മട്ടന്നൂര്‍: ശിവപുരം -വെമ്പടി റോഡ് തകര്‍ന്ന് യാത്ര ദുഷ്ക്കരം. മട്ടന്നൂര്‍ നഗരസഭയിലൂടേയും മാലൂര്‍ പഞ്ചായത്തിലൂടേയും കടന്നുപോകുന്ന റോഡാണ് തകര്‍ന്ന് കാല്‍നടയാത്രയ്ക്ക് പോലും യോഗ്യമല്ലാതായിത്തീര്‍ന്നത്. മാലൂര്‍ പഞ്ചായത്തില്‍പ്പെട്ട റോഡിന്റെ ഭാഗങ്ങള്‍ ഗതാഗത യോഗ്യമാണെങ്കിലും മട്ടന്നൂര്‍ നഗരസഭയില്പ്പെട്ടഭാഗമാണ് തകര്‍ന്ന് കിടക്കുന്നത്. ഉരുവച്ചാല്‍, മാലൂര്‍, തില്ലങ്കേരി, ശിവപുരം ഭാഗത്ത് നിന്ന് വെമ്പടി, പരിയാരം, കോളാരി, പാലോട്ടുപള്ളി, ചാവശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള റോഡാണിത്. ഏതാനും വര്‍ഷം മുമ്പ് റോഡ് ടാര്‍ ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ ടാറിന്റെ അംശം പോലും റോഡില്‍ കാണാനില്ല. ഓട്ടോയടക്കമുള്ള ടാക്സി വാഹനങ്ങള്‍ ഇതുവഴി സഞ്ചരിക്കാന്‍ മടിക്കുകയാണ്. അപൂര്‍വ്വമായി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കരിങ്കല്‍ ചീളുകള്‍ റോഡരികിലെ വീടുകളിലേക്ക് തെറിക്കുക പതിവാണ്. വഴിയാത്രക്കാരുടെ ദേഹത്ത് തെറിച്ച് പരിക്കേല്‍ക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. കരിങ്കല്‍ ചീളുകള്‍ റോഡില്‍ ഇളകി കിടക്കുന്നത് കാരണം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയാണ്. നിരവധി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ കടന്നുപോകുന്ന റോഡ് എത്രയും പെട്ടെന്ന് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും അല്ലെങ്കില്‍ പ്രക്ഷോഭ മാര്‍ഗ്ഗം സ്വീകരിക്കുമെന്നും നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: