ക്വസ്റ്റ് ഗ്ലോബല്‍ ചെയര്‍മാന് ആദരം

Thursday 30 November 2017 1:56 am IST

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ മുന്‍നിര ആഗോള എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ് ദാതാക്കളായ ക്വസ്റ്റ് ഗ്ലോബലിന്റെ ചെയര്‍മാനും സിഇഓയുമായ അജിത്പ്രഭുവിന് മാതൃവിദ്യാലയമായ വിര്‍ജീനിയയിലെ ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയുടെ ആദരം. സര്‍വകലാശാലയിലെ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്‌മെന്റിന്റെ ഉയര്‍ന്ന ബഹുമതിയായി കണക്കാക്കുന്ന ഹാള്‍ ഓഫ് ഫെയിംബോര്‍ഡില്‍ അജിത് പ്രഭുവിനെ ഉള്‍പ്പെടുത്തി.
സര്‍വകലാശാലയിലെ അലുമിനി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്റ് പുരസ്‌കാരവും അജിത് പ്രഭുവിന് സമ്മാനിച്ചു. ക്വസ്റ്റ് ഗ്ലോബലിനെ ലോകോത്തര ഒന്നാം നിര ആഗോള കമ്പനിയാക്കി മാറ്റിയതിനാണ് പുരസ്‌കാരം. എഞ്ചിനീയറിംഗ് മേഖലയില്‍ മുന്‍നിര വ്യക്തിത്വങ്ങളായി അംഗീകരിക്കപ്പെടുന്നവരും പ്രൊഫഷണല്‍ വ്യക്തി മേഖലയില്‍ അസാധാരണമായ നേട്ടങ്ങള്‍ കൈവരിക്കുന്നവരുമായ ബിരുദധാരികള്‍ക്ക് സര്‍വകലാശാല നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണ് ഔട്ട്സ്റ്റാന്‍ഡിംഗ് അച്ചീവ്‌മെന്റ്.
എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി ബിരുദം നല്‍കിയ തന്റെ മാതൃവിദ്യാലയമായ അതേസര്‍വകലാശാല തന്നെയാണ് അജിത് പ്രഭുവിനു ഇരട്ട ആദരവു നല്‍കിയത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പ് തലവന്‍ ഡോ സെബാസ്റ്റിന്‍ ഹാള്‍ ഓഫ് ഫെയിം ബോര്‍ഡില്‍ ആജീവനാന്തകാലത്തേക്ക് അജിത് പ്രഭുവിനെ ഉള്‍പ്പെടുത്തി ബഹുമതി കൈമാറി. ഇതോടെ 87 വര്‍ഷത്തിനിടെ ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയുടെ ആദരവിനു അര്‍ഹനാകുന്ന മൂന്നാമത്തെ വ്യക്തി എന്ന ബഹുമതിയും അജിത് പ്രഭുവിന് സ്വന്തം. 13 രാജ്യങ്ങളിലായി 40 സെന്ററുകളും 8,700 ജീവനക്കാരുമായി ലോകോത്തര ഒന്നാംനിര ആഗോള കമ്പനിയാണിപ്പോള്‍ ക്വസ്റ്റ് ഗ്ലോബല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.