വെള്ളക്കെട്ട്: ആര്‍ ബ്‌ളോക്കില്‍ മൃതദേഹം സംസ്‌ക്കരിക്കാനിടമില്ല

Thursday 30 November 2017 2:15 am IST

ആലപ്പുഴ: കുട്ടനാട്ടിലെ ആര്‍ ബ്ലോക്കില്‍ മരിച്ച അറുപതുകാരന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലമില്ല. വര്‍ഷങ്ങളായുള്ള വെള്ളക്കെട്ടാണ് വടക്കേച്ചിറ പാലപാത്ര വീട്ടില്‍ ബാബുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ തടസ്സമായത്. പനി കൂടിയതിനെ തുടര്‍ന്നാണ് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജില്ലാ ഭരണകൂടം ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നുള്ള നിലപാടിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. ഒടുവില്‍ തഹസീല്‍ദാരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. ആര്‍ ബ്ലോക്കില്‍ ലഭ്യമായ സൗകര്യത്തില്‍ വൈകിട്ടോടെ മൃതദേഹം സംസ്‌കരിച്ചു.
ഇന്നലെ രാവിലെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബാബു മരിച്ചത്. കിടപ്പാടം ഉള്‍പ്പെടെ വെള്ളത്തിലാണ്. ആര്‍ ബ്ലോക്കില്‍ എങ്ങനെ മൃതദേഹം സംസ്‌കരിക്കുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
ബാബുവിന്റെ 96 വയസ്സുള്ള അമ്മയും സഹായിയും മാത്രമാണ് ആര്‍ ബ്ലോക്കിലെ വെള്ളം കയറിയ വീട്ടിലുള്ളത്. ഇവരെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വൃദ്ധസദനത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചുവെങ്കിലും ആര്‍ ബ്ലോക്കിലേക്ക് മടങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവിസം തിരികെയെത്തുകയായിരുന്നു.
ആര്‍ ബ്ലോക്കിലെ വെള്ളം വറ്റിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ മോട്ടോറുകള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പെട്ടിയും പറയും വയ്ക്കാന്‍ ജില്ലാ ഭരണകൂടത്തിന് ഫണ്ടില്ല. ഇതിന് സംസ്ഥാന സര്‍ക്കാരിനോട് സഹായത്തിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.