കോട്ടയം: പാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു വന്ന എം.ജി സര്‍വ്വകലാശാല കായികമേളയില്‍ പുരുഷ വിഭാഗത്തില്‍ കോതമംഗലം മാര്‍ അത്തനാസിയോസ് കോളേജും, വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോണ്‍സ കോളേജും ചാമ്പ്യന്മാരായി.
165 പോയിന്റ് നേടിയാണ് കോതമംഗലം എംഎ കോളേജ് പുരുഷ വിഭാഗത്തില്‍ കിരീടം ചൂടിയത്. വനിതാ വിഭാഗത്തില്‍ ചാമ്പ്യന്‍ പദവി നേടിയ പാല അല്‍ഫോണ്‍സ കോളേജിന് 202 പോയിന്റ് ലഭിച്ചു. പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനം 103 പോയിന്റ് നേടിയ ചങ്ങനാശ്ശേരി എസ്.ബി കോളേജിനാണ്. പാലാ സെന്റ് തോമസിന് 51ഉം, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സിന് 50ഉം പോയിന്റുകള്‍ ലഭിച്ചു.
വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനം 183 പോയിന്റ് നേടിയ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിനാണ്. ഈ വിഭാഗത്തില്‍ കോതമംഗലം എം.എ കോളേജ് 81 പോയിന്റ് നേടി മൂന്നാം സ്ഥാനത്തെത്തി. പുരുഷ വിഭാഗത്തില്‍ 25 കോളേജുകളും വനിതാ വിഭാഗത്തില്‍ 9 കോളേജുകളുമാണ് കായികമേളയില്‍ പങ്കെടുത്തത്.
മികച്ച പുരുഷ കായികതാരമായി എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളേജിലെ ജിയോ ജോസും, മികച്ച വനിതാ കായിക താരമായി ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലെ വി.കെ. വിസ്മയയും തെരഞ്ഞെടുക്കപ്പെട്ടു.
ഏഴ് മീറ്റ് റെക്കോഡുകളും ഇന്നലെ പിറന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെറിന് ജോസഫ്, 3000 മീറ്റര്‍ സ്ട്രിപ്പിള് ചെയ്സില്‍ എയ്ഞ്ചല്‍ ജയിംസ്, ഹെപ്താത്തലോണില് മെറീന ജോര്‍ജ്ജ്, 4ഃ100 മീറ്റര്‍ റിലേ (എല്ലാവരും പാലാ അല്‍ഫോണ്‍സ കോളേജ്), 4 ഃ400 മീറ്റര്‍ റിലേയില്‍ ചങ്ങനാശ്ശേരി അസംപ്ഷനും, പുരുഷ വിഭാഗം 4ഃ100 മീറ്റര്‍ റിലേയില്‍ കോതമംഗലം എംഎ കോളേജും, 4ഃ400 മീറ്റര്‍ റിലേയില്‍ പാലാ സെന്റ്തോമസ് കോളേജുമാണ് പുതിയ റെക്കോഡുകള്‍ക്ക് ഉടമകളായത്.
വിജയികള്‍ക്ക് പാലാ നഗരസഭാദ്ധ്യക്ഷന്‍ കുര്യാക്കോസ് പടവന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡോ. വിനു ജോര്‍ജ്ജ് വര്‍ഗ്ഗീസ് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: