പഴശ്ശിയില്ലാത്ത ആരുടെയോ ചരിത്രം!

Thursday 30 November 2017 2:45 am IST

ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സഫലമാകുന്നത് ആ രാഷ്ട്രത്തിലെ ജനങ്ങള്‍ യഥാര്‍ഥപൗരന്മാരാവുമ്പോഴാണ്. ഈ പൗരസൃഷ്ടി നടക്കണമെങ്കില്‍ സ്വന്തം രാഷ്ട്രത്തിന്റെ മഹിമാബോധം സമൂഹം ഉള്‍ക്കൊണ്ടിരിക്കണം. ശരിയായ ചരിത്രബോധം ഉള്‍ക്കൊണ്ട് ചാരിത്ര്യവാന്മാരായി കഴിയുമ്പോഴേ രാഷ്ട്രത്തോടുള്ള നമ്മുടെ കടമകളെക്കുറിച്ചും, അവകാശങ്ങളെക്കാളേറെ ബാധ്യതകളെക്കുറിച്ചും സദാ സ്മരിച്ച് നാം ഉത്തമപൗരന്മാരാവൂ. ഈ പൗരസൃഷ്ടിയില്‍ വളരെ പ്രധാനപ്പെട്ടതാണ് ചരിത്രപഠനം.

ചരിത്രം തങ്ങള്‍ക്ക് അനുകൂലമാക്കിത്തീര്‍ക്കുകവഴി വരുംകാലത്തെ തങ്ങളുടെ വഴിയില്‍ നടത്താമെന്ന നേട്ടവും ഇത്തരക്കാര്‍ സ്വപ്നംകണ്ടു. അതിനു കണ്ടെത്തിയ വഴിയാകട്ടെ, ചരിത്രരചനയില്‍ തന്നെ കൈകടത്തുകയും അതുവഴി ചരിത്രം മറ്റൊന്നാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതായിരുന്നു. തങ്ങള്‍ക്ക് അനുകൂലമായ വ്യാജചരിത്രം എഴുതിത്തയ്യാറാക്കി അതാണ് ശരിയായ ചരിത്രമെന്നു വിശ്വസിപ്പിക്കുന്നതില്‍ വിജയിച്ചതോടെ സ്ഥാപിതതാല്‍പര്യക്കാരുടെ ഇംഗിതത്തിനു കീഴ്പ്പെട്ട കേവലമൊരു കെട്ടുകുതിരയായി ചരിത്രം മാറി. ഈ കണ്‍കെട്ടുവിദ്യയില്‍ മയങ്ങിപ്പോയ ലോകമാകട്ടെ, യഥാര്‍ഥ ചരിത്രത്തെയും പാരമ്പര്യത്തെയും പിന്‍തള്ളാനും, ഗൂഢലക്ഷ്യങ്ങളോടെ രചിക്കപ്പെട്ട വ്യാജചരിത്രത്തെ സ്വാംശീകരിക്കാനും നിര്‍ബന്ധിതമായി.

ഭാരതത്തിന്റെ കടയ്ക്കല്‍ കത്തിയാഴ്ത്താന്‍ ചരിത്രം ദുരുപയോഗപ്പെടുത്തി, എത്ര ഗൗരവമേറിയ ശ്രമങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്നറിയാന്‍ കേവലം ഒന്നോ രണ്ടോ ഉദാഹരണങ്ങളിലൂടെ കടന്നുപോയാല്‍ മതി. ഭാരതീയന്റെ നിഷ്‌കളങ്കതയ്ക്കുമേല്‍ അധിനിവേശത്തിന്റെ കാപട്യം നേടിയ വിജയംകൂടിയായിരുന്നു ആധുനികകാലത്തു ഭാരതം അനുഭവിക്കേണ്ടിവന്ന അടിമത്തവും തുടര്‍ന്നുണ്ടായ ദുരിതങ്ങളുമെന്നു തിരിച്ചറിയാനും ഇത്തരമൊരു പരിശോധന സഹായകമാകും.

സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റ കരുത്തിനെ ഭാരതത്തിലെ രാജാക്കന്മാരും ജനങ്ങളും ഭയപ്പെട്ടുവെന്നും ചെറുത്തുനില്‍ക്കാനുണ്ടായ ശ്രമങ്ങള്‍ ബ്രിട്ടനെ വേവലാതിപ്പെടുത്താന്‍ പോരുന്നതായിരുന്നില്ല എന്നുമാണു ചരിത്രഗ്രന്ഥങ്ങള്‍ നല്‍കുന്ന സൂചന. പഴഞ്ചന്‍ ആയുധങ്ങളും യുദ്ധസന്നാഹങ്ങളുമായി ഭാരതരാജാക്കന്മാര്‍ നടത്തിയ സായുധസമരങ്ങള്‍ ബ്രിട്ടന് ഒരു തമാശക്കളി ആയാണ് തോന്നിയിട്ടുണ്ടാവുക എന്ന രീതിയില്‍ ഭാരതീയന്റെ ആത്മാഭിമാനത്തെത്തന്നെ ഇല്ലാതാക്കുന്നവിധമുള്ള അവതരണവും ചരിത്രഗ്രന്ഥങ്ങള്‍ പകര്‍ന്നുതരുന്നു. ഇങ്ങു തെക്കേയറ്റത്തെ മലനിരകളില്‍ നിലയുറപ്പിച്ച് അധിനിവേശത്തിനെതിരെയുള്ള ഒളിയുദ്ധത്തിലൂടെ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി യത്നിച്ചു ജീവത്യാഗം ചെയ്ത പഴശ്ശിരാജാവിന് ഭാരതീയമല്ലാത്ത അക്കാദമിക് സമൂഹം തയ്യാറാക്കിയ ചരിത്രത്തില്‍ എന്തു സ്ഥാനമാണു നല്‍കിയിരിക്കുന്നത് എന്നു നിരീക്ഷിക്കുന്നതു ചരിത്രരചനയിലെ നിഷ്പക്ഷതയും താല്‍പര്യങ്ങളും വെളിപ്പെടുത്താന്‍ ഉപകരിക്കും.

കോട്ടയം രാജവംശത്തില്‍പ്പെട്ട കേരളവര്‍മ പഴശ്ശി രാജയുടെ ഇരുപതാം വയസ്സിലാണ് മൈസൂരില്‍നിന്നു ഹൈദരലി മലബാര്‍ കീഴടക്കുന്നത്. തിരുവിതാംകൂറില്‍ രാഷ്ട്രീയ അഭയം തേടാനായിരുന്നു അന്ന് അധികാരത്തിലുണ്ടായിരുന്ന കോട്ടയം രാജാവ് തീരുമാനിച്ചത്. എന്നാല്‍, അതായിരുന്നില്ല കേരളവര്‍മയുടെ വഴി. തന്റെ രാജ്യം അധിനിവേശശക്തിക്ക് അടിയറവെക്കാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല. ഹൈദരലിയോടോ അദ്ദേഹത്തിനുശേഷം ടിപ്പുവിനോടോ വിട്ടുവീഴ്ച ചെയ്യാന്‍ പഴശ്ശിരാജ തയ്യാറായില്ല. രാജാവായി അധികാരമേറ്റ കേരളവര്‍മ 1774 മുതല്‍ 1793 വരെ മൈസൂര്‍പ്പടയുമായി പൊരുതിക്കൊണ്ടേയിരുന്നു.

എന്നാല്‍, 1792ല്‍ മൈസൂര്‍ കീഴടക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനി പഴശ്ശിരാജയുടെ കോട്ടയം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതാകട്ടെ, പഴശ്ശി രാജയുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ കോട്ടയം രാജ്യത്തിന് കമ്പനി അനുവദിച്ചുനല്‍കിയ സ്വാതന്ത്ര്യത്തിനു വിരുദ്ധമായിരുന്നുതാനും. പ്രകോപനപരമായ നടപടികള്‍ പിന്നെയും ഉണ്ടായി, ബ്രിട്ടീഷുകാരുടെ ഭാഗത്തുനിന്ന്. കേരളവര്‍മയെ തള്ളി പഴശ്ശി കോവിലകത്തെ മുതിര്‍ന്ന മറ്റൊരു അംഗത്തെ കോട്ടയം രാജാവായി വാഴിക്കാന്‍ അവര്‍ തീരുമാനിച്ചു. തുടര്‍ന്ന്, ജനങ്ങള്‍ക്കു താങ്ങാനാവാത്ത നികുതിഭാരം അടിച്ചേല്‍പിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ കേരളവര്‍മ ജനങ്ങള്‍ക്കൊപ്പം നിന്നു. ആരും നികുതി അടയ്ക്കേണ്ടെന്നു വിലക്കി. 1793ല്‍ കമ്പനിക്കെതിരെ പ്രത്യക്ഷമായി തിരിയുകയും ചെയ്തു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായി അപ്പോള്‍ കമ്പനിയുടെ നീക്കം. 1796ല്‍ കൊട്ടാരത്തില്‍നിന്ന് പിടികൂടാന്‍ ശ്രമം നടത്തി.

പിടികൊടുക്കാതെ രക്ഷപ്പെട്ട പഴശ്ശി ബ്രിട്ടനു വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. അടുത്ത വര്‍ഷം പഴശ്ശിയുമായി സമാധാന ഉടമ്പടി ഒപ്പുവെക്കാന്‍ കമ്പനി നിര്‍ബന്ധിതമായി. എന്നാല്‍ പിന്നീട് വയനാടിന്റെ അവകാശത്തെച്ചൊല്ലി കമ്പനിയും പഴശ്ശിരാജയും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. സ്വന്തം മണ്ണ് ഒരു തരിപോലും വിട്ടുകൊടുക്കാന്‍ പഴശ്ശിരാജാവ് തയ്യാറായിരുന്നില്ല. ഇതു വീണ്ടും യുദ്ധത്തിലേക്കു നയിച്ചു. 1800ല്‍ വയനാടന്‍ മലനിരകളില്‍ കാടിന്റെ മറവില്‍ ഒളിച്ചിരുന്ന് പഴശ്ശിസൈന്യം വൈദേശിക ശക്തിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തു. ലോകം മുഴുവന്‍ കീഴടക്കിയ ബ്രിട്ടീഷ് സൈന്യം ഭാരതത്തിലെ കേവലമൊരു ചെറുരാജ്യത്തിന്റെ യുദ്ധതന്ത്രങ്ങള്‍ക്കു മുന്നില്‍ അടിയറവു പറഞ്ഞ നാളുകളായിരുന്നു അത്. അഞ്ചു വര്‍ഷത്തോളം പഴശ്ശിയുടെ സൈന്യം ബ്രിട്ടനെ മുള്‍മുനയില്‍ നിര്‍ത്തി. തുടര്‍ച്ചയായ ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ 1805 നവംബര്‍ 30നാണ് വയനാട്ടിലെ മാവിന്‍തോട്ടില്‍വച്ച് കേരളസിംഹമെന്നു പ്രശസ്തി നേടിയ പഴശ്ശിരാജ വീരമൃത്യു വരിക്കുന്നത്.

