ഗുജറാത്തുകാരോട് എന്തിനിത്ര വിരോധം?

Thursday 30 November 2017 2:45 am IST

ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ രാകേഷ് അസ്താനയെ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി ശരിവെച്ചിരിക്കുകയാണ്. ഗുജറാത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്ന ഇടതു ലിബറുകളുടേയും മാധ്യമങ്ങളുടേയും കുതന്ത്രങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് അസ്താനയുടെ നിയമനം ശരിവെച്ച കോടതി തീരുമാനം.

ഗുജറാത്ത് കേഡറിലെ ഏറ്റവും മികച്ച പോലീസ് ഉദ്യോഗസ്ഥനെ സിബിഐയിലേക്ക് നിയമിച്ചതിനെ ചോദ്യംചെയ്യുന്നവരുടെ ഉദ്ദേശ്യശുദ്ധി പുറത്തുകൊണ്ടുവന്ന സുപ്രീംകോടതിയുടെ നടപടി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ടതാണ്. ‘കോമണ്‍ കോസ്’ എന്ന സംഘടനയാണ് അസ്താനയെ സിബിഐയില്‍ നിയമിച്ചതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. നിയമനം നിയമവിരുദ്ധമാണെന്നാണ് ‘കോമണ്‍ കോസി’ന്റെ ഹര്‍ജിയിലെ വാദം. സുപ്രീംകോടതിയില്‍ ഈ സംഘടനയ്ക്കുവേണ്ടി ഹര്‍ജി നല്‍കിയത് പ്രശാന്ത് ഭൂഷണ്‍ ആണെന്നതും ശ്രദ്ധേയം. എന്നാല്‍ അസ്താനയുടെ നിയമനം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. നിയമനത്തില്‍ യാതൊരു വിധ ചട്ടലംഘനവുമില്ലെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോദ്രയിലെ രാമഭക്തരെ തീയിട്ടുകൊന്ന കേസ് അന്വേഷിച്ചത് രാകേഷ് അസ്താനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു. ഗോദ്ര സംഭവത്തിലെ അസ്താനയുടെ കണ്ടെത്തലുകളില്‍ അസ്വസ്ഥരായ ശക്തികള്‍ കാലമേറെക്കഴിഞ്ഞിട്ടും ശക്തമാണെന്ന സൂചനനല്‍കുന്നതാണ് അസ്താനയുടെ നിയമനത്തിനെതിരെ നടന്ന നീക്കങ്ങള്‍. വിവിഐപി ഹെലികോപ്റ്റര്‍ അഴിമതി, കല്‍ക്കരിപ്പാടം അഴിമതിക്കേസ്, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകള്‍ തുടങ്ങി നാല്‍പ്പതിലേറെ കേസുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അസ്താനയെ കോണ്‍ഗ്രസും ഇടതു ബുദ്ധിജീവികളും മറ്റും എതിര്‍ക്കുന്നതില്‍ അല്‍ഭുതമില്ല. കേസന്വേഷണം മരവിപ്പിക്കാനും സമ്മര്‍ദ്ദം ശക്തമാക്കാനുമാണ് പല ശക്തികളുടേയും ശ്രമം. എന്നാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് അര്‍ഹതയുള്ള ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയെന്ന ചുമതലയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുന്നത്.

സിബിഐ ഡയറക്ടറും ചീഫ് വിജിലന്‍സ് കമ്മീഷണറും അടക്കമുള്ള നിയമന സമിതി ഐക്യകണ്‌ഠേനയാണ് അസ്താനയുടെ നിയമനം ശരിവച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചു നടന്ന നിയമനത്തെ എതിര്‍ക്കാനാവില്ലെന്നും ജസ്റ്റിസ് ആര്‍.കെ അഗര്‍വാള്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിട്ടുണ്ട്. അസ്താനയ്‌ക്കെതിരെ സിബിഐ അന്വേഷണം ഉണ്ടെന്ന ആരോപണങ്ങളും കോടതി മുഖവിലയ്‌ക്കെടുത്തില്ല. സിബിഐ എഫ്‌ഐആറില്‍ രാകേഷ് അസ്താനയുടെ പേരില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കുപ്രചാരണം നടത്തിയവര്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. ഗുജറാത്തില്‍ നിന്നുള്ള ഏതൊരു ഉദ്യോഗസ്ഥന്റെ നിയമനവും ബിജെപി-മോദി ബന്ധമെന്ന പ്രചാരണം അഴിച്ചുവിട്ട് പ്രതിരോധിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണറുടെ മുതല്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറുടെ വരെ നിയമനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത് ഇത്തരക്കാരുടെ സങ്കുചിത നീക്കങ്ങള്‍ മൂലമാണ്. 2014ലെ പൊതുതെരഞ്ഞെടുപ്പ് ഫലം ഇനിയും ഉള്‍ക്കൊള്ളാനാവാത്തതിന്റെ പൊരുത്തക്കേടാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.