നീലക്കുറിഞ്ഞികള്‍ ചുട്ടെരിക്കുമ്പോള്‍

Thursday 30 November 2017 2:45 am IST

മാര്‍ത്താണ്ഡം കായല്‍ കൈയേറ്റ രേഖകള്‍ കാണാതായപോലെ കൊട്ടക്കമ്പൂര്‍ വില്ലേജിലെ റീസര്‍വ്വേ ലാന്റ് രജിസ്റ്റര്‍ കാണാതായതായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടത്രേ! പകല്‍ക്കൊള്ളയാണ് വട്ടവടയിലും കൊട്ടക്കാമ്പൂരിലും നടക്കുന്നത്. ഏതൊരു ജനാധിപത്യ സര്‍ക്കാരും ചെയ്യാന്‍ മടികാണിക്കുന്ന ഭൂമാഫിയക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് കേരളസര്‍ക്കാര്‍ മന്ത്രിതല കമ്മറ്റിയെ കുറിഞ്ഞി ഉദ്യാന അതിര്‍ത്തി നിര്‍ണയിക്കാന്‍ ചുമതലപ്പെടുത്തിയതിലൂടെ ചെയ്തിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭൂമാഫിയ ബന്ധം പറഞ്ഞ് വോട്ടുനേടി ജയിച്ചു വന്ന എല്‍ഡിഎഫ് സര്‍ക്കാരും സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കുന്ന പാതയിലാണ്.

മൂന്നാര്‍ വന്യജീവി ഡിവിഷന്റെ കീഴില്‍ ഷോല ദേശീയ ഉദ്യാനറേഞ്ചില്‍ 2006 ഒക്‌ടോബര്‍ ആറിനാണ് കുറിഞ്ഞിമല ഉദ്യാനമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുന്നത് (സ.ഇ.(പി)നമ്പര്‍ 36/06/വനം വന്യജീവി) കൊട്ടക്കാമ്പൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 36/06/വനം വന്യജീവി). കൊട്ടക്കമ്പൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 58/1, വട്ടവട വില്ലേജിലെ സര്‍വ്വേ നമ്പര്‍ 62 എന്നിവ അടങ്ങിയ ഭൂപ്രദേശം ഉത്തരവിന്‍പ്രകാരം റവന്യൂ വിഭാഗം വനംവകുപ്പിന് കൈമാറി. ഈ പ്രദേശത്തെ നീലക്കുറിഞ്ഞി അടങ്ങുന്ന ജൈവവൈവിധ്യ സംരക്ഷണമാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യം.

ആന, മാന്‍, വരയാട്, കാട്ടുപോത്ത് എന്നിവയുടെ ആവാസവ്യവസ്ഥയാണ് കുറിഞ്ഞിമല. ഈ പ്രദേശത്തെ മലഞ്ചരിവുകളും ചെങ്കുത്തായ കുന്നുകളും മലകളും പ്രകൃതിദത്തമായ ജൈവസമ്പത്തിന്റെ ഉറവിടമായിട്ടാണ് അറിയപ്പെടുന്നത്. കുറിഞ്ഞിമല ഉദ്യാനത്തില്‍ 3200 ഹെക്ടര്‍ ഭൂമി ഉള്‍പ്പെടുന്നുണ്ട്. ഈ ഉദ്യാനത്തിന്റെ അതിര്‍ത്തികള്‍ ചിന്നാര്‍ വന്യജീവി സങ്കേതമായും, ആനമുടി ദേശീയ ഉദ്യാനമായും, പാമ്പാടുംചോല ദേശീയ ഉദ്യാനമായും ബന്ധപ്പെട്ടു കിടക്കുന്നു. കുറിഞ്ഞിമല ഉദ്യാനത്തിന്റെ വടക്കേ അതിര്‍ത്തി വടക്കേ വെള്ളഗിരി (2127 ഉയരം) കുന്നില്‍നിന്നും തുടങ്ങി ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിയും കാറുവെപ്പിന്‍ ചോലയും പിന്നിട്ട് കൊട്ടക്കമ്പൂരിലെ തമിഴ്‌നാട് അതിര്‍ത്തിവരെ നീളുന്നു.

ഉദ്യാനത്തിന്റെ കിഴക്കെ അതിര്‍ത്തി അന്തര്‍സംസ്ഥാന അതിര്‍ത്തി മുതല്‍ പാമ്പാടുംചോല ദേശീയ ഉദ്യാന അതിര്‍ത്തിയിലൂടെ കൊളക്കാട്ടുമലയും പാറതുമ്പും കടവരികാണവെയും തുളുക്കന്‍പെട്ടി മലയും കല്ലാടന്‍കാണവെ മേടും പട്ടിതലൈച്ചിയുംവരെ നീളുന്നു. കുറിഞ്ഞി മല ഉദ്യാനത്തിന്റെ തെക്കേ അതിര്‍ത്തി പാമ്പാടുംചോല ദേശീയ ഉദ്യാനത്തിന്റെ വടക്കേ അതിര്‍ത്തിയിലെ മൂന്നാര്‍ കോവിലൂര്‍ റോഡുവരെ നീളുന്നു. ഉദ്യാനത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തി വട്ടവട വില്ലേജിലെ 62-ാം ബ്ലോക്കിലെ വനംവകുപ്പിന്റെ തോട്ടത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍നിന്നു തുടങ്ങുന്നു. അത് കൊട്ടക്കാമ്പൂര്‍ വില്ലേജിലെ 58-ാം നമ്പര്‍ ബ്ലോക്ക് കടന്ന് ആനമുടി ചോല ദേശീയ ഉദ്യാനത്തിന്റെ വടക്കു-കിഴക്കേ അതിര്‍ത്തിവരെ നീളുന്നു. ഇത് വടക്കേ വെള്ളഗിരി മല കടന്ന് ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിവരെ എത്തുന്നുണ്ട്.

