ശ്രേയയുടെ ദുരൂഹ മരണം സിബിഐ അന്വേഷണം; ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

Thursday 30 November 2017 2:45 am IST

ആലപ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ ലഹരി വിമുക്ത കേന്ദ്രത്തില്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശ്രേയ(12) ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. വിധി പറയുന്നതിനായി കേസ് മാറ്റി.

ആരോപണവിധേയരായവരെ ക്രൈംബ്രാഞ്ച് സംരക്ഷിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലന്‍ നായരാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റീസ് സുനില്‍ പി. തോമസാണ് വാദം കേട്ടത്. കൊലപാതക കുറ്റം ചുമത്തുന്നതിന് പകരം പ്രതികള്‍ക്കെതിരെ അശ്രദ്ധ കാണിച്ചുവെന്ന നിസ്സാര കുറ്റമാണ് ചുമത്തിയതെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

ക്രൈംബ്രാഞ്ച് എസ്പി ടി.എഫ്. സേവ്യര്‍ ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചത് സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയായ ഫാ. മാത്തുക്കുട്ടി, സിസ്റ്റര്‍ സ്‌നേഹ എന്നിവരുടെ അശ്രദ്ധ മൂലമാണെന്നാണ് പറയുന്നത്. ഇവിടെ രാത്രിയില്‍ വാച്ചറെ നിയമിച്ചിട്ടില്ലെന്നും, മതിയായ വെളിച്ചം ഇല്ലാതിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതികള്‍ ഇരുവരും ജാമ്യം എടുക്കുകയും ചെയ്തു.

എന്നാല്‍ മറ്റു കുട്ടികള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടി എങ്ങനെ കുളത്തിലെത്തി തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കും അന്വേഷണസംഘം മൗനം പാലിക്കുകയാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ക്രൈംബ്രാഞ്ച് നടപടി പ്രതികളെ സംരക്ഷിക്കുന്നതാണെന്നും പ്രതികള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും വേണുഗോപാലന്‍ നായര്‍ വാദിച്ചു. ഗൂഡാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

2010 ഒക്‌ടോബര്‍ 17നാണ് കളര്‍കോട് കൈതവന ഏഴരപറയില്‍ ബെന്നിയുടെയുടെയും സുജയുടെയും മകള്‍ ശ്രേയയെ ലഹരിവിമുക്ത കേന്ദ്രമായ കൈതവന അക്‌സപ്റ്റ് കൃപാഭവനിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈതവന പള്ളിയുടെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ശ്രേയ, യഹുദിയ-2010 എന്ന പേരില്‍ സംഘടിപ്പിച്ച വ്യക്തിത്വ വികസനക്ലാസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.