കോണ്‍ഗ്രസ് രാജ്യത്തെ കൊള്ളയടിച്ചു

Wednesday 29 November 2017 9:17 am IST

സൗരാഷ്ട്ര: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലങ്ങളായി രാജ്യത്തെ കട്ടുമുടിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ജിഎസ്ടിയെ ഗബ്ബര്‍ സിങ് ടാക്‌സ് എന്ന് കളിയാക്കുകയാണെന്നും മോദി പറഞ്ഞു. കൊള്ളക്കാര്‍ക്ക് കവര്‍ച്ചയെ കുറിച്ച് മാത്രമേ ചിന്തിക്കാന്‍ കഴിയൂ. പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ട മുതല്‍ തിരിച്ച് നല്‍കാനാണ് താനെത്തിയിരിക്കുന്നതെന്നും മോദി മോര്‍ബയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ചെറിയ കാര്യങ്ങളുടെ നേട്ടം അവകാശപ്പെടുകയാണ്. അവര്‍ കൈ പമ്പുകള്‍ കൊണ്ടു വന്നു. നമ്മള്‍ നര്‍മദ പദ്ധതി കൊണ്ടു വന്നു.

ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലെ കുടിവെള്ള ക്ഷാമം പരിഹരിച്ചത് ബിജെപി സര്‍ക്കാരാണെന്നും, സംസ്ഥാനത്ത് ഒരുതുള്ളി വെള്ളം പോലും പാഴാകാതിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഗുജറാത്തിനെ അപമാനിച്ചിട്ടുണ്ടെന്നും മോദി വിമര്‍ശിച്ചു. മോര്‍ബിയിലെ ദുര്‍ഗന്ധം കാരണം ഇന്ദിര തൂവാലകൊണ്ട് മൂക്കുപൊത്തുന്ന ചിത്രം മാസികയില്‍ അച്ചടിച്ചുവന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്‍ശനം.

കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ഗുജറാത്തിലുണ്ട്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രചാരണത്തില്‍ മുഖാമുഖം വരുന്നത്.

ജുനഗഡ്, ഭാവ്‌നഗര്‍ ജില്ലകളിലും സൂറത്തിനടത്തുള്ള നവസാരിയിലും പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. സൌരാഷ്ട്ര ഉള്‍പ്പെടെയുള്ള 89 മണ്ഡലങ്ങളില്‍ ഡിസംബര്‍ 9നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.