നീലക്കുറിഞ്ഞി ഉദ്യാനം സ്ഥിതിചെയ്യുന്ന പ്രദേശം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ വന്‍ ഇക്കോളജീയ നാശത്തിലാണെത്തുക. ഇവിടെ പന്ത്രണ്ട് വര്‍ഷത്തില്‍ പൂക്കുന്ന നീലക്കുറിഞ്ഞി സംരക്ഷിക്കപ്പെടുന്നതോടൊപ്പം ഭൂചലന സാധ്യതയുള്ള ഈ പ്രദേശം രൂക്ഷമായ മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും വിധേയമാകുന്ന സ്ഥലങ്ങളാണ്. വന്‍തോതില്‍ കൈയേറ്റത്തിനും മനുഷ്യനിര്‍മിത തീവെപ്പിനും അമിതമായ വന്യജീവി മേയലിനും വിധേയമാകുന്ന ഈ സ്ഥലം കുറിഞ്ഞിമല ഉദ്യാനത്തിന്റെ ഭാഗമാക്കിയതുതന്നെ ഈ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ്. കുറിഞ്ഞിമല ഉദ്യാനത്തില്‍ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുവാന്‍ രാഷ്ട്രീയ ഇടപെടലുകളുടെയും സ്വജനപക്ഷപാതത്തിന്റെയും പേരില്‍ കേരള സര്‍ക്കാര്‍ മന്ത്രിസഭാംഗങ്ങളെ ചേര്‍ത്ത് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത് നിലവിലെ നിയമങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. സര്‍ക്കാര്‍ വനഭൂമിയും വന്യജീവി സങ്കേതവും ദേശീയ ഉദ്യാനവും കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്)യുടെ അനുഭാവികള്‍ക്കും ഇഷ്ടക്കാര്‍ക്കും വീതംവച്ചു നല്‍കുവാനുള്ള ഗൂഢനീക്കത്തിന്റെ തുടക്കമായിട്ടെ ഈ കമ്മിറ്റിയെ കാണാനാകൂ.

കുറിഞ്ഞിമല ഉദ്യാനത്തിന്റെ അതിര്‍ത്തി നിശ്ചയിച്ച് സര്‍ക്കാര്‍ 2006 ല്‍ തന്നെ പൂര്‍ണ ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്. അത് അപൂര്‍ണമാണെന്നാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ഭാഷ്യം! കുറിഞ്ഞിമല ഉദ്യാനത്തിന്റെ ഭൂമി തട്ടിയെടുക്കുന്നതിന്റെ ആദ്യപടിയാണിത്. 300 ഹെക്ടര്‍ ഉദ്യാനത്തിലെ കുറിഞ്ഞി ചെടികളും, യൂക്കാലിപ്റ്റസ്-ഗ്രാന്റിസ് മരങ്ങളും ഭൂമാഫിയ ചുട്ടു ചാമ്പലാക്കിയെങ്കിലും സര്‍ക്കാര്‍ ഇത് കാട്ടുതീ ആയിട്ടാണ് കണക്കാക്കിയിരിക്കുന്നത്. 1972 ലെ വന്യജീവി സംരക്ഷണനിയമത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നത് ദേശീയ വന്യജീവി ബോര്‍ഡിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ചുമതലയാണ്. മന്ത്രിതല കമ്മിറ്റിയുടെതല്ല.

കുറിഞ്ഞിമല ഉദ്യാന ഭൂമിയില്‍ യഥാര്‍ത്ഥ അവകാശികളാരും തന്നെ ഇല്ലാത്തതിനാല്‍ സെറ്റില്‍മെന്റ് ഓഫീസറിനു മുന്നില്‍ ആരും ഇതുവരെ ഹാജരായിട്ടില്ല. എന്നിട്ടം ‘ജന’ങ്ങളുടെ പേരുപറഞ്ഞ് കേരള സര്‍ക്കാര്‍ ഭൂമാഫിയയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ്. നീലക്കുറിഞ്ഞി ഉദ്യാനഭൂമിയുടെ പേരില്‍ വ്യാജപട്ടയവും വ്യാജ പവര്‍ ഓഫ് അറ്റോര്‍ണിയുമാണ് ജോയ്‌സ് ജോര്‍ജ് എംപിയുടെ അപ്പന്‍ തരപ്പെടുത്തിയതെന്ന് ഏതാണ്ട് ഉറപ്പായി. കേരള ലാന്റ് അസൈന്‍മെന്റ് റൂള്‍ 1964 പ്രകാരം 1971 നു മുമ്പ് കൈവശക്കാര്‍ക്കാണ് പട്ടയം ലഭിക്കുക. കുറിഞ്ഞിമല ഉദ്യാന മേഖലയില്‍ അത്തരത്തില്‍ ആര്‍ക്കും പട്ടയം ലഭിച്ചതായി ലാന്റ് അസൈന്‍മെന്റ് കമ്മറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. അപ്പോള്‍ വലിയൊരു ഭൂമികയ്യേറ്റത്തിന്റെ ചിത്രമാണ് വെളിപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.