എന്നും അധിനിവേശത്തിനെതിരെ പോരാടിയ ധീരദേശാഭിമാനിയായിരുന്നു പഴശ്ശിരാജ. പഴശ്ശിയെ ഭരിക്കാനെത്തിയ മൈസൂര്‍പ്പടയോട് എതിരിട്ടുനിന്ന അതേ വീര്യത്തോടെയാണ് രണ്ടു ഘട്ടങ്ങളിലായി ബ്രിട്ടീഷ് സൈന്യത്തെയും അദ്ദേഹം നേരിട്ടത്. ഹിന്ദു, മുസ്ലീം വിഭാഗക്കാരായ പ്രജകളെ തന്റെ പിന്നില്‍ അണിനിരത്തുന്നതില്‍ വിജയിച്ച ഭരണകര്‍ത്താവായിരുന്നു അദ്ദേഹം. 21-ാം വയസ്സു മുതല്‍ മൈസൂരിനെതിരെ ഏതാണ്ട് പത്തു വര്‍ഷത്തോളം അദ്ദേഹം പൊരുതി. നാടിന്റെ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായി ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി സഹകരിക്കാന്‍ തയ്യാറായെങ്കിലും, മൈസൂര്‍ സൈന്യം പിന്‍വാങ്ങിയതോടെ വയനാട് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കമ്പനി ഉയര്‍ത്തിയ വാദം അംഗീകരിക്കാന്‍ പഴശ്ശിരാജ തയ്യാറായില്ല. വയനാട് നിലനിര്‍ത്തുന്നതിനായാണ് കമ്പനിയുമായി രണ്ടാമതു യുദ്ധത്തില്‍ ഏര്‍പ്പെട്ടതും വീരമൃത്യു വരിച്ചതും. ജീവന്‍ നഷ്ടമാകുമെന്ന ഘട്ടത്തിലും നാടിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും പഴശ്ശിരാജ തയ്യാറായില്ല. ഒളിപ്പോരിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകവഴി തോക്കുകള്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടന്റെ ആധുനിക യുദ്ധോപകരണങ്ങള്‍ക്കും യുദ്ധതന്ത്രങ്ങള്‍ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന മഹത്തായ സന്ദേശം സ്വാതന്ത്ര്യസമരരംഗത്തുള്ളവര്‍ക്കു പകര്‍ന്നു നല്‍കാന്‍ പഴശ്ശിരാജയ്ക്കു സാധിച്ചു.

കേരളസിംഹം ഉയര്‍ത്തിയ വെല്ലുവിളിയെ ബ്രിട്ടന്‍ അത്ര നിസ്സാരമായല്ല കണ്ടിരുന്നതെന്ന് വെളിപ്പെടുത്തുന്ന സംഭവങ്ങള്‍ ഏറെയുണ്ട്. കൊട്ടാരം വളഞ്ഞുവെങ്കിലും കമ്പനിപ്പട്ടാളത്തിന് കേരളവര്‍മയെ പിടികൂടാന്‍ സാധിച്ചില്ല. ഈ സമയത്താണ് സമീപത്തുള്ള ശിവപുരം മഹാക്ഷേത്രത്തിലെ കരിങ്കല്‍പ്രതിമകള്‍ സൈന്യം തകര്‍ത്തത്. ശ്രീകോവിലിനും കേടുപാടുകള്‍ വരുത്തിയിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ വളരെ അപൂര്‍വമായിരുന്ന പ്രതിമകളാണു തകര്‍പ്പെട്ടത്.

പഴശ്ശിയെ നേരിടുന്നതിനായി നേരത്തേ നെപ്പോളിയനെ പരാജയപ്പെടുത്താന്‍ പറഞ്ഞയച്ച ആര്‍തര്‍ വെല്ലസ്ലിയെ കേരളത്തിലേക്ക് അയച്ചു എന്നതില്‍നിന്ന് പഴശ്ശിയുടെ പ്രതിരോധത്തെ ബ്രിട്ടന്‍ എത്രത്തോളം ഭയന്നിരുന്നു എന്നു വ്യക്തമാകുന്നു. പഴശ്ശിയുടെ കാലശേഷം ബ്രിട്ടീഷുകാര്‍ തലശ്ശേരിയില്‍നിന്നു കുടകിലേക്കു നിര്‍മിച്ച റോഡിനായി പഴശ്ശികോവിലകം പൊളിച്ചുനീക്കിയത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ മനസ്സില്‍ പഴശ്ശിയോടുള്ള വെറുപ്പിനെ വെളിപ്പെടുത്തുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.