു പദ്ധതികളും ആവിഷ്‌കരിച്ചു. പക്ഷേ, പദ്ധതികളൊന്നും നടന്നില്ല. അവശേഷിക്കുന്നവര്‍ കൂടി ഇവിടം വിറ്റ് പോകുകയാണ് ടൂറിസം കുത്തകകളുടെ ലക്ഷ്യം. ഇതിന് കുടപിടിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ നടപടികളും എന്ന് വിമര്‍ശനം ഉയരുന്നു. ഇതിനെതിരെ സിപിഎം പോഷക സംഘടനയായ കെഎസ്‌കെടിയു പോലും സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.