ഗുരുവായൂര്‍ ഏകാദശി ഇന്ന് ക്ഷേത്ര നട 53 മണിക്കൂര്‍ തുന്നിരിക്കും

Wednesday 29 November 2017 9:43 pm IST

ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. വൃശ്ചികമാസത്തിലെ വെളുത്ത പക്ഷഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി, ഉത്ഥാന ഏകാദശി എന്ന പേരിലും പ്രസിദ്ധമാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് ഗീത ഉപദേശിച്ചതും ഈ സുദിനത്തിലാണ്. ആദിശങ്കരാചാര്യര്‍ ഗുരുവായൂരില്‍ എത്തിയതും ഈ സുദിനത്തിലാണ്. വ്രതശുദ്ധിയോടെ ഏകാദശി നോറ്റ് ഭക്തര്‍ ഗുരു പവനപുരിയിലേക്ക് ഒഴുകി എത്തിത്തുടങ്ങി. കഴിഞ്ഞ ഒരു മാസമായി നടന്നു വന്നിരുന്ന വിളക്കാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനമാകും.ഗുരുവായൂര്‍ ദേവസ്വം വക ഉദയാസ്തമന പൂജയോടുകൂടിയുള്ള വിളക്കാഘോഷമാണ് ഇന്ന് നടക്കുക. ക്ഷേത്രത്തില്‍ കാഴ്ചശീവേലിക്ക് പെരുവനം കുട്ടന്‍മാരാരുടെ മേളം അകമ്പടിയാകും.രാവിലെ 10ന് വൈക്കം ചന്ദ്രന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ടാകും. രാത്രി വിളക്കെഴുന്നള്ളിപ്പിന് മേളം അകമ്പടിയാകും സന്ധ്യക്കു ‘പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് നാമ ജപ ഘോഷയാത്രയും പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് രഥമെഴുന്നള്ളിപ്പും ഉണ്ടാകും. ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജയോടു കൂടിയാണ് ആഘോഷിക്കുന്നത്.ഇന്നലെ ദശമി നാളില്‍ ദീപാരാധനക്കു ശേഷം നാലമ്പലത്തിനകത്ത് മണിക്കിണറിനു സമീപം ഗണപതി നിവേദ്യം ചെയ്ത് അരിയളക്കല്‍ ചടങ്ങുനടന്നു. ക്ഷേത്രത്തില്‍ രാത്രി വിളക്കെഴുന്നള്ളിപ്പ് തുടങ്ങിയാല്‍ ശ്രീകോവിലിന്റെ നട അടച്ചിരിക്കും എന്നാല്‍ ഏകാദശിയോടനുബന്ധിച്ച് വരുന്ന നവമി ദിവസം രാത്രി വിളക്ക് എഴുന്നള്ളിപ്പ് സമയം ശ്രീകോവിലിന്റെ തിരുനട തുറന്നിരിക്കും.
ദശമി ദിവസമായ ഇന്നലെ കാലത്ത് മൂന്നു മണിക്ക് തുറന്ന നട ദ്വാദശി പണ സമര്‍പ്പണം കഴിഞ്ഞ് രാവിലെ ഒമ്പത് മണിക്ക് മാത്രമേ അടക്കുകയുